അറബി, അറബിയല്ലാത്തവന്, പണ്ഡിതന്, പാമരന് എന്നിങ്ങനെയുള്ള വ്യത്യാസമില്ലാതെ എല്ലാവര്ക്കും മാര്‍ഗദര്‍ശനം നല്കുന്ന ഗ്രന്ഥമാണ് ക്വുര്‍ആന്‍. ആകയാല്‍, അല്ലാഹുവിന്റെ ഗുണങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള പ്രസ്താവനകളിലും സാധാരണ എല്ലാവര്ക്കും ഗ്രഹിക്കാവുന്ന വാക്കുകളും, പ്രയോഗങ്ങളുമാണ് ക്വുര്‍ആന്‍ സ്വീകരിച്ചിട്ടുള്ളത്. വാസ്തവത്തില്‍ അല്ലാഹുവിന്റെ തിരുനാമങ്ങളെയും, മഹല്‍ഗുണങ്ങളെയും പൂര്‍ണമായി ദ്യോതിപ്പിക്കുന്ന പദങ്ങള്‍ മനുഷ്യഭാഷയിലില്ല. മനുഷ്യബുദ്ധി എത്ര പുരോഗമിച്ചതായാലും അവയുടെ യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി സൂക്ഷ്മമായി മനസ്സിലാക്കുവാന്‍ മനുഷ്യന് സാധ്യവുമല്ല. അതുകൊണ്ട്, മനുഷ്യര്‍ക്ക് സുപരിചിതവും, സുഗ്രാഹ്യവുമായ വാക്കുകളില്‍, അവ വര്ണിച്ചിരിക്കുകയാണ് ക്വുര്‍ആന്‍.
അങ്ങിനെയുള്ള വാക്കുകള്‍ ഉപയോഗിച്ചു കാണുന്നതിനെ ആസ്പദമാക്കി അല്ലാഹുവിന്റെ ഗുണഗണങ്ങളെയോ പരിശുദ്ധ സത്തയെയോ മറ്റൊന്നിനോട് വല്ല വിധേനയും സാമ്യപ്പെടുത്തുവാനും, താരതമ്യപ്പെടുത്തുവാനും പാടില്ലാത്തതാകുന്നു. ഈ അപകടം പിണയാതിരിക്കുന്നതിനായി വ്യക്തമായ ഒരു അടിസ്ഥാനം വിശുദ്ധ ക്വുര്‍ആനിലൂടെ അല്ലാഹു നമുക്ക് വെച്ച് തന്നിട്ടുമുണ്ട്. 'അവനെപ്പോലെ ഒരു വസ്തുവും ഇല്ല തന്നെ. അവന് സര്‍വ്വവും കേള്‍ക്കുന്നവനും കാണുന്നവനുമത്രെ' (42:11) എന്നും, 'ദൃഷ്ടികള്‍ അവനെ കണ്ടുപിടിക്കുകയില്ല, അവന് ദൃഷ്ടികളെ കണ്ടു പിടിക്കുന്നു' (6:103) എന്നും ഉള്ളതാകുന്നു അത്. ഈ അടിസ്ഥാന പരിധിവിട്ടു കൊണ്ട് ഈ തുറകളില്‍ സ്വീകരിക്കപ്പെടുന്ന എല്ലാ വ്യാഖ്യാനങ്ങളും അനിസ്ലാമികവും അബദ്ധവുമാകുന്നു.
അപ്പോള്‍, അല്ലാഹുവിനെ കുറിച്ച്, 'ഉന്നതന്, വലിയവന്‍, കേള്ക്കുന്നവന്, കാണു ന്നവന്‍, അറിയുന്നവന്' എന്നൊക്കെ പറഞ്ഞു കാണുമ്പോള്‍, ആ ഗുണങ്ങള്‍ അവയുടെ ഏറ്റവും പരിപൂര്‍ണവും പരിശുദ്ധവുമായ അര്‍ത്ഥത്തില്‍ അവനില്‍ ഉണ്ട് എന്നല്ലാതെ, സൃഷ്ടികളുടെ ഗുണങ്ങളുമായി അവയെ താരതമ്യപ്പെടുത്തുവാനോ, അവയെപ്പറ്റി വല്ല പ്രത്യേക അനുമാനവും നടത്തി രൂപപ്പെടുത്തുവാനോ നിവൃത്തിയില്ല. അല്ലാഹുവിന്റെ നാമങ്ങളായോ ഗുണവിശേഷണങ്ങളായോ അവനും അവന്റെ റസൂലും എന്തെല്ലാം പ്രസ്താവിച്ചിട്ടുണ്ടോ അതിനപ്പുറം കടന്നു പറയുവാനും, അതില്‍ ഏറ്റക്കുറവ് വരുത്തുമാറുള്ള വാക്കുകള്‍ പ്രയോഗിക്കുവാനും നമുക്ക് പാടുള്ളതല്ല. കൂടുതല്‍ വിശകലനം നടത്തുന്നത് മിക്കപ്പോഴും അബദ്ധത്തിലേക്ക് നയിക്കുന്നതായിരിക്കും. ഇസ്ലാമിന്റെ ഋജുവായ പാതയില്‍ നിന്ന് പിഴച്ചുപോകുവാന്‍ ഇടവന്ന മിക്ക കക്ഷികളും, അല്ലാഹുവിന്റെ നാമങ്ങളുടെയും, ഗുണങ്ങളുടെയും വ്യാഖ്യാനത്തില്‍ നിന്നാണ് പിഴച്ചുപോയിട്ടുള്ളതെന്നും, പോയിക്കൊണ്ടിരിക്കുന്നതെന്നുമുള്ള വസ്തുത ഇവിടെ പ്രത്യേകം പ്രസ്താവ്യമാകുന്നു.
അല്ലാഹുവിന്റെ അനുഗ്രഹങ്ങളും ദൃഷ്ടാന്തങ്ങളും വിവരിക്കുമ്പോള്‍ സാധാരണക്കാര്‍ക്കുപോലും പരിചിതങ്ങളായ കാര്യങ്ങളെയാണ് ക്വുര്‍ആന്‍ എടുത്തു പറയുക പതിവ്. വലിയ ബുദ്ധിമാന്മാര്ക്കുമാത്രം ഗ്രഹിക്കാവുന്നതോ, വളരെ ചിന്തിച്ചാല്‍ മാത്രം മനസ്സിലാകുന്നതോ ആയ ഉദാഹരണങ്ങള്‍ ക്വുര്‍ആനില്‍ ഉണ്ടാകാറില്ല. അതേസമയത്ത് ബുദ്ധിയും, ചിന്തയും ഉള്ളവര്‍ക്ക് -മറ്റുള്ളവരാല്‍ കണ്ടു പിടിക്കാന്‍ കഴിയാത്ത- പല യുക്തി രഹസ്യങ്ങളും അതില്‍ അടങ്ങിയിരിക്കുന്നതായി കാണാവുന്നതുമായിരിക്കും. ആകാശഭൂമികളെയും, മനുഷ്യന് തുടങ്ങിയ വസ്തു ക്കളെയും സൃഷ്ടിച്ചത്, മഴ വര്‍ഷിപ്പിക്കുന്നത്, ഉറവുപൊട്ടുന്നത്, സസ്യലതാദികള്‍ മുളച്ചുവരുന്നത്, ഭൂമിയില്‍ ഉപജീവന മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഗതാഗതസൗകര്യങ്ങള്‍ ഉണ്ടാക്കിയത്, രാവും പകലും വ്യത്യാസപ്പെടുത്തിയത്, സൂര്യചന്ദ്ര നക്ഷത്രാദികളെ മനുഷ്യന് ഉപയോഗപ്പെടുത്തിയത്, വെള്ളം, ഭക്ഷണം, കാറ്റ് മുതലായവയെ സൗകര്യപ്പെടുത്തിയത്. കേള്‍വിയും കാഴ്ചയും നല്‍കിയത് ഉറക്കവും ഉണര്‍ച്ചയും ഏര്‍പ്പെടുത്തിയത്. കന്നുകാലികളെ കീഴ്പ്പെടുത്തിയത് ഇങ്ങിനെ പലതുമാണ് ഈ ഇനത്തില്‍ ക്വുര്‍ആന്‍ സാധാരണ എടുത്തുദ്ധരിക്കാറുള്ളത്. വിദ്യുച്ഛക്തിയുടെ ഉപയോഗം, പരമാണുവിന്റെ രഹസ്യം, ചന്ദ്രഗോളത്തിലെ സ്ഥിതിഗതികള്‍, ശൂന്യാകാശത്തിലെ പ്രകൃതി വിശേഷങ്ങള്‍ ആദിയായി ഗഹനങ്ങളായ കാര്യങ്ങളാണ് അത് ദൃഷ്ടാന്തമായി ഉദ്ധരിച്ചിരുന്നതെങ്കില്‍, ക്വുര്‍ആന്‍ സകല ജനങ്ങള്‍ക്കും ഉപയോഗപ്പെടുന്നതിനു പകരം, ഏതോ ചില വ്യക്തികള്‍ക്ക് മാത്രം ഉപകാരപ്പെടുന്ന കടങ്കഥയായി അവശേഷിക്കുമായിരുന്നു. ഓരോ ഉദാഹരണവും എടുത്തു പറയുമ്പോള്‍, അതിലടങ്ങിയിരിക്കുന്ന ചിന്താപാഠങ്ങളെപ്പറ്റി പ്രത്യേകം ചൂണ്ടിക്കാട്ടലും ക്വുര്‍ആന്റെ പതിവാണ്. സാധാരണക്കാര്‍ക്ക് മനസ്സിലാകാത്തതും, മുന്‍കാലത്തുള്ളവരുടെ അറിവ് എത്തിച്ചേര്‍ന്നിട്ടില്ലാത്തതുമായ എത്രയോ വസ്തുക്കളും, വസ്തുതകളും നിലവിലുണ്ടെന്ന്- അല്ല, മനുഷ്യന്റെ ഊഹത്തിനും കഴിവിനും അപ്പുറത്തുള്ള എണ്ണമറ്റ യാഥാര്‍ത്ഥ്യങ്ങള്‍ ഇരിപ്പുണ്ടെന്ന്-ഇടക്കിടെ അത് ഉണര്‍ത്തുകയും ചെയ്യാറുണ്ട്. 'നിങ്ങള്‍ക്കു അറിഞ്ഞുകൂടാത്തത് അവന് സൃഷ്ടിക്കും'(16:8). 'അല്ലാഹുവിന് അറിയാം, നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ' (2: 216,232). 'നിശ്ചയമായും അതൊക്കെ അല്ലാഹുവിന് നിസ്സാരമാണ്' എന്നിങ്ങനെ 'എട്ടും പൊട്ടും തിരിയാത്ത' പാമരനോടും, ഉപരിഗോളങ്ങളെക്കൂടി കീഴടക്കി ഭരിക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന ശാസ്ത്ര നിപുണന്മാരോടും അത് താക്കീതു ചെയ്തു: 'നിങ്ങള്‍ക്ക് അറിവില്‍ നിന്നും അല്പമല്ലാതെ നല്കപ്പെട്ടിട്ടില്ല' (17:85) എന്ന്. വാസ്തവത്തില്‍ പ്രകൃതിരഹസ്യങ്ങള്‍ കണ്ടുപിടിക്കുന്തോറും മനുഷ്യന്റെ അജ്ഞതയുടെ വൃത്തം വിസ്തൃതമാകുകയാണ് ചെയ്യുന്നത്.