ക്വുര്‍ആന്‍റെ അമാനുഷികത

അല്ലാഹു അവന്‍റെ പ്രവാചകന് അവതരിപ്പിച്ചുകൊടുത്ത വേദഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍. ജിബ്‌രീല്‍ (അ) എന്ന മലക്ക് മുഖേന അവന്‍ അത് അവതരിപ്പിച്ചു. ദൗത്യം എത്തിച്ചുകൊടുക്കുക എന്നല്ലാതെ ജിബ്‌രീലിന് -മറ്റാര്‍ക്കും തന്നെ- അതില്‍ യാതൊരു പങ്കുമില്ല. ക്വുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്നുള്ളതിന് അധികതെളിവുകളൊന്നും ആരായേണ്ടതില്ല. അതില്‍ തന്നെ അടങ്ങിയിട്ടുള്ള രണ്ടു മൂന്നു സൂക്തങ്ങള്‍ -ആയത്തുകള്‍- മതിയാകും. മനുഷ്യരും ജിന്നുകളും എല്ലാം കൂടിച്ചേര്‍ന്നാലും-അവര്‍ പരസ്പര സഹായ സഹകരണങ്ങള്‍ ചെയ്താലും - അതുപോലെയുള്ള ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ സാധ്യമല്ല എന്ന് (ബനൂഇസ്‌റാഈല്‍: 88 ല്‍) ക്വുര്‍ആന്‍ ഖണ്ഡിതമായി പ്രസ്താവിച്ചിരിക്കുന്നു. അറബി സാഹിത്യത്തിന്‍റെ പരമകാഷ്ഠ പ്രാപിച്ചിരുന്ന -സാഹിത്യ കേസരികളാല്‍ നിബിഡമായിരുന്ന-ക്വുറൈശികള്‍ക്കാകട്ടെ, മറ്റേതെങ്കിലും വിദഗ്ധന്മാര്‍ക്കാകട്ടെ -ഒറ്റയായോ കൂട്ടായോ- ഈ പ്രഖ്യാപനത്തെ എതിരിടുവാന്‍ കഴിഞ്ഞില്ല. മുഴുവനുമില്ലെങ്കില്‍, അതിലെ അധ്യായങ്ങളെ -സൂറത്തുകളെ- പ്പോലെ ഒരു പത്ത് അധ്യായമെങ്കിലും കൊണ്ടുവരട്ടെ, ഇല്ലാത്ത പക്ഷം, അത് ദൈവികഗ്രന്ഥമാണെന്നു അവര്‍ മനസ്സിലാക്കിക്കൊള്ളട്ടെ എന്നും അല്ലാഹു അവര്‍ക്ക് ആഹ്വാനം നല്‍കി (സൂറഃ ഹൂദ് 13). ഈ ആഹ്വാനവും നേരിടുവാന്‍ ആളുകളുണ്ടായില്ല. ക്വുര്‍ആന്‍, വീണ്ടും ഒരധ്യായമെങ്കിലും സൃഷ്ടിക്കാന്‍ അവരെ വെല്ലുവിളിച്ചു: 'നിങ്ങള്‍ക്ക് ഈ ക്വുര്‍ആനെപ്പറ്റി വല്ല സംശയവുമുണ്ടെങ്കില്‍, ഇതിലെ അധ്യായം പോലെ ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരുവീന്‍, അല്ലാഹു അല്ലാതെയുള്ള നിങ്ങളുടെ സഹായകന്മാരെ മുഴുവനും അതിനായി ക്ഷണിച്ചുകൊള്ളുകയും ചെയ്യുവീന്‍', ഒരിക്കലും നിങ്ങള്‍ക്കു സാധ്യമല്ലെന്ന് അസന്ദിഗ്ധമായ ഭാഷയില്‍ അതോടൊപ്പം തന്നെ അത് ഉറപ്പിച്ചു പറയുകയും ചെയ്തു. (അല്‍ബക്വറഃ : 22,23) 

ഈ വചനങ്ങളെല്ലാം അന്നുതൊട്ട് ഇന്നോളം -1400 ല്‍ പരം കൊല്ലങ്ങളോളമായി- ക്വുര്‍ആനില്‍ ആവര്‍ത്തിച്ചു വായിക്കപ്പെടുന്നു. ഏതൊരു കെങ്കേമനും ഈ ആഹ്വാനത്തെ നേരിട്ടു ജയഭേരി അടിക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എനി കഴിയുന്നതുമല്ല. ഒരു സൂചിമുനയോളമെങ്കിലും വിടവുകണ്ടാല്‍ അത് ഉപയോഗപ്പെടുത്തുവാന്‍ വെമ്പല്‍ കൊള്ളുന്ന അന്നത്തെ ശത്രുക്കളാകട്ടെ, കഴിവിലും സാമര്‍ത്ഥ്യത്തിലും അവരെ കവച്ചുവെക്കുന്ന മറ്റേതെങ്കിലും ജനതയാകട്ടെ, അങ്ങനെ ഒരു സംരംഭത്തിന് മുന്നോട്ടുവരുവാന്‍ ധൈര്യപ്പെട്ടതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. അക്ഷരജ്ഞാനത്തിന്‍റെ പ്രാഥമിക പാഠങ്ങള്‍പോലും ലഭിച്ചിട്ടില്ലാത്ത ഒരു മനുഷ്യന്‍- മുഹമ്മദ് മുസ്വ്ത്വഫാ (സ.അ)  തിരുമേനി നാല്‍പതു വര്‍ഷത്തോളം, അതേ നിലയില്‍ സ്വജനങ്ങള്‍ക്കിടയില്‍ കഴിഞ്ഞുകൂടിയ ശേഷം, പെട്ടെന്നൊരുദിവസം മുതല്‍ ഇത്തരത്തിലുള്ള ഒരു ഗ്രന്ഥം ഓതികേള്‍പ്പിക്കുവാന്‍ തുടങ്ങിയിരിക്കയാണ് എന്നറിയുന്ന ഏതൊരാള്‍ക്കും, വിശുദ്ധ ക്വുര്‍ആന്‍ ഒരു ദിവ്യഗ്രന്ഥമാണെന്നു മനസ്സിലാക്കുവാന്‍ വേറെ ലക്ഷ്യം അന്വേഷിക്കേണ്ടതില്ല. 

അതിനു സമാനമായ ഒരു ഗ്രന്ഥമോ, അധ്യായമോ കൊണ്ടുവരാന്‍ സൃഷ്ടികള്‍ക്ക് സാദ്ധ്യമല്ലെന്നു പറയുന്നത് അതിന്‍റെ ഏത് വശത്തെ ആസ്പദമാക്കിയാണ്? അഥവാ ക്വുര്‍ആനിന്‍റെ അമാനുഷികത നിലകൊള്ളുന്നത് ഏത് വശത്തിലൂടെയാണ്? ഈ ചോദ്യത്തിന് വ്യക്തവും ക്ലിപ്തവുമായ മറുപടി പറയുക സാദ്ധ്യമല്ല. താഴെ കാണുന്നതുപോലെയുള്ള പല വസ്തുതകളാണ് അതിന് കാരണമായി നിലകൊള്ളുന്നതെന്ന് സാമാന്യമായി പറയാം: 

1) നിത്യനൂതനവും അനുപമവുമായ വാചകശൈലിയും, ഘടനാരൂപവും. 

2) പ്രത്യേക തരത്തിലുള്ള പ്രതിപാദന രീതി. 

3) അക്ഷരജ്ഞാനമോ, വേദഗ്രന്ഥപരിചയമോ ഇല്ലാത്ത ഒരാള്‍, മുന്‍കാല ചരിത്രസംഭവങ്ങളും, മുന്‍വേദഗ്രന്ഥങ്ങളുടെ സത്യതയെ സ്ഥാപിക്കുന്ന തത്വസിദ്ധാന്തങ്ങളും ഓതിക്കേള്‍പ്പിക്കുന്നത്. 

4) ഭാവികാര്യങ്ങളെ സംബന്ധിച്ച പ്രവചനങ്ങളും, അവ ശരിയായി പുലര്‍ന്നു വരുന്നതും. 

5) സാഹിത്യ രംഗത്തും, അലങ്കാര രംഗത്തുമുള്ള അത്യുന്നത നിലപാട്. അറബി സാഹിത്യശാസ്ത്രം, അലങ്കാര ശാസ്ത്രം മുതലായവ ഉടലെടുത്തത് തന്നെ ക്വുര്‍ആനെ ആധാരമാക്കിയാണ്. 

6) വളരെ ചുരുങ്ങിയ വാക്കുകളില്‍ വിപുല വിശാലമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. 

7) അദൃശ്യകാര്യങ്ങളെ കുറിച്ചുള്ള പ്രസ്താവനകള്‍. 

8) സരളവും, ഹൃദ്യവുമായ വാചക ഘടന. 

9) വായിക്കുവാനും, കേള്‍ക്കുവാനും, കൗതുകം തോന്നിക്കുന്ന വശ്യശക്തി. 

10) ഇടകലര്‍ന്നുകൊണ്ടുള്ള വിവിധ വൈജ്ഞാനിക വിഷയക്രമങ്ങള്‍ എന്നിങ്ങനെ പലതും കൂടിയാണിതിന് കാരണമെന്ന് മൊത്തത്തില്‍ പറയാം. 

ഒരു കാര്യം ഇവിടെ ഓര്‍ക്കേതുണ്ട്; അറബി ഭാഷ അറിയാത്തവന് ക്വുര്‍ആന്‍റെ ശബ്ദരസം ആസ്വദിക്കുവാനല്ലാതെ, മറ്റൊന്നിനും കഴിയുകയില്ലെന്ന് സ്പഷ്ടമാണ്. എന്നാല്‍ അറബി ഭാഷ അത്യാവശ്യം അറിഞ്ഞത്‌ കൊണ്ടും, ആധുനിക അറബി സാഹിത്യത്തില്‍ കുറച്ചൊക്കെ പരിചയം ലഭിച്ചതുകൊണ്ടും ക്വുര്‍ആന്‍റെ സാഹിത്യ വൈഭവം മനസ്സിലാക്കുവാന്‍ സാധിക്കുമെന്ന് കരുതുന്നത് ശരിയല്ല. ക്വുര്‍ആന്‍റെ സാഹിത്യവൈഭവമെന്ന് മാത്രമല്ല, അതിന്‍റെ സിദ്ധാന്തങ്ങള്‍ പോലും വേണ്ടത്‌ പോലെ ഗ്രഹിക്കുവാന്‍ അതുകൊണ്ട് മതിയാവുകയില്ല. ക്വുര്‍ആന്‍ അവതരിച്ച കാലത്തെ ഭാഷാ പ്രയോഗങ്ങളും, സാഹിത്യ പ്രയോഗങ്ങളും എത്രകണ്ട് പരിചയപ്പെടുന്നുവോ അതനുസരിച്ചായിരിക്കും ക്വുര്‍ആന്‍റെ സവിശേഷമഹത്വങ്ങള്‍ മനസ്സിലാവുക. നബി  (സ.അ) യുടെ കാലത്തുള്ളവര്‍ക്ക് മനസ്സിലാക്കുവാന്‍ സാധിച്ചിരുന്നത്ര പില്‍കാല ത്തുള്ളവര്‍ക്ക് ക്വുര്‍ആന്‍റെ രഹസ്യങ്ങള്‍ കണ്ടെത്തുവാന്‍ സാധ്യമല്ലതന്നെ. പക്ഷേ, ചിലവ്യക്തികള്‍ക്ക് ചില സന്ദര്‍ഭങ്ങളില്‍, മുന്‍കാലക്കാരായ പലരെക്കാളും കവിഞ്ഞ നിലക്കുള്ള വല്ല കഴിവും അല്ലാഹു നല്‍കിക്കൂടാ എന്നില്ല. ക്വുര്‍ആന്‍റെ കടുത്ത ശത്രുക്കളായിരുന്ന ചിലര്‍ പോലും, അതിന്‍റെ വചനങ്ങള്‍ കേട്ടമാത്രയില്‍ ഞെട്ടിപ്പോകുകയും, പെട്ടെന്ന് മാനസാന്തരപ്പെടുകയും ചെയ്ത പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മഹാധീരനായ ഉമര്‍ (റ) ഇസ്‌ലാം വിശ്വസിക്കുവാന്‍ കാരണമായത് അദ്ദേഹം ക്വുര്‍ആന്‍ കേട്ടതായിരുന്നുവല്ലോ. നബി (സ.അ) യുടെ കഠിന ശത്രുവായിരുന്ന ഉത്ബത്ത് ക്വുറൈശികളുടെ പ്രാതിനിധ്യം വഹിച്ചുകൊണ്ട് -വല്ലവിധേനയും തിരുമേനിയെ വശീകരിക്കുകയോ, തര്‍ക്കിച്ചു ജയിക്കുകയോ ചെയ്യാമെന്ന വിചാരത്തോടെ- തിരുമേനിയെ സമീപിക്കുകയുണ്ടായി. ഉത്ബഃയുടെ വാക്കുകള്‍ കേട്ട ശേഷം, തിരുമേനി സൂറഃ ഹാമീം സജദഃയിലെ ആദ്യവചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചു. അതുകേട്ടു വശ്യനായ ഉത്ബത്ത് മടങ്ങിവന്ന് തന്‍റെ ആള്‍ക്കാരോട് പറഞ്ഞത് ഇപ്രകാരമായിരുന്നു: 'ഞാന്‍ മുഹമ്മദിന്‍റെ പക്കല്‍ നിന്ന് കേട്ട ആ വാക്യങ്ങള്‍ കവിതയല്ല, ജോല്‍സ്യവുമല്ല, ജാലവുമല്ല. നിശ്ചയമായും, അതിന് എന്തോ മഹത്തായ ഒരു ഭാവിയുണ്ട്....' ഇങ്ങനെയുള്ള വേറെയും സംഭവങ്ങള്‍ ചരിത്രത്തില്‍ കാണാം. 

Our Location

Mujahid Centre
5th Floor, CD Tower
Calicut-4
Telephone: (0495) 2722801
Email: contact@malayalamqurantafsir.com