'അഊദു' ചൊല്ലല്‍ ( الا ستعاذة )

اعوذ بالله من الشيطان الرجيم (അഊദു-ബില്ലാഹി-മിനശ്ശൈത്വാനിര്‍റജീം) എന്നുള്ള പ്രാര്‍ത്ഥനക്കാണ് സാധാരണ 'അഊദു' ചൊല്ലല്‍ എന്നു പറഞ്ഞുവരുന്നത്. ആട്ടപ്പെട്ട-അഥവാ ശപിക്കപ്പെട്ട-പിശാചില്‍നിന്ന് ഞാന്‍ അല്ലാഹുവിനോട് ശരണം തേടുന്നു എന്നാണിതിന്‍റെ അര്‍ത്ഥം. മനുഷ്യന്‍റെ ആജീവനാന്ത ശത്രുവും, അവന്‍റെ നന്മയില്‍ ഏറ്റവും കടുത്ത അസൂയാലുവുമത്രെ പിശാച്. പിശാചില്‍നിന്നുണ്ടാകാവുന്ന എല്ലാവിധ ഉപദ്രവങ്ങളില്‍ നിന്നും അല്ലാഹുവിനോട് രക്ഷ തേടലാണ് ഈ പ്രാര്‍ത്ഥനയുടെ ഉദ്ദേശ്യം. മനുഷ്യന് മനുഷ്യവര്‍ഗത്തില്‍തന്നെ പലതരം ശത്രുക്കളുണ്ട്. ആ ശത്രുക്കളില്‍നിന്നുള്ള രക്ഷക്കുവേണ്ടിയും നാം അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കേിയിരിക്കുന്നു. എന്നാല്‍, മനുഷ്യശത്രുക്കളില്‍നിന്ന് നേരിടുന്ന ഉപദ്രവങ്ങളും അതിനുള്ള നിവാരണങ്ങളും കുറേയെല്ലാം നമുക്ക് ഊഹിക്കാവുന്നതും മനസ്സിലാക്കാവുന്നതുമാകുന്നു. പിശാചാണെങ്കില്‍ നമുക്ക് കാണുവാന്‍ കഴിയാത്ത ഒരു അദൃശ്യ ജീവി.(*) അവന്‍റെ ചെയ്തികളും ഉപദ്രവങ്ങളും നമ്മുടെ ബാഹ്യേന്ദ്രിയങ്ങള്‍ കൊണ്ട് കണ്ടെത്തുവാനോ, ബുദ്ധികൊണ്ട് തിട്ടപ്പെടുത്തുവാനോ സാധ്യമല്ലാത്തവണ്ണം ഗോപ്യമായിരിക്കും. തന്നാല്‍ കഴിയുന്ന എല്ലാ അടവുകളും മനുഷ്യരെ വഴിപിഴപ്പിക്കുവാന്‍ താന്‍ ഉപയോഗപ്പെടുത്തുമെന്ന് അല്ലാഹുവിന്‍റെ മുമ്പാകെ പ്രതിജ്ഞയെടുത്തവനത്രെ പിശാച്. ഈ വസ്തുത അല്ലാഹു ക്വുര്‍ആന്‍ മുഖേന നമ്മെ ആവര്‍ത്തിച്ചറിയിച്ചിട്ടുള്ളതുമാകുന്നു. (അഅ്‌റാഫ് 16,17, ഹിജ്ര്‍ 39, അല്‍കഹ്ഫ് 50, ഫാത്വിര്‍ 6, സ്വാദ് 82 മുതലായ സ്ഥലങ്ങളില്‍ നോക്കുക) ചുരുക്കത്തില്‍ പിശാചില്‍നിന്നുള്ള രക്ഷ അല്ലാഹുവില്‍ നിന്ന് തന്നെ നമുക്ക് ലഭിക്കേണ്ടിയിരിക്കുന്നു. മനുഷ്യരും പിശാചുക്കളുമാകുന്ന രണ്ടു തരം ശത്രുക്കളുടെയും ഉപദ്രവങ്ങളില്‍ നിന്നുള്ള രക്ഷാമാര്‍ഗങ്ങളെ സംബന്ധിച്ച് ഒന്നിച്ച് ഉപദേശം നല്‍കുന്ന ക്വുര്‍ആന്‍ വചനങ്ങള്‍ പരിശോധിച്ചാല്‍ മേല്‍പറഞ്ഞ പരമാര്‍ത്ഥം-പിശാചിന്‍റെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷപ്പെടുവാനുള്ള ഏകമാര്‍ഗം അല്ലാഹുവിനോട് രക്ഷതേടലാണെന്ന വസ്തുത മനസ്സിലാക്കാവുന്നതാണ്. ഇമാം ഇബ്‌നു കഥീര്‍ (റ) ചൂണ്ടിക്കാട്ടിയത് പോലെ, രണ്ടു ശത്രുക്കളില്‍ നിന്നുമുള്ള രക്ഷാ മാര്‍ഗങ്ങളെപ്പറ്റി ഒന്നിച്ച് വിവരിക്കുന്ന മൂന്ന് സ്ഥലങ്ങളാണ് ക്വുര്‍ആനിലുള്ളത്. ഇതാണവ:-

۱) خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ  ﴿١٩٩﴾  وَإِمَّا يَنزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّهِ  ۚ إِنَّهُ سَمِيعٌ عَلِيمٌ - الأ عراف  
۲ادْفَعْ بِالَّتِي هِيَ أَحْسَنُ السَّيِّئَةَ  ۚ نَحْنُ أَعْلَمُ بِمَا يَصِفُونَ﴿٩٦﴾ وَقُل رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ﴿٩٧﴾ وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ - المؤمنون  
۳ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ ﴿٣٤﴾ وَمَا يُلَقَّاهَا إِلَّا الَّذِينَ صَبَرُوا وَمَا يُلَقَّاهَا إِلَّا ذُو حَظٍّ عَظِيمٍ ﴿٣٥﴾ وَإِمَّا يَنزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّهِ  إِنَّهُ هُوَ السَّمِيعُ الْعَلِيمُ ﴿٣٦﴾  حم السجدة ۖ 

സാരം:

 1) നീ മാപ്പ് സ്വീകരിക്കുകയും, സദാചാരം-അഥവാ സല്‍ക്കാര്യം-കൊണ്ട് കല്പിക്കുകയും, വിവരമില്ലാത്ത മൂഢന്മാരില്‍നിന്ന് തിരിഞ്ഞു കളയുകയും ചെയ്യുക. പിശാചില്‍ നിന്ന് വല്ല ദുഷ്‌പ്രേരണയും വല്ലപ്പോഴും നിന്നെ ഇളക്കിവിടുന്ന പക്ഷം, നീ അല്ലാഹുവിനോട് ശരണം തേടുക. നിശ്ചയമായും, അവന്‍ കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. (അഅ്‌റാഫ് 199-200)

2) കൂടുതല്‍ നന്നായുള്ളത് ഏതാണോ അത് വഴി നീ തിന്മയെ തടുത്തുകൊള്ളുക. അവര്‍ വര്‍ണിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി നാം ഏറ്റവും അറിയുന്നവനാകുന്നു. 'എന്‍റെ റബ്ബേ, പിശാചുക്കളുടെ ദുര്‍മന്ത്രങ്ങളില്‍നിന്ന് ഞാന്‍ നിന്നില്‍ ശരണം തേടുന്നു'വെന്നും, 'അവര്‍ എന്‍റെ അടുക്കല്‍ സന്നിഹിതരാവുന്നതിനെ കുറിച്ചും ഞാന്‍ നിന്നില്‍ ശരണം തേടുന്നുവെന്നും' നീ പറയുകയും ചെയ്യുക. (മുഅ്മിനൂന്‍ 96-98)

3) കൂടുതല്‍ നന്നായുള്ളത് കൊണ്ട് നീ (തിന്മയെ) തടുത്തുകൊള്ളുക. അങ്ങനെ ചെയ്താല്‍ യാതൊരുവനും നിനക്കുമിടയില്‍ ശത്രുതയുണ്ടോ അവന്‍ ഒരു ഉറ്റബന്ധുവെന്നപോലെ ആയിത്തീരും. ക്ഷമിക്കുന്നവര്‍ക്കല്ലാതെ ഇക്കാര്യം എത്തപ്പെടുകയില്ല; വമ്പിച്ച ഭാഗ്യമുള്ളവര്‍ക്കുമല്ലാതെ ഇക്കാര്യം എത്തപ്പെടുകയില്ല. വല്ലപ്പോഴും പിശാചില്‍ നിന്ന് വല്ല ദുഷ്‌പ്രേരണയും നിന്നെ ഇളക്കിവിടുന്ന പക്ഷം, നീ അല്ലാഹുവില്‍ ശരണം തേടിക്കൊള്ളുക. നിശ്ചയമായും, അവനത്രെ കേള്‍ക്കുന്നവനും അറിയുന്നവനും (ഹാമീം സജദഃ 34-36) 

ശത്രു മനുഷ്യവര്‍ഗത്തില്‍പെട്ടവനാണെങ്കില്‍ മയം, നയം, വിട്ടുവീഴ്ച, ഉപകാരം മുതലായവവഴി അവനെ സൗമ്യപ്പെടുത്തുകയും, അവനുമായുള്ള ബന്ധം നന്നാക്കിത്തീര്‍ക്കുകയും ചെയ്യാം. ശത്രു പിശാചായിരിക്കുമ്പോള്‍, അവന്‍ അദൃശ്യജീവി ആയതുകൊണ്ട് അവനോട് നയത്തിനോ, മയത്തിനോ മറ്റോ മാര്‍ഗമില്ല. അവനില്‍ നിന്ന് രക്ഷപ്പെടുവാന്‍ അല്ലാഹുവില്‍ ശരണം തേടുകയേ നിവൃത്തിയുള്ളൂ എന്ന വസ്തുത ഈ വചനങ്ങളില്‍ നിന്ന് വ്യക്തമാണ്. പിശാചിനെക്കുറിച്ച് നാം സദാ ബോധവാന്മാരായിരിക്കേതുണ്ട. അല്ലാഹു പറയുന്നു: 6 إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا  ۚ إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ - فاطر  (നിശ്ചയമായും, പിശാച് നിങ്ങള്‍ക്ക് ശത്രുവാകുന്നു അതിനാല്‍, നിങ്ങളവനെ ശത്രുവാക്കി വെക്കുവിന്‍. അവന്‍ തന്‍റെ കക്ഷിയെ ക്ഷണിക്കുന്നത് ജ്വലിക്കുന്ന നരകത്തിന്‍റെ ആള്‍ക്കാരില്‍ പെട്ടവരാകുവാന്‍ വേണ്ടിയാകു
ന്നു -ഫാത്വിര്‍ 6). അപ്പോള്‍, പൊതുവില്‍ എല്ലാ സന്ദര്‍ഭങ്ങളിലും, വിശേഷിച്ച് പിശാചിന്‍റെ ദുഷ്‌പ്രേരണകള്‍ക്ക് വശംവദരാകുവാനിടയുള്ള സന്ദര്‍ഭങ്ങളിലും നാം പിശാചിനെപ്പറ്റി അല്ലാഹുവിനോട് രക്ഷ തേടേതുണ്ട്.

അല്ലാഹു പറയുന്നു: فإذا قرأت القرآن فاستعذ بالله من الشيطان الرجيم النحل 98  'നീ ക്വുര്‍ആന്‍ ഓതുന്നതായാല്‍ ആട്ടപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവിനോട് ശരണം തേടിക്കൊള്ളുക'. (നഹ്ല്‍ 98). ഈ വചനത്തെ അടിസ്ഥാനമാക്കി ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളതും, പൊതുവെ അംഗീകരിക്കപ്പെട്ടുവരുന്നതും ക്വുര്‍ആന്‍ പാരായണം ആരംഭിക്കുമ്പോള്‍ 'അഊദു' ചൊല്ലേണ്ടതുണ്ട് എന്നത്രെ. ഹദീഥിന്‍റെ പിന്‍ബലവും ഈ അഭിപ്രായത്തിനുണ്ട്. ക്വുര്‍ആന്‍ പാരായണത്തിന്‍റെ ഉദ്ദേശ്യം നിറവേറ്റുന്നതിന് ഭംഗം വരുമാറ് പിശാചിന്‍റെ ദുര്‍മന്ത്രങ്ങള്‍ ഏല്‍ക്കാതിരിക്കുവാന്‍ ഇത് ഉപകരിക്കുന്നു. അവന്‍റെ ദുര്‍മന്ത്രത്തിന് സന്ദര്‍ഭം കാണുന്നിടത്തൊക്കെ 'അഊദു' ചൊല്ലുന്നത് നന്നായിരിക്കുമെന്ന് ബുഖാരി (റ)യും മറ്റും ഉദ്ധരിച്ച ഒരു ഹദീഥില്‍നിന്ന് മനസ്സിലാക്കാവുന്നതാകുന്നു. ഹദീഥിന്‍റെ പ്രസക്തഭാഗം ഇങ്ങിനെ ഉദ്ധരിക്കാം: 'നബി (സ.അ) യുടെ സാന്നിദ്ധ്യത്തില്‍ വെച്ച് രണ്ടു പേര്‍ തമ്മില്‍ ചീത്ത പറയുകയുണ്ടായി. കോപം നിമിത്തം ഒരാളുടെ മുഖം ചുവന്നു. അപ്പോള്‍, നബി (സ.അ) പറഞ്ഞു: 'എനിക്ക് ഒരു വാക്ക് അറിയാം. അതവന്‍ പറഞ്ഞിരുന്നെങ്കില്‍ അവനില്‍ കാണുന്ന ആ കോപം അവനെ വിട്ടുപോയേക്കുമായിരുന്നു. അതെ,  اعوذ بالله من الشيطان الرجيم

പ്രസ്തുത ക്വുര്‍ആന്‍ വചനത്തിന്‍റെ ബാഹ്യാവസ്ഥ കണക്കിലെടുത്തു കൊണ്ട് ക്വുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ 'അഊദു' ചൊല്ലല്‍ നിര്‍ബ്ബന്ധമാണെന്ന്‌ പോലും ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. നിര്‍ബ്ബന്ധമെന്ന് പറഞ്ഞുകൂടാ; എങ്കിലും, പ്രധാനപ്പെട്ട ഒരു ഐഛിക പുണ്യകര്‍മമാണത് എന്നത്രെ ഭൂരിപക്ഷം പണ്ഡിതന്മാരും പറയുന്നത്. പാരായണം നമസ്‌കാരത്തില്‍ വെച്ചാകുമ്പോള്‍, 'അഊദു' പതുക്കെ ചൊല്ലുകയാണ് വേണ്ടത്.
പിശാചില്‍ നിന്ന് നേരിട്ടേക്കാവുന്ന ആപത്തുകളുടെ ആധിക്യവും, നിഗൂഢതയും, ഗൗരവവും ആലോചിക്കുകയും, അവയില്‍ നിന്നുള്ള രക്ഷാമാര്‍ഗം അല്ലാഹുവിന്‍റെ കാവല്‍ മാത്രമാണെന്ന് ഓര്‍ക്കുകയും ചെയ്യുമ്പോഴേ 'അഊദു'എന്ന പ്രാര്‍ത്ഥനയുടെ ഗൗരവം വേണ്ടതുപോലെ വിലയിരുത്തുവാന്‍ കഴിയുകയുള്ളൂ.

Our Location

Mujahid Centre
5th Floor, CD Tower
Calicut-4
Telephone: (0495) 2722801
Email: contact@malayalamqurantafsir.com