2. അവതരണ ഹേതു ( سبب النزول )

ക്വുര്‍ആന്‍ വ്യാഖ്യാനത്തില്‍ പ്രത്യേകം അറിഞ്ഞിരിക്കേണ്ടുന്ന ഒരു വിഷയമാണ് ആയത്തുകളുടെ അവതരണ ഹേതു. ഏതെങ്കിലും സംഭവത്തെത്തുടര്‍ന്നോ, അല്ലെങ്കില്‍ ഏതെങ്കിലും ചോദ്യങ്ങള്‍ക്കു മറുപടിയായോ ക്വുര്‍ആന്‍ വചനങ്ങള്‍ അവതരിച്ചെന്നുവരും. ഇവക്കു അവയുടെ അവതരണ ഹേതുക്കള്‍ എന്നു പറയുന്നു. അവതരണഹേതു രണ്ടു മൂന്നു തരത്തിലുണ്ടാവാം. 

1) ആയത്തിന്‍റെ അര്‍ത്ഥസാരങ്ങള്‍ മനസ്സിലാക്കുവാന്‍ ഒഴിച്ചുകൂടാത്തത്. ഈ ഇനത്തില്‍പെട്ടവയെക്കുറിച്ചു ക്വുര്‍ആന്‍ വ്യാഖ്യാതാവും അറിഞ്ഞിരിക്കാത്തപക്ഷം, ആയത്തിന്‍റെ സാക്ഷാല്‍ ഉദ്ദേശ്യവും, താല്‍പര്യവും മനസ്സിലാക്കാന്‍ കഴിയാതെ വരും. 

2) ആയത്തിന്‍റെ ഉദ്ദേശ്യം ഗ്രഹിക്കുന്നതിനു അനിവാര്യമല്ലെങ്കിലും അതിനു സഹായകമായിരിക്കുന്നത്. ഈ ഇനത്തില്‍പെട്ട അവതരണഹേതുക്കളും അറിഞ്ഞിരിക്കുന്നതു നന്നായിരിക്കും. 

3) ആയത്തിന്‍റെ ഉദ്ദേശ്യം മനസ്സിലാക്കുന്നതിനു സഹായകമാകാത്തവ. ഈ ഇനത്തിന്നുവേണ്ടി സമയം പാഴാക്കേണ്ടുന്ന ആവശ്യമില്ല.

അവതരണ ഹേതുക്കള്‍ എന്ന പേരില്‍, സാധാരണ തഫ്‌സീര്‍ ഗ്രന്ഥങ്ങളില്‍ സ്ഥലം പിടിക്കാറുള്ള കഥകളില്‍ ഒരു വ്യാഖ്യാതാവ് അവശ്യം അറിഞ്ഞിരിക്കേണ്ടുന്ന ഭാഗം വളരെക്കുറച്ചേയുള്ളൂവെന്നതാണ് വാസ്തവം. ഓരോ ആയത്തിനും ഓരോ അവതരണഹേതു ഉദ്ധരിക്കുവാനും, മിക്ക ആയത്തുകളുടെയും താല്പര്യത്തിനു അനുയോജ്യമായ കഥകള്‍ പറയുവാനും ചില മുഫസ്സിറുകള്‍ മിനക്കെടാറുണ്ട്. ഇതിന്‍ ഫലമായി, അനാവശ്യവും , അടിസ്ഥാനരഹിതവുമായ എത്രയോ കഥകള്‍ പല തഫ്‌സീര്‍ ഗ്രന്ഥങ്ങളിലും സ്ഥലം പിടിച്ചിരിക്കുന്നു. ബലാബലമോ, സത്യാസത്യമോ അന്വേഷിക്കാതെ കണ്ടതും കേട്ടതുമെല്ലാം രേഖപ്പെടുത്തുക പതിവാക്കിയ ചില വ്യാഖ്യാതാക്കളും ഉണ്ട്. തന്നിമിത്തം, സമുദായമദ്ധ്യെ കടന്നുകൂടിയിട്ടുള്ള തെറ്റിദ്ധാരണകളും, അന്ധവിശ്വാസങ്ങളും നിരവധിയാകുന്നു. ക്വുര്‍ആന്‍കൊണ്ടും, നബി  (സ.അ) യുടെ സുന്നത്തുകൊണ്ടും സ്ഥാപിതമായ തത്വസിദ്ധാന്തങ്ങള്‍ക്കു നിരക്കാത്തതോ, വിശ്വാസയോഗ്യമല്ലാത്ത മാര്‍ഗത്തില്‍കൂടി നിവേദനം ചെയ്യപ്പെട്ടതോ, തനി ഇസ്‌റാഈലിയ്യത്തില്‍ ഉള്‍പ്പെട്ടതോ അല്ലാതിരിക്കുകയും, ആയത്തിന്‍റെ സാരം മനസ്സിലാക്കുന്നതില്‍ സഹായകമായിരിക്കുകയും ചെയ്യുന്ന കഥകളും സംഭവങ്ങളും മാത്രമേ പരിഗണിക്കപ്പെടേണ്ടതുള്ളൂ. 

'ഈ വചനം ഇന്ന വിഷയത്തില്‍ അവതരിച്ച് 'ഇന്നതിനെപ്പറ്റിയാണ് അല്ലാഹു പറയുന്നത്' 'അതിനെത്തുടര്‍ന്ന് ഇന്ന വചനം അവതരിച്ചു' എന്നൊക്കെ മുന്‍ഗാമി കളുടെ വാക്കുകളില്‍ കാണുമ്പോഴേക്കും അവ ആ ആയത്തുകളുടെ സാക്ഷാല്‍ അവതരണഹേതുക്കള്‍തന്നെയാണെന്ന് തീര്‍ച്ചപ്പെടുത്തിക്കൂടാത്തതാണ്. 'ഇന്നിന്ന വിധത്തിലുള്ള വിഷയങ്ങളെക്കുറിച്ചാണ് ഈ ആയത്തില്‍ പറയുന്നത്' 'ഇതുപോലുള്ള വിഷയത്തിലാണ് ഈ ആയത്ത് അവതരിച്ചത്' 'ഈ ആയത്തിന്‍റെ ഉള്ളടക്കത്തില്‍ ഇതും ഉള്‍പ്പെടുന്നു' എന്നിങ്ങിനെയുള്ള അര്‍ത്ഥത്തിലായിരിക്കും പലപ്പോഴും അവര്‍ ആ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ്, ഒരേ ആയത്തിനെ സംബന്ധിച്ചുതന്നെ വ്യത്യസ്തങ്ങളായ ഒന്നിലധികം സ്വീകാര്യയോഗ്യമായ രിവായത്തുകള്‍ കാണപ്പെടാറുളളതും. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്തവര്‍, ആ രിവായത്തുകള്‍ പരസ്പര വിരുദ്ധങ്ങളാണെന്നോ, ചില ആയത്തുകള്‍ ഒന്നിലധികം പ്രാവശ്യം അവതരിച്ചിട്ടുണ്ട് എന്നോ തെറ്റിദ്ധരിച്ചേക്കുന്നതാണ്. ഹദീഥുകളില്‍ പോലും ചിലപ്പോള്‍, ഇതുപോലെയുള്ള പ്രയോഗങ്ങള്‍ കാണപ്പെട്ടേക്കും. ഇങ്ങിനെയുള്ള പ്രസ്താവനകളില്‍ ആയത്തിന്‍റെ ഉദ്ദേശ്യത്തിലേക്കു വെളിച്ചം നല്‍കുന്ന ഭാഗവും, കേവലം ഉദാഹരണമായി മാത്രം എടുക്കാവുന്ന ഭാഗവും പ്രത്യേകം മനസ്സിരുത്തേണ്ടതാകുന്നു. 

ഒരു കാര്യം പ്രത്യേകം ഓര്‍മവെക്കേണ്ടതുണ്ട്: ഏതെങ്കിലും ഒരു സംഭവത്തെ ത്തുടര്‍ന്നോ, ഏതെങ്കിലും വ്യക്തികളുടെ ചെയ്തികളെ സൂചിപ്പിച്ചുകൊണ്ടോ അവതരിച്ച ആയത്തുകളില്‍ അടങ്ങിയിട്ടുള്ള വിധി, ആ സംഭവത്തിനുമാത്രം ബാധകമായതാണെന്നോ, അതില്‍ സൂചിപ്പിച്ച വ്യക്തികളെ മാത്രം ബാധിക്കുന്നതാണെന്നോ കരുതിക്കൂടാത്തതാകുന്നു. ഈ വസ്തുത ഗ്രഹിക്കായ്ക നിമിത്തവും പലര്‍ക്കും പലപ്പോഴും അമളി പിണയാറുണ്ട്. الحكم عام وان كان النزول خاصا  (അവതരണഹേതു പ്രത്യേകമായതായിരുന്നാലും, വിധി പൊതുവായതാണ് ) എന്ന തത്വം സര്‍വ്വസ്വീകാര്യമായിട്ടുള്ള ഒരു യാഥാര്‍ത്ഥ്യമാകുന്നു. ഉദാഹരണമായി: അബൂബക്ര്‍ (റ) ചെയ്ത ഒരു സല്‍ പ്രവൃത്തിയെപ്പറ്റി ഒരു ആയത്തില്‍ പ്രശംസിച്ചു പറയുന്നുവെന്ന് കരുതുക. അല്ലെങ്കില്‍ അബൂജഹ്‌ലിന്‍റെ ദുഷ്‌ചെയ്തിയെപ്പറ്റി ആക്ഷേപിച്ചു ഒരു ആയത്തില്‍ പറയുന്നുവെന്ന് വെക്കുക. അത്തരം സല്‍പ്രവൃത്തികള്‍ ചെയ്യുന്ന എല്ലാവരും അതുപോലെയുള്ള പ്രശംസക്ക് അര്‍ഹരാണെന്നും, അത്തരം ദുഷ്പ്രവൃത്തികള്‍ ചെയ്യുന്ന എല്ലാവരും അതുപോലെയുള്ള ആക്ഷേപങ്ങള്‍ക്ക് പാത്രമാണെന്നുമാണ് നാം അതില്‍ നിന്നു മനസ്സിലാക്കേണ്ടത്.

Our Location

Mujahid Centre
5th Floor, CD Tower
Calicut-4
Telephone: (0495) 2722801
Email: contact@malayalamqurantafsir.com