അവതാരിക

കെ.എം. മൗലവി സാഹിബിന്റെ
അവതാരിക
(ഒന്നാം പതിപ്പില്‍ )

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
الحمد لله الذى هدانا بالقرآن العظيم والصلاة والسلام على من ارسله لتبليغ القرآن وبيانه خاتم النبيين وعلى اله وصحبه والتابعين لهم باحسان الى يوم الدين, اما بعد
മാന്യ സഹോദരങ്ങളേ,

ഏകദേശം നാലു കൊല്ലം മുമ്പ് ഒരു ദിവസം ജനാബ് കെ.പി. മുഹമ്മദ് സാഹിബിന്റെ ഒരു കത്ത് എനിക്ക് കിട്ടുകയുണ്ടായി. പരിശുദ്ധ ക്വുര്‍ആന്റെ ഒരു തഫ്‌സീര്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുവാനുളള ആഗ്രഹവും, അതിന്റെ സാമ്പത്തികവശമല്ലാത്ത മറ്റു കാര്യങ്ങളില്‍ വേണ്ടുന്ന സഹായ സഹകരണങ്ങള്‍ ചെയ്തുതരണമെന്നുളള അഭ്യര്‍ത്ഥനയുമായിരുന്നു കത്തില്‍ അടങ്ങിയിരുന്നത്. അതനുസരിച്ച് ഞാനും മറ്റു ചില സ്‌നേഹിതന്മാരും കൂടി അദ്ദേഹവുമായിക്ക് ഈ വിഷയത്തില്‍ ആലോചന നടത്തി. പലരില്‍നിന്നുമായി, ക്വുര്‍ആന്റെ ആദ്യത്തെ 15 ജുസ്ഉ് വരെയുള്ള തഫ്‌സീര്‍ മലയാളത്തില്‍ അതിനു മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നതുകൊണ്ട് ബാക്കിയുള്ള ഒടുവിലത്തെ 15 ജുസ്ഇന്റെ തഫ്‌സീര്‍ ആദ്യം തയ്യാറാക്കാമെന്നും, ജനാബുമാര്‍ പി.കെ. മൂസാ മൗലവി, എ. അലവി മൗലവി, മുഹമ്മദ് അമാനി മൗലവി എന്നീ മൂന്ന് സ്‌നേഹിതന്മാരും കൂടി ആ കൃത്യം നിര്‍വ്വഹിക്കാമെന്നും തീരുമാനം ചെയ്തു. അല്ലാഹുവിന്റെ സഹായം കൊണ്ട് ഒടുവിലത്തെ പതിനഞ്ച് ജുസ്ഇന്റെ തഫ്‌സീര്‍
എഴുതി പൂര്‍ത്തിയായിരിക്കുന്നു. അതിന്റെ ആദ്യത്തെ വാള്യം ഇപ്പോള്‍ പ്രസിദ്ധീകരണത്തിനു തയ്യാറായിരിക്കുകയാണ്. ബാക്കിയുള്ള മേലേ പതിനഞ്ചു ജുസ്ഉം പൂര്‍ത്തിയാക്കുവാനും എല്ലാ ഭാഗങ്ങളും പ്രസിദ്ധീകരിക്കുവാനും അല്ലാഹു തൗഫീക്വ് നല്‍കട്ടെ! ആമീന്‍!

ഈ ഗ്രന്ഥം എഴുതി വന്നത് മേല്‍പറഞ്ഞ മൂന്നു സ്‌നേഹിതന്മാരാണെങ്കിലും, ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ പല നിലക്കും ഞാനും ബന്ധപ്പെട്ടുകൊണ്ടിരുന്നതിനാല്‍, ഈ പരിഭാഷയും, ഇതിലെ വ്യാഖ്യാനങ്ങളുമെല്ലാം 'സലഫീ'ങ്ങളുടെ മാതൃകയനുസരിച്ചുകൊണ്ടുള്ളതാണെന്ന് എനിക്ക് തീര്‍ച്ചയായും പറയുവാന്‍ കഴിയുന്നതാണ്. പൗരാണിക മഹാന്മാരുടെ മാതൃക പിന്‍പറ്റുന്നതിലാണ് നമ്മുടെ എല്ലാ നന്മയും സ്ഥിതി ചെയ്യുന്നത്. പിന്‍കാലക്കാരുടെ പുത്തന്‍ നിര്‍മാണങ്ങളിലാണ് എല്ലാ തിന്മയും നിലകൊള്ളുന്നത്.
وكل خىر في اتباع من سلف، وكل شر فى ابتداع من خلف 

ഇതിന്റെ മുഖവുരയില്‍നിന്നു തന്നെ, ഈ ഗ്രന്ഥത്തിന്റെ സ്വഭാവത്തെപ്പറ്റി വായനക്കാര്‍ക്ക് നല്ലപോലെ അറിയുവാന്‍ കഴിയുന്നതുകൊണ്ട് അതിനെ കുറിച്ച് ഇവിടെ കൂടുതലൊന്നും പറയുവാന്‍ ഞാന്‍ വിചാരിക്കുന്നില്ല. പൊതുജനങ്ങള്‍ ഈ ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം വായിച്ചറിയണമെന്ന് ഞാന്‍ പ്രത്യേകം അപേക്ഷിച്ചുകൊള്ളുന്നു.


ഇതിന്റെ പ്രസാധകന്മാരും എന്റെ മാന്യ സ്‌നേഹിതന്മാരുമായ ജനാബ് കെ.പി. മുഹമ്മദ് സാഹിബിന്റെയും അദ്ദേഹത്തിന്റെ അനുജന്‍ ജ: കെ.പി. മൊയ്തീന്‍ കുട്ടി സാഹിബിന്റെയും ഈ മഹത്തായ സേവനം അല്ലാഹു സ്വീകരിക്കട്ടെ! ഇതിന്റെ ബാക്കി ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു പൂര്‍ത്തിയാക്കുവാനും ഇതുപോലെയുള്ള മഹല്‍ സേവനങ്ങള്‍ എപ്പോഴും ചെയ്തുകൊണ്ടിരിക്കുവാനും അവര്‍ക്ക് തൗഫീക്വ് നല്‍കുകയും ചെയ്യട്ടെ! ഇതിന്റെ പരിഭാഷകന്മാരായ സ്‌നേഹിതന്മാര്‍ക്കും, നമുക്കെല്ലാവര്‍ക്കും അല്ലാഹു സദാ ഹിദായത്തും തൗഫീക്വും നല്‍കട്ടെ! ആമീന്‍.
എന്ന്‍,

തിരൂരങ്ങാടി                                                                                               കെ.എം. മൗലവി
06. 06. 1964


Our Location

Mujahid Centre
5th Floor, CD Tower
Calicut-4
Telephone: (0495) 2722801
Email: contact@malayalamqurantafsir.com