ക്വുര്‍ആന്‍ ഭാഷാന്തരം ചെയ്യല്‍


قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّهِ إِلَيْكُمْ جَمِيعًا - العراف ١٥٨ 
قُلِ اللَّهُ  ۖ شَهِيدٌ بَيْنِي وَبَيْنَكُمْ  ۚ وَأُوحِيَ إِلَيَّ هَٰذَا الْقُرْآنُ لِأُنذِرَكُم بِهِ وَمَن بَلَغَ - الأنعام ١٩ .. ''പറയുക: ഹേ മനുഷ്യരേ! നിശ്ചയമായും ഞാന്‍ നിങ്ങള്‍ എല്ലാവരിലേക്കുമായി അല്ലാഹുവിന്‍റെ ദൂതനാകുന്നു' 
പറയുക: അല്ലാഹു എന്‍റെയും നിങ്ങളുടെയും ഇടയില്‍ സാക്ഷിയാകുന്നു. ഈ ക്വുര്‍ആന്‍ മുഖേന നിങ്ങളെയും, അത് ആര്‍ക്ക് എത്തിച്ചേര്‍ന്നുവോ അവരെയും താക്കീത് ചെയ്‌വാന്‍ വേണ്ടി എനിക്ക് അത് ബോധനം നല്കപ്പെട്ടിരിക്കുന്നു'' (ക്വുര്‍ആന്‍). 

'നബി തിരുമേനി (സ.അ)  എല്ലാ ജനവിഭാഗത്തിലേക്കും റസൂലാണ്. ക്വുര്‍ആന്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടി അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥവുമാണ്. ഏതു കാലത്തോ, ഏതു ദേശത്തോ ഉള്ള ആളുകളായാലും ശരി, ക്വുര്‍ആന്‍ അവര്‍ക്ക് എത്തിച്ചേര്‍ന്നിട്ടുണ്ടെങ്കില്‍ അതു അവര്‍ക്കു താക്കീതുമായിരിക്കും. ക്വുര്‍ആന്‍റെ സന്ദേശം എല്ലാ ജനവിഭാഗങ്ങള്‍ക്കും എത്തിച്ചുകൊടുക്കേതുണ്ടുതാനും. ക്വുര്‍ആനാകട്ടെ, ശുദ്ധ അറബിഭാഷയില്‍; ജനവിഭാഗങ്ങളോ ആയിരക്കണക്കിലുള്ള ഭാഷക്കാരും. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അറബിഭാഷ അറിഞ്ഞിരിക്കല്‍ അവരുടെ ഒരു കടമയാണെങ്കിലും, ഈ കടമ നിറവേറ്റിയവര്‍ എക്കാലത്തും താരതമ്യേന വളരെ കുറവാണെന്നു പറയേണ്ടതില്ലല്ലോ. അപ്പോള്‍, അതിന്‍റെ സന്ദേശം എല്ലാവര്‍ക്കും എത്തിച്ചുകൊടുക്കുവാനും, അതിന്‍റെ വാക്യങ്ങളിലൂടെ അതിന്‍റെ താക്കീതുകള്‍ അവരെ കേള്‍പ്പിക്കുവാനും അതത് ജനങ്ങളുടെ ഭാഷകളില്‍ ഭാഷാന്തരപ്പെടുത്തി പറഞ്ഞുകൊടുക്കുകയല്ലാതെ മാര്‍ഗമില്ല. ജനങ്ങളാകമാനം അറബിഭാഷ അറിയുന്ന വരാണെങ്കില്‍ മാത്രമേ ഇതിന്‍റെ ആവശ്യം ഇല്ലാതെ വരുകയുള്ളൂ. നാളിതുവരെയും അറബി അറിയാത്തവര്‍ക്കു ക്വുര്‍ആന്‍റെ സന്ദേശങ്ങളും, നബിവചനങ്ങള്‍ മുതലായ മതവിജ്ഞാനങ്ങളും എത്തിച്ചുകൊടുക്കപ്പെട്ടിട്ടുള്ളത് അവരവരുടെ ഭാഷകളി ലൂടെത്തന്നെയാണ്. 

باب ما يجوز من تفسير التوراة وغيرھا من كتب لله بالعرب ية وغيرھا (തൗറാത്ത് മുതലായ അല്ലാഹുവിന്‍റെ ഗ്രന്ഥങ്ങളെ അറബിയിലും മറ്റു ഭാഷയിലും വിവരിക്കുന്നതു അനുവദനീയമാണെന്നതിനെ സംബന്ധിച്ച അദ്ധ്യായം) എന്ന തലക്കെട്ടോടുകൂടി ബുഖാരിയില്‍ ഒരു അധ്യായം കാണാം. അതിന്‍റെ വ്യാഖ്യാതാവായ ഇമാം അസ്‌ക്വലാനി (റ) ചൂണ്ടിക്കാട്ടിയതുപോലെ, അറബിയല്ലാത്ത വേദഗ്രന്ഥങ്ങള്‍ അറബിയിലും, അറബിയിലുള്ളവ അന്യഭാഷകളിലും വിവരിക്കാമെന്നാണ് ഇതിന്‍റെ താല്പര്യം. അതുപോലെത്തന്നെ, വേദഗ്രന്ഥങ്ങള്‍ എന്ന് പറഞ്ഞതില്‍ ക്വുര്‍ആനും, ക്വുര്‍ആനല്ലാത്ത ഗ്രന്ഥങ്ങളും ഉള്‍പ്പെടുകയും ചെയ്യുന്നു. മൂലഭാഷ അറിയാത്ത വര്‍ക്കുമാത്രം വിവര്‍ത്തനം ചെയ്തുകൊടുക്കാമെന്നാണോ, അതല്ല എല്ലാവര്‍ക്കും വിവര്‍ത്തനം ചെയ്തുകൊടുക്കാമെന്നാണോ ഇവിടെ ഉദ്ദേശ്യം? എന്നിങ്ങനെ ഒരു ചോദ്യം ഉന്നയിച്ചുകൊണ്ട് അസ്‌ക്വലാനി (റ) പറയുന്നു: الأول قول الأكثر (ആദ്യം പറഞ്ഞ താണ് അധിക പക്ഷത്തിന്‍റെയും അഭിപ്രായം) ഈ ശീര്‍ഷകത്തിനു നാലു തെളിവുകള്‍ ഇമാം ബുഖാരി (റ) ആ അധ്യായത്തില്‍ ഉദ്ധരിച്ചിരിക്കുന്നു പ്രസ്തുത തെളിവുകള്‍ ഇതാണ്:- 

(1) قُلْ فَأْتُوا بِالتَّوْرَاةِ فَاتْلُوهَا إِن كُنتُمْ صَادِقِينَ (പറയുക, എങ്കില്‍ നിങ്ങള്‍ തൗറാ ത്തുകൊണ്ടുവന്ന് അത് വായിക്കുവിന്‍- നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ (3:93) എന്ന ക്വുര്‍ആന്‍ വചനം. തൗറാത്ത് അവതരിപ്പിക്കുന്നതിന് മുമ്പ് യഅ്ക്വൂബ് നബി (അ) തനിക്ക് നിഷിദ്ധമാക്കിയിരുന്ന വസ്തുക്കളല്ലാത്ത എല്ലാ ഭക്ഷണസാധനങ്ങളും ഇസ്‌റാഈല്‍ സന്തതികള്‍ക്ക് അനുവദനീയമായിരുന്നുവെന്നും, അതിനെതിരായി ഇസ്‌റാഈല്യര്‍ പുറപ്പെടുവിക്കുന്ന വാദങ്ങള്‍ ശരിയല്ലെന്നും, അവരുടെ വാദം ശരിയാണെങ്കില്‍ അത് തൗറാത്തില്‍ നിന്നു തെളിയിക്കട്ടെ എന്നുമാണ് ഈ ആയത്തിന്‍റെ താല്പര്യം. തൗറാത്ത് ഹിബ്രു ഭാഷയിലാണല്ലോ. അറബികളായ മുസ്‌ലിംകള്‍ക്കു അത് വായിച്ചുകേള്‍പ്പിക്കുമ്പോള്‍, അവര്‍ക്കത് മനസ്സിലാകണമെങ്കില്‍ അറബിയില്‍ അര്‍ത്ഥം വിവരിച്ചുകൊടുക്കണം. ഒരു ഭാഷയിലുള്ള വേദഗ്രന്ഥം മറ്റൊരു ഭാഷയില്‍ വിവര്‍ത്തനം ചെയ്യാമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാമല്ലോ. 

(2) നബി (സ.അ) റോമാചക്രവര്‍ത്തിയായ ഹിര്‍ക്വലി ( ھرقل )ന് അയച്ച കത്ത് തന്‍റെ അഭിഭാഷകന്‍ മുഖേന അദ്ദേഹം വായിച്ചുകേട്ട സംഭവം. തിരുമേനിയുടെ കത്ത് അറബിയിലായിരുന്നു. ആലുഇംറാനിലെ 64 ാം വചനവും അറബിയിലായിരുന്നു. രാജാവിന്‍റെ ഭാഷ റോമന്‍ ഭാഷയായിരുന്നു. പരിഭാഷകന്‍ അത് അറബിയില്‍ നിന്ന് രാജാവിന്‍റെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തുകൊടുക്കുകയാണ് ചെയ്തത്. രാജാവിന് ക്വുര്‍ആന്‍റെ സന്ദേശം എത്തിക്കുകയായിരുന്നു കത്തിന്‍റെ ഉദ്ദേശ്യം. അപ്പോള്‍, അത് അന്യഭാഷയില്‍ വിവര്‍ത്തനം ചെയ്തു എത്തിച്ചുകൊടുക്കാമെന്ന് ഇതില്‍ നിന്ന് സിദ്ധിക്കുന്നു. 

(3) വേദക്കാര്‍ ഹിബ്രു ഭാഷയിലുള്ള തൗറാത്ത് വായിച്ച് മുസ്‌ലിംകള്‍ക്ക് അറബിയില്‍ വിവരിച്ചുകൊടുത്തിരുന്നുവെന്നും, അപ്പോള്‍ നബി (സ.അ)  തിരുമേനി മുസ്‌ലിം കളോട് 'നിങ്ങള്‍ അവരെ സത്യമാക്കുകയും അസത്യമാക്കുകയും ചെയ്യരുത്' എന്ന് പറയുകയുണ്ടായെന്നും കാണിക്കുന്ന ഒരു ഹദീഥാണ് ഇത്. തൗറാത്ത് അറബിയില്‍ വിവര്‍ത്തനം ചെയ്യാമെന്ന് ഇതില്‍ നിന്നും വരുന്നു. കാരണം, വിവര്‍ത്തനം ചെയ്യുന്നതിനെക്കുറിച്ച് തിരുമേനി ആക്ഷേപം പറഞ്ഞിട്ടില്ല. സത്യമാക്കുകയും അസത്യമാക്കുകയും ചെയ്യരുതെന്ന് മാത്രമേ അവിടുന്നു നിര്‍ദ്ദേശിച്ചുള്ളൂ. ഇങ്ങിനെ നിര്‍ദ്ദേശിക്കുവാനുള്ള കാരണം നാം ഇതിനു മുമ്പ് വിവരിച്ചു കഴിഞ്ഞതാണ്. 

(4). വ്യഭിചാരക്കുറ്റത്തിന്‍റെ ശിക്ഷ എറിഞ്ഞുകൊല്ലലാണെന്നുള്ള തൗറാത്തിന്‍റെ നിയമം ഒളിച്ചുവെക്കുകയും, പകരം മുഖത്ത് ചൂടുകുത്തിയാല്‍ (തീപൊള്ളിച്ചാല്‍) മതിയെന്നു സമര്‍ത്ഥിക്കുകയും ചെയ്ത യഹൂദികളോട് 'തൗറാത്തു കൊണ്ടുവന്നു വായിക്കുവിന്‍' എന്ന് നബി (സ.അ)  ആവശ്യപ്പെടുകയുണ്ടായി. അവരത് കൊണ്ട് വന്ന് വായിച്ചപ്പോള്‍ അതില്‍ ഒരു സ്ഥലം അവര്‍ കൈകൊണ്ടു മറച്ചുപിടിക്കുകയും, അപ്പോള്‍ തിരുമേനി അവരോട് കൈ പൊക്കുവാന്‍ ആവശ്യപ്പെടുകയും ഉണ്ടായി. മറച്ചുപിടിച്ച സ്ഥലത്ത് വ്യഭിചാരിയെ എറിഞ്ഞു കൊല്ലണമെന്ന കല്പന അതില്‍ വ്യക്തമായി കാണുന്നുണ്ടായിരുന്നു. അങ്ങനെ, തിരുമേനിയുടെ അടുക്കല്‍ ഹാജരാക്ക പ്പെട്ടിട്ടുണ്ടായിരുന്ന രണ്ടു യഹൂദ വ്യഭിചാരികള്‍ -ഒരു പുരുഷനും ഒരു സ്ത്രീയും- എറിഞ്ഞുകൊല്ലപ്പെടുകയും ചെയ്തു. ഈ സംഭവം വിവരിക്കുന്ന ഒരു ഹദീഥാണ് നാലാമത്തേത്. വേദഗ്രന്ഥം ഏതായിരുന്നാലും അത് ഇതര ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു വിവരിക്കാമെന്നാണ് ഇമാം ബുഖാരി (റ) ഈ അധ്യായംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പറയേണ്ടതില്ല. മൂലഭാഷ അറിയാത്തവരുടെ ആവശ്യാര്‍ത്ഥം ക്വുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്നതിന് വിരോധമില്ലെന്നാണ് മിക്ക പണ്ഡിതന്മാരുടേയും അഭിപ്രായം എന്ന് അസ്‌ക്വലാനി (റ) പ്രസ്താവിക്കുകയും ചെയ്തുവല്ലോ.

സൂറത്തുല്‍ ഫാത്തിഹഃ അറബിയില്‍ ഓതുവാന്‍ സാധിക്കാത്തവന് നമസ്‌കാരത്തില്‍ അത് പേര്‍ഷ്യന്‍ ഭാഷയില്‍ ഓതാവുന്നതാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ളതിനെ വിമര്‍ശിച്ചുകൊണ്ട് ഇതേ അധ്യായത്തിന്‍റെ വിവരണത്തില്‍ അസ്‌ക്വലാനി (റ) പറയുന്നു: 'ഇതില്‍ വിശദീകരണം ആവശ്യമാണെന്നാണ് മനസ്സിലാകുന്നത്. (അഥവാ പാടുണ്ടെന്നോ ഇല്ലെന്നോ മൊത്തത്തിലങ്ങ് വിധി പറഞ്ഞുകൂടാത്തതാണ്.) അറബി ഭാഷയില്‍ ഓതുവാന്‍ കഴിയുന്നവന് അത് വിട്ടുകളയുവാന്‍ (മറ്റൊരുഭാഷയില്‍ ഓതുവാന്‍) പാടില്ല. അവന്‍റെ നമസ്‌കാരം അത്‌കൊണ്ട് ശരിയാവുകയില്ല. അറബിയില്‍ ഓതുവാന്‍ കഴിയാത്തവനാണെങ്കില്‍, അവന്‍ നമസ്‌കാരത്തിന്ന് പുറത്തായിരുന്നാല്‍ അവന് അവന്‍റെ ഭാഷയില്‍ ഓതാവുന്നതാണ്. കാരണം, അവന് ഒഴിവ് കഴിവുകളുണ്ട്. അവന്‍ സ്വീകരിക്കേണ്ടതും ഉപേക്ഷിക്കേണ്ടതുമായ കാര്യങ്ങള്‍ അവന് പഠിക്കേണ്ടുന്ന ആവശ്യവും ഉണ്ട്. ഇവന്‍ നമസ്‌കാരത്തിലാണെങ്കിലോ, അതിനു പകരം (ഹദീഥില്‍ വന്നിട്ടുള്ളപ്രകാരം) 'ദിക്ര്‍' ചൊല്ലണമെന്നാണ് നിയമം. ദിക്‌റിന്‍റെ ഇനത്തില്‍പ്പെട്ട എല്ലാ വാക്കുകളും അറബികളല്ലാത്തവര്‍ക്കും ഉച്ചരിക്കുവാന്‍ കഴിയാത്തതായിരിക്കയില്ലല്ലോ. ക്വുര്‍ആന്‍ വായിക്കുവാന്‍ പഠിക്കുന്നത്‌വരെ അവന്‍ അത് (അവന് സാധ്യമായ 'ദിക്ര്‍') ആവര്‍ത്തിച്ചുപറഞ്ഞാല്‍ മതിയാകും. (ഫാത്തിഹഃ തന്നെ വേണമെന്നില്ല). അപ്പോള്‍, ഒരാള്‍ ഇസ്‌ലാമില്‍ വരികയോ വരാന്‍ ഉദ്ദേശിക്കുകയോ ചെയ്തിട്ട് അവന് ക്വുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍ അത് ഗ്രഹിക്കുവാന്‍ കഴിയാതെ വന്നാല്‍, അതിലെ വിധിനിയമങ്ങള്‍ അവന് മനസ്സിലാക്കുവാന്‍ വേണ്ടി -അല്ലാത്തപക്ഷം, (അവന് ക്വുര്‍ആന്‍റെ പ്രബോധനം എത്തിയിരിക്കുന്നുവെന്ന്) അവന്‍റെ പേരില്‍ ന്യായം സ്ഥാപിക്കുവാന്‍വേണ്ടി-അവനു ഭാഷമാറ്റി പറഞ്ഞുകൊടുക്കുന്നതിന് വിരോധമില്ല.

 لِأُنذِرَكُم بِهِ وَمَن بَلَغَ . (നിങ്ങള്‍ക്കും, ഈ ക്വുര്‍ആന്‍ ആര്‍ക്ക് എത്തിച്ചേര്‍ന്നുവോ അവര്‍ക്കും താക്കീത് ചെയ്‌വാന്‍ വേണ്ടി) എന്ന് മേലുദ്ധരിച്ച ക്വുര്‍ആന്‍ വാക്യത്തില്‍ അല്ലാഹു പറഞ്ഞുവല്ലോ. ഇതില്‍ 'അത് എത്തിച്ചേര്‍ന്നവര്‍ക്കും' എന്ന വാക്കിന് മുജാഹിദ് (റ) നല്കുന്ന വ്യാഖ്യാനം അസ്‌ക്വലാനി (റ) ഇങ്ങിനെ ഉദ്ധരിക്കുന്നു: يعنى من اسلم من العجم وغيرھم (അനറബികളില്‍ നിന്നും മറ്റും മുസ്‌ലിമായവര്‍ക്കും) പിന്നീട് അദ്ദേഹം ഇമാം ബൈഹക്വീ (റ)യുടെ ഒരു പ്രസ്താവന ഇങ്ങിനെ ഉദ്ധരി ക്കുന്നു: 'ചിലപ്പോള്‍ അവര്‍ (ക്വുര്‍ആനെപ്പറ്റി) അറിഞ്ഞില്ലെന്നുവരും. അപ്പോള്‍, അവരുടെ ഭാഷയില്‍ അവര്‍ക്ക് ക്വുര്‍ആന്‍ എത്തിക്കഴിഞ്ഞാല്‍ അത് അവര്‍ക്ക് താക്കീ തായിത്തീരുന്നതാണ്' ( راجع فتح البارى ج  ۱۳ ص ٤٤  ). 

പ്രസ്തുത മഹാന്മാരുടെ പ്രസ്താവനകളില്‍ നിന്ന് നമുക്ക് പലതും മനസ്സിലാക്കാവുന്നതാണ്. അറബി അറിയാത്തവര്‍ക്ക് വേണ്ടി ക്വുര്‍ആന്‍ അന്യഭാഷയില്‍ വിവര്‍ത്തനം ചെയ്യാം. ആ ഭാഷയില്‍ അതു വായിക്കുകയും ചെയ്യാം. പക്ഷേ നമസ്‌കാരത്തിലാണെങ്കില്‍ -ഫാത്തിഹഃക്കു പകരം- അറബിയിലുള്ള ദിക്‌റുകളൊന്നും ചൊല്ലുവാന്‍ സാധ്യമല്ലെങ്കില്‍ മാത്രമേ മറ്റു ഭാഷയില്‍ ഫാത്തിഹഃ ഓതുവാന്‍ പാടുള്ളൂ. നമസ്‌കാരത്തിലല്ലാത്തപ്പോള്‍ വിരോധമില്ലെന്ന് മാത്രമല്ല, ആവശ്യം കൂടിയാകുന്നു. ക്വുര്‍ആന്‍ -അറബികള്‍ക്കും അറബികളല്ലാത്തവര്‍ക്കും എത്തിച്ചു കൊടുക്കേതുണ്ട്. അറബി അറിയാത്തവര്‍ക്ക് അവരുടെ ഭാഷയില്‍ എത്തിച്ചുകൊടുക്കുവാനേ നിവൃത്തിയുള്ളൂ. ക്വുര്‍ആന്‍റെ സിദ്ധാന്തങ്ങള്‍ അവര്‍ മനസ്സിലാക്കുക മാത്രമല്ല, ക്വുര്‍ആന്‍റെ പ്രബോധനം അവര്‍ക്ക് എത്തിച്ചുകൊടുത്തിട്ടുണ്ടെന്നു ന്യായം സ്ഥാപിക്കുകകൂടി ചെയ്യേണ്ടത് മുസ്‌ലിംകളുടെ കടമയാകുന്നു. ഇത്രയെല്ലാം മേല്‍ കണ്ട ഉദ്ധരണികളില്‍നിന്ന് നമുക്ക് ഗ്രഹിക്കുവാന്‍ കഴിയും. താഴെ പറയുന്ന ചില വസ്തുതകള്‍കൂടി ഇവിടെ പ്രത്യേകം ശ്രദ്ധിക്കേതുണ്ട്:- 

(1) ക്വുര്‍ആന്‍ അല്ലാഹുവിന്‍റെ വചനമാണ്. അത് പാരായണം ചെയ്യുന്നതു ഒരു ആരാധനാകര്‍മവുമാണ്. അതിലെ ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരുത്തുവാന്‍ പാടില്ല. القرآن متعبد بتلاوته (പാരായണം മുഖേന ആരാധനാ കര്‍മം ചെയ്യപ്പെടുന്നതാണ് ക്വുര്‍ആന്‍) എന്ന് പറയുന്നതിന്‍റെ സാരം അതാകുന്നു. മറ്റൊരു ഭാഷയിലേക്ക് അറബികള്‍ക്കിടയില്‍ പ്രചാരത്തിലിരിക്കുന്ന സാധാരണ സംസാര ഭാഷയിലേക്കു തന്നെയും- വിവര്‍ത്തനം ചെയ്താല്‍ അതിനു സാക്ഷാല്‍ ക്വുര്‍ആന്‍റെ സ്ഥാനമോ, ഗുണമോ, സവിശേഷതയോ, മഹത്വമോ ഒന്നും തന്നെ ഉണ്ടാകുവാന്‍ പോകുന്നില്ല. അത് അല്ലാഹുവിന്‍റെ വചനമായിരിക്കുന്നതുമല്ല. അത്‌കൊണ്ടാണ് ക്വുര്‍ആന്‍ പാരായണം ചെയ്യുന്നതിനു പകരം അതിന്‍റെ ഏത് വിവര്‍ത്തനവും സ്വീകാര്യമല്ലെ ന്നുവന്നത്. പേര്‍ഷ്യന്‍ സാഹിത്യം അറബിസാഹിത്യവുമായി അടുത്ത സാമ്യമുണ്ടെന്ന കാരണത്താല്‍, ഏതാണ്ട് ക്വുര്‍ആനിന്‍റെ സാഹിത്യത്തോടു കിടയൊക്കുന്ന വിവര്‍ത്തനം പേര്‍ഷ്യന്‍ ഭാഷയില്‍ സാധ്യമാണെന്നു ന്യായം പറഞ്ഞുകൊണ്ടാണ് നമസ്‌കാരത്തില്‍ ഫാത്തിഹഃക്കു പകരം അതിന്‍റെ പേര്‍ഷ്യന്‍ വിവര്‍ത്തനം വായിച്ചാല്‍ മതി എന്നു ചിലര്‍ അഭിപ്രായപ്പെട്ടത്. ഈ ന്യായത്തെ പണ്ഡിതന്മാര്‍ കാര്യകാരണസഹിതം തള്ളിക്കളഞ്ഞിരിക്കുകയാണ്. അതിനെ അനുകൂലിച്ചവര്‍പോലും പേര്‍ഷ്യന്‍ വിവര്‍ത്തനം എല്ലാ വിധേനയും സാക്ഷാല്‍ ക്വുര്‍ആനു പകരം സ്വീകരിക്കാമെന്ന് പറയുന്നില്ലതാനും. പറയുവാന്‍ ന്യായവുമില്ലല്ലോ. 'ഇതുപോലെ ഒരദ്ധ്യായമെങ്കിലും കൊണ്ടുവരുവീന്‍' എന്ന് ലോകത്തെ വെല്ലുവിളിച്ചിട്ട് ഇക്കാലമത്രയും അതിനു ആരാലും സാധ്യമാകാത്ത -മേലിലും സാധ്യമല്ലെന്നു ഉറപ്പിച്ചു പറയാവുന്ന- ആ ദിവ്യഗ്രന്ഥത്തോടു ഏതെങ്കിലും വിധേന കിടനില്‍ക്കാവുന്ന മറ്റൊരു ഗ്രന്ഥമോ അദ്ധ്യായമോ ആര്‍ക്കു തന്നെ രചിക്കുവാന്‍ കഴിയും?! 

(2) 'ക്വുര്‍ആന്‍ ഭാഷാന്തരം (തര്‍ജ്ജമ) ചെയ്യാമോ, ഇല്ലേ എന്ന വിഷയത്തില്‍ മുന്‍കാല പണ്ഡിതന്മാര്‍ക്കിടയില്‍ സംശയവും അഭി പ്രായവ്യത്യാസവും ഉണ്ടായിരുന്നുവെന്നത് ശരിയാണ്. പക്ഷേ -പലരും ധരിച്ചുവശായതുപോലെ- ഇന്ന് അറിയപ്പെടുന്ന പരിഭാഷകളെക്കുറിച്ചായിരുന്നില്ല അത്. പാരായണം ചെയ്യപ്പെടുന്ന ഒരു വേദഗ്രന്ഥമെന്നോ, വായിക്കുന്നതുപോലും ഒരു ആരാധനാ കര്‍മമാണെന്നോ, ഒരക്ഷരവും ഏറ്റക്കുറവ് വരുത്തുവാന്‍ പാടില്ലെന്നോ ക്വുര്‍ആന്‍ പരിഭാഷാ ഗ്രന്ഥങ്ങളെകുറിച്ച് ആരും കരുതുന്നില്ല. ഏതെങ്കിലും തരത്തില്‍, ക്വുര്‍ആന് സമാനമായ ഒരു സ്ഥാനം കല്പിക്കപ്പെട്ടുകൊണ്ടുള്ള വിവര്‍ത്തനങ്ങളെക്കുറിച്ചായിരുന്നു ആ പണ്ഡിതന്മാര്‍ക്കിടയിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളും സംശയങ്ങളും, ക്വുര്‍ആനെ അതിന്‍റെ ഭാഷയില്‍ കൂടി മനസ്സിലാക്കുവാന്‍ കഴിയാത്തവര്‍ക്കു അതിന്‍റെ സിദ്ധാന്തങ്ങളും വിധിവിലക്കുകളും ക്വുര്‍ആനിലൂടെ തന്നെ ഗ്രഹിക്കുവാന്‍ വേണ്ടി വിവര്‍ത്തനം ചെയ്യുകയും, ആ ആവശ്യാര്‍ത്ഥം അത് വായിച്ചു പഠിക്കുകയും ചെയ്യുന്ന തിനെക്കുറിച്ചു ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തുവാന്‍ തനിക്ക് സാധിച്ചതിനെപ്പറ്റി കൃതജ്ഞതാപൂര്‍വ്വം മഹാനായ ശാഹ് വലിയുല്ലാഹ് (റ) പ്രസ്താവിച്ച ഒരു വാക്യം നാം താഴെ ഉദ്ധരിക്കുന്നുണ്ട്. അതില്‍ നിന്നും ഈ വസ്തുത ഏറെക്കുറെ മനസ്സിലാക്കാവുന്നതാണ്. ചുരുക്കിപ്പറഞ്ഞാല്‍ പരിഭാഷാ ഗ്രന്ഥങ്ങളൊന്നും തന്നെ അല്ലാഹുവിന്‍റെ വചനമായ ക്വുര്‍ആനല്ല. പാരായണം ചെയ്തു ആരാധനാകര്‍മം നടത്തപ്പെടുന്ന ഗ്രന്ഥങ്ങളുമല്ല. ക്വുര്‍ആന്‍റെ അര്‍ത്ഥോദ്ദേശ്യങ്ങള്‍ മനസ്സിലാക്കുവാനുള്ള മതഗ്രന്ഥങ്ങള്‍ മാത്രമാണവ. 

(3) മേല്‍കണ്ടതുപോലുള്ള പണ്ഡിതമാരുടെ പ്രസ്താവനകളെല്ലാം മിക്കവാറും വാഗ്മൂല വിവര്‍ത്തനത്തെ സംബന്ധിച്ചുള്ളതുമാകുന്നു. വാഗ്മൂലം ചെയ്യപ്പെടുന്ന വിവര്‍ത്തനം എഴുതി രേഖപ്പെടുത്തുകയാണ് പരിഭാഷാ ഗ്രന്ഥങ്ങള്‍ മുഖേന ചെയ്യപ്പെടുന്നത്. ക്വുര്‍ആന്‍, ഹദീഥ് തുടങ്ങിയ എല്ലാറ്റിന്‍റെയും പരിഭാഷയും, വിവരണവും ഓരോ ഭാഷക്കാര്‍ക്കും അവരുടെ ഭാഷയില്‍ നാവുകൊണ്ട് പറഞ്ഞുകൊടുക്കുകയും, പഠിപ്പിക്കുകയും ചെയ്യാം, ചെയ്യേണ്ടതുമാണ്. ഇതില്‍ ആര്‍ക്കും പക്ഷാന്തരമില്ല. അതു ഒരു ഗ്രന്ഥത്തില്‍ -ഓരോരുത്തനും അവന്‍റെ കഴിവനുസരിച്ച്-രേഖപ്പെടുത്തുമ്പോഴേക്കും അതില്‍ നിരോധം കടന്നുകൂടുവാന്‍ കാരണമെന്താണുള്ളത്?! 

(4) ഒരു സംസാരം അതിന്‍റെ വക്താവില്‍ നിന്നു നേരിട്ടു കേട്ടാല്‍പോലും അയാളുടെ ഇംഗിതങ്ങള്‍ ഏറ്റപ്പറ്റു കൂടാതെ -തികച്ചും സൂക്ഷ്മമായി- മനസ്സിലാക്കുവാന്‍ ശ്രോതാവിനു സാധിക്കാതെ വരും. അതേ സംസാരം വേറൊരാള്‍ ഉദ്ധരിച്ചുകേള്‍ക്കുകയോ, അല്ലെങ്കില്‍ എഴുതിക്കാണുകയോ ആണെങ്കില്‍ നിശ്ചയമായും ആ വക്താവിന്‍റെ വികാരോദ്ദേശ്യങ്ങളില്‍ പലതും അതില്‍ നിന്ന് മനസ്സിലാക്കുക സാദ്ധ്യമാകുന്നതല്ല. ഒരേ ഭാഷയിലുള്ള സംസാരം മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടാലുള്ള അവസ്ഥയും ഇതുതന്നെ. അപ്പോള്‍, അല്ലാഹുവിന്‍റെ വചനങ്ങളായ ക്വുര്‍ആനെ മനുഷ്യസൃഷ്ടികള്‍ തങ്ങളുടെ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍, ആ വചനങ്ങളില്‍ അടങ്ങിയ സാരാംശങ്ങളും, അന്തസ്സാരങ്ങളും, സൂചനകളുമെല്ലാം -ഏറാതെ, കുറയാതെ, തെറ്റാതെ, തെറിക്കാതെ- പ്രകടമാക്കുവാന്‍ ഒരിക്കലും ആരാലും സാധ്യമല്ലതന്നെ. 

(5) ഒരു ഭാഷയിലുള്ള സംസാരം, അല്ലെങ്കില്‍ ഗ്രന്ഥം ആ ഭാഷയുടെ സകലവിധ തന്മയത്വത്തോടുകൂടിയും, വക്താവിന്‍റെ എല്ലാവിധ ഉദ്ദേശ്യങ്ങളും പ്രതിഫലിപ്പിച്ചുകൊണ്ടും മറ്റൊരു ഭാഷയില്‍ പ്രകടമാക്കുക സാധ്യമല്ല. പദങ്ങളിലും, ഘടനാരൂപങ്ങളിലും പ്രയോഗങ്ങളിലും, സാഹിത്യ വശങ്ങളിലും, വ്യാകരണങ്ങളിലും മറ്റും ഭാഷകള്‍ തമ്മിലുള്ള വ്യത്യാസമാണ് ഇതിന് കാരണം. ചിലപ്പോള്‍, മൂലഭാഷയിലെ ഒരു പദത്തിന്‍റെയോ, ചെറുവാക്യത്തിന്‍റെയോ ഉദ്ദേശ്യം ഒന്നിലധികം വാക്കുകള്‍ ഉപയോഗിച്ചാല്‍ പോലും വിവര്‍ത്തനഭാഷയില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ വരും. ചിലപ്പോള്‍ ഒരു വാക്യത്തിന് പകരം നേര്‍ക്കുനേരെ ഉപയോഗിക്കാന്‍ പറ്റിയ ഒരു വാക്യം വിവര്‍ത്തന ഭാഷയില്‍ കണ്ടെന്ന് വരില്ല. മറ്റു ചില അവസരങ്ങളില്‍ മൂലഭാഷയിലെ ഒരു വാക്യത്തിന്‍റെ ആശയം മറ്റൊരു ഭാഷയില്‍ ഒന്നിലധികം രൂപത്തില്‍ വരുമായിരിക്കും. അവയില്‍ ഒന്നുമാത്രം പറഞ്ഞ് മതിയാക്കുകയോ, എല്ലാംകൂടി എടുത്തുപറയുകയോ വേണ്ടിവരും. അങ്ങിനെ പലതും സംഭവിക്കുവാനുണ്ട്. ഇതുകൊണ്ടാണ് 'പദാനുപദ വിവര്‍ത്തന'ത്തെക്കാള്‍ 'അന്വര്‍ത്ഥ വിവര്‍ത്തന' സമ്പ്രദായവും, നേര്‍ക്കുനേരെയുള്ള പരിഭാഷയെക്കാള്‍ ആശയവിവര്‍ത്തനവും കൂടുതല്‍ സ്വീകരിക്കപ്പെട്ടുകാണുന്നത്. വാസ്തവത്തില്‍ അന്വര്‍ത്ഥ വിവരണം, ആശയ വിവര്‍ത്തനം, സ്വതന്ത്ര പരിഭാഷ എന്നൊക്കെപ്പറയുന്നത് മൂലത്തിന്‍റെ യാഥാര്‍ത്ഥ പരിഭാഷയല്ല. മൂലത്തില്‍ നിന്ന് പരിഭാഷകന്‍ മനസ്സിലാക്കിയ പ്രധാന ആശയങ്ങളുടെ പ്രകാശനം മാത്രമാണവ. അഥവാ മൂലത്തിന് അയാളുടെ വകയായുള്ള ഒരു തരം ചുരുക്ക വിവരണമാണ്. മൂലഗ്രന്ഥം ക്വുര്‍ആനും കൂടിയാകുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ വളരെ കൂടുതലായിരിക്കുകയും ചെയ്യും. ഇങ്ങിനെയുള്ള യഥാര്‍ത്ഥ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ക്വുര്‍ആന്‍ അന്യഭാഷയിലേക്ക് നേര്‍ക്ക് നേരെ തര്‍ജ്ജമ (വിവര്‍ത്തനം) ചെയ്തുകൂടാ എന്നും, ക്വുര്‍ആന്‍റെ തഫ്‌സീര്‍ മാത്രമേ തര്‍ജ്ജമ ചെയ്തുകൂടൂ എന്നും ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. 

പദക്രമങ്ങള്‍, വാചക ഘടനകള്‍ മുതലായവ പ്രത്യേകം ഗൗനിക്കാതെ, വിവര്‍ത്തനഭാഷയുടെ ഒഴുക്കും, മിനുക്കും, സര്‍വ്വപ്രധാനമാക്കിക്കൊണ്ടുള്ള പരിഭാഷകള്‍ക്കു യഥാര്‍ത്ഥത്തില്‍ ക്വുര്‍ആന്‍ പരിഭാഷ എന്ന് പറഞ്ഞുകൂടാത്തതാണ്. അവയ്ക്ക് ക്വുര്‍ആന്‍റെ ആശയവിവര്‍ത്തനമെന്നോ, വ്യാഖ്യാന വിവര്‍ത്തനമെന്നോ പറയേതാകുന്നു. അതേസമയത്ത് വിവര്‍ത്തന ഭാഷയുടെതായ സമ്പ്രദായങ്ങള്‍ക്കൊന്നും വലിയകോട്ടം കൂടാതെ, പദങ്ങളും, ഘടനാരൂപങ്ങളും പരിപൂര്‍ണമായി കണക്കിലെടുത്തുകൊണ്ട് ഭാഷാന്തരം ചെയ്‌വാന്‍ സാധ്യവുമല്ല. അതുകൊണ്ട് പദങ്ങളുടെയും, ഘടനാ രൂപങ്ങളുടെയും അര്‍ത്ഥസാരങ്ങളും, സവിശേഷതകളും കഴിയുന്നത്ര നിലനിറുത്തിക്കൊണ്ടും വിവര്‍ത്തന ഭാഷക്ക് വലിയ കോട്ടംതട്ടാതെയും, വായനക്കാര്‍ക്ക് മൂലത്തിന്‍റെ ആശയം മനസ്സിലാക്കാവുന്ന തരത്തില്‍ പരിഭാഷാ കൃത്യം നിര്‍വ്വഹിക്കേണ്ടതാകുന്നു. വിവര്‍ത്തന ഭാഷയുടെ ഒഴുക്കും മെച്ചവും പ്രധാന ഉന്നമാക്കുന്ന പക്ഷം, ആയത്തുകളില്‍ അടങ്ങുന്ന പല സൂചനകളും, മര്‍മവശങ്ങളും നഷ്ടപ്പെട്ടേക്കും. മറിച്ച്, ഭാഷയുടെ നിയമങ്ങളും, അത്യാവശ്യ ഗുണങ്ങളും അവഗണിച്ചുകൊണ്ട് ഓരോ പദഘടനയെയും പ്രതിനിധീകരിക്കുന്ന വാക്കുകള്‍- അതേപടി പരിഭാഷയില്‍ കൊള്ളിക്കുവാന്‍ മുതിരുന്നപക്ഷം പരിഭാഷ ഉപയോ ഗശൂന്യവും, കടങ്കഥയുമായി പരിണമിക്കുകയും ചെയ്യും. ഈ രണ്ട് ദോഷങ്ങളും കഴിയുന്നത്ര ഗൗനിച്ചുകൊണ്ട് സന്ദര്‍ഭത്തിനൊത്ത് യുക്തമായ പോം വഴികള്‍ കണ്ടുപിടിച്ചുകൊണ്ട് ആയിരിക്കണം പരിഭാഷ. എന്നാല്‍ തന്നെയും -ചില ആയത്തുകളുടെ ഉദ്ദേശ്യം വായനക്കാര്‍ക്ക് വ്യക്തമാക്കിക്കാണിക്കുവാനും, അര്‍ത്ഥത്തില്‍ വന്നേക്കാവുന്ന തെറ്റിദ്ധാരണകള്‍ നീക്കുവാനായി- ബ്രാക്കറ്റുകള്‍ (ഇരുഭാഗ ത്തും വളയങ്ങള്‍) കൊടുത്തോ മറ്റോ ചെറുവിവരണങ്ങള്‍ ഇടയ്ക്കു കൊടുക്കേണ്ടതായി വന്നേക്കും. 

പരിഭാഷകന്‍റെ ആശയങ്ങളോ, തന്റേതായ വ്യാഖ്യാനത്തിന് വഴിതെളിയിക്കുന്ന സൂചനകളോ പരിഭാഷയില്‍ കല്പിച്ചുകൂട്ടി അടക്കം ചെയ്യുക, ആയത്തിന്‍റെ അര്‍ത്ഥത്തില്‍ ഉള്‍പ്പെട്ടതാണെന്ന് തോന്നുമാറ് അത്തരം വാക്കുകള്‍ പരിഭാഷയില്‍ കൂട്ടിക്കലര്‍ത്തുക, ഒന്നിലധികം വ്യാഖ്യാനമുഖങ്ങള്‍ വരുന്ന ആയത്തുകള്‍ക്ക് താന്‍ ഇഷ്ടപ്പെടുന്ന വ്യാഖ്യാനത്തെ ബലപ്പെടുത്തുന്ന വാക്കുകള്‍ തിരഞ്ഞെടുത്ത് അര്‍ത്ഥം കല്പിക്കുക ആദിയായ കൃത്യങ്ങള്‍ പരിഭാഷകന്മാര്‍ അനുവര്‍ത്തിക്കുന്നത് ശരിയല്ല. 

സര്‍വ്വനാമങ്ങള്‍, സൂചനാ നാമങ്ങള്‍ ( الضمائر والاشارات ) മുതലായവ കൊണ്ടുള്ള ഉദ്ദേശ്യം വ്യക്തമാക്കുവാന്‍, നിയമാനുസൃതം ലോപിച്ചുപോയിട്ടുള്ള ഭാഗം കാണിക്കുവാന്‍, പരിഭാഷയില്‍ കൊടുത്ത വാക്കിന്‍റെ താല്പര്യം സ്പഷ്ടമാക്കുവാന്‍, സംസാരമുഖം -സംസാരം ആരോടാണെന്നു- മനസ്സിലാക്കുവാന്‍ എന്നിങ്ങിനെ പല ആവശ്യങ്ങള്‍ക്കുമായി സന്ദര്‍ഭോചിതം പരിഭാഷകന്‍റെ വക വാക്കുകള്‍ ചേര്‍ക്കേതായി വരും. അതില്ലാത്തപക്ഷം വായനക്കാര്‍ക്ക് ആശയക്കുഴപ്പമോ, ഉദ്ദേശ്യം മനസ്സിലാക്കുവാന്‍ വിഷമമോ നേരിട്ടേക്കും. ഇതെല്ലാം കഴിയുന്നതും -ബ്രാക്കറ്റുകള്‍ വഴിയോ മറ്റോ- വേര്‍തിരിച്ചു കാണാവുന്ന രൂപത്തില്‍ ആയിരിക്കേണ്ടതാണ്. അല്ലാത്തപക്ഷം, അത്തരം വാക്കുകളെല്ലാം ക്വുര്‍ആനില്‍തന്നെ ഉള്‍പ്പെട്ടതാണെന്നോ മറ്റോ ധരിക്കുവാന്‍ ഇടയുണ്ട്. 

ബ്രാക്കറ്റുകളിലൂടെ പരിഭാഷയില്‍ എന്തും ഉള്‍ക്കൊള്ളിക്കാമെന്ന ഒരു ഭാവം ചിലരില്‍ കാണാറുണ്ട്. പരിഭാഷ എന്ന നിലക്ക് ഇത് തീര്‍ച്ചയായും ക്ഷന്തവ്യമല്ല. അത്, പരിഭാഷയുടെ പേരില്‍ സ്വന്തം അഭിപ്രായം ഇറക്കുമതിചെയ്യലായിത്തീരുന്നതാണ്. പക്ഷേ, ഈ നില സ്വീകരിക്കുന്ന പരിഭാഷകന്‍ തന്‍റെ വക വിവരണമോ, വ്യാഖ്യാനമോ പിന്നീട് പ്രത്യേകം നല്‍കുവാന്‍ പോകുന്നില്ലെങ്കില്‍, ഈ വഴക്കത്തെ അധികം ആക്ഷേപിച്ചുകൂടാ. കാരണം: ബ്രാക്കറ്റിലുള്ളതെല്ലാം അയാളുടെ വ്യാഖ്യാനമായും, അല്ലാത്ത ഭാഗം മാത്രം പരിഭാഷയായും ഗണിക്കാമല്ലോ. അറബി തഫ്‌സീറുകളില്‍ ഈ സമ്പ്രദായമാണ് അധികം അംഗീകരിക്കപ്പെട്ടുകാണുക. അഥവാ, ക്വുര്‍ആനല്ലാത്ത ഭാഗങ്ങളെല്ലാം -അക്ഷര വലുപ്പത്തിന്‍റെ വ്യത്യാസം കൊണ്ടോ, ബ്രാക്കറ്റുകള്‍ മുഖേനയോ- വ്യത്യാസപ്പെടുത്തിക്കൊണ്ട്  വേര്‍തിരിക്കപ്പെട്ടിരിക്കും. ഇതൊരു നല്ല വഴക്കം തന്നെയാണ്. 

നേരെ മറിച്ച് ക്വുര്‍ആന്‍ പരിഭാഷയില്‍ തീരെ ബ്രാക്കറ്റുകള്‍ കൊടുക്കരുതെന്ന അഭിപ്രായക്കാരായ ചിലരെയും കാണാം. ഇത് ഒരുതരം അറിവില്ലായ്മയാണ്. മേല്‍ സൂചിപ്പിച്ചതുപോലുള്ള അത്യാവശ്യസന്ദര്‍ഭങ്ങളിലും പരിഭാഷകന്‍റെ വകയായി വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാത്തപക്ഷം, പരിഭാഷ അലങ്കോലപ്പെടുകയും, ഉപയോഗ ശൂന്യമായിത്തീരുകയും ചെയ്യും. ചേര്‍ക്കപ്പെടുന്ന വാക്കുകള്‍ പ്രത്യേകം അടയാളപ്പെടുത്താത്തപക്ഷം അതെല്ലാം തന്നെ, ക്വുര്‍ആനില്‍ പ്രസ്താവിച്ചിട്ടുള്ള പദങ്ങളായി ഗണിക്കപ്പെട്ടേക്കുകയും ചെയ്യും. 

ക്വുര്‍ആനില്‍ പ്രസ്താവിക്കപ്പെട്ടിട്ടുള്ള സംഗതികള്‍ മനുഷ്യന്‍റെ കഴിവനുസരിച്ച് അതേ രൂപത്തില്‍- ഭേദഗതി വരുത്താതെ- മറ്റൊരു ഭാഷയില്‍ പ്രകാശിപ്പിക്കുകയാണല്ലോ ക്വുര്‍ആന്‍ പരിഭാഷയുടെ ഉദ്ദേശ്യം. അതിനു പുറമേയുള്ളതെല്ലാം ആ മൂലാശയങ്ങളുടെ വിശദീകരണവും, വിവരണവുമായിരിക്കും. നമ്മുടെ താല്പര്യത്തിനോ സൗകര്യത്തിനോ പ്രാധാന്യം കല്പിക്കാതെ, ആ വചനങ്ങള്‍ എന്തു വചിക്കുന്നുവോ അത് -അവയെ അവയുടെ സ്വാഭാവികമായ നിലയില്‍ വീക്ഷിക്കുമ്പോള്‍ ലഭിക്കുന്നതെന്തോ അത് -ആകുന്നിടത്തോളം പരിഭാഷയില്‍ വരുത്തുകയും, ബാക്കിയെല്ലാം പരിഭാഷക്കു പുറമെ യഥാവിധി വിവരിക്കുകയുമാണ് നാം വേണ്ടത്. പരിഭാഷകനു പറയാനുള്ളതെല്ലാം ഈ വിവരണത്തില്‍ അടക്കം ചെയ്യാമല്ലോ. 

ക്വുര്‍ആന്‍റെ ഒരു വള്ളിയോ, പുള്ളിയോ മാറ്റികൂടാത്തതാണ്. എന്നാല്‍, അതിയോഗ്യനായ ഒരു പരിഭാഷകന്‍റെ പരിഭാഷയായാല്‍ പോലും പരിഭാഷകന്‍ ഉപയോഗിച്ച അതേ വാക്കുകളില്‍ മാത്രമേ ആയത്തുകളുടെ അര്‍ത്ഥം പറയാവൂ എന്നോ, പരിഭാഷകളില്‍ കാണാവുന്ന വാക്കുകളും, പദങ്ങളും സുനിശ്ചിതങ്ങളാണെന്നോ ഇല്ലതന്നെ. ആകയാല്‍, പരിഭാഷാഗ്രന്ഥങ്ങളില്‍ അതത് ആയത്തുകളുടെ പരിഭാഷകളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പദങ്ങളും അക്ഷരങ്ങളുമല്ല വായനക്കാര്‍ പ്രധാനമായി ഗൗനിക്കേണ്ടത്. അവമൂലം പരിഭാഷകന്‍ അവതരിപ്പിക്കുന്ന ആശയങ്ങളും അര്‍ത്ഥങ്ങളുമാണ് മനസ്സിരുത്തേണ്ടത്. അതേ ആശയം, അയാള്‍ കൊണ്ടുവന്ന വാക്കുകളെക്കാള്‍ നല്ലതോ, അത്‌പോലെയുള്ളതോ ആയ വേറെ വാക്കുകളിലും പ്രകാശിപ്പിക്കുവാന്‍- ഒരു പക്ഷേ, വായനക്കാര്‍ക്കുതന്നെ- സാധിച്ചേ ക്കുന്നതാണ്. 

ഒന്നു രണ്ട് ചെറിയ ഉദാഹരണങ്ങളെടുക്കാം:- ذَٰلِكَ الْكِتَابُ لَا رَيْبَ  ۛ فِيهِ  ۛ هُدًى لِّلْمُتَّقِينَ എന്നുള്ള ആയത്തിന്‍റെ ആശയത്തില്‍ വളരെ മാറ്റമൊന്നും സംഭവിക്കാതെ ത്തന്നെ, പല വിധത്തിലും അത് അര്‍ത്ഥവിവര്‍ത്തനം ചെയ്യാം: 

(1) 'അത് ഗ്രന്ഥമാണ്, അതില്‍ സന്ദേഹമേ ഇല്ല. സൂക്ഷ്മതയുള്ളവര്‍ക്ക് മാര്‍ഗദര്‍ശനമാണ്' 
(2) 'ആ ഗ്രന്ഥം! അതില്‍ സംശയമില്ല........' 
(3) 'അതത്രെ ഗ്രന്ഥം........' 
(4) 'ആ ഗ്രന്ഥത്തില്‍ യാതൊരു സംശയവുമില്ല. ഭയഭക്തന്മാര്‍ക്ക് വഴികാട്ടിയാണ്' 
(5) '........വഴികാട്ടി എന്ന നിലയില്‍' 
ഇങ്ങിനെ പല വാക്കുകളിലും ഇതിനു അര്‍ത്ഥം വരാവുന്നതും പറയാവുന്നതുമാണ്. വ്യാകരണപരമായ അതിന്‍റെ ഘടനയും, ഘടകങ്ങളും കണക്കാക്കുവാനുള്ള വിവിധ സൗകര്യങ്ങളാണ് ഇതിനു കാരണം. ذكر (ദിക്ര്‍) എന്ന പദത്തിന് 'പറയുക, സ്മരിക്കുക, വിചാരിക്കുക, പ്രസ്താവന, പ്രഖ്യാപനം, പ്രമാണം, പ്രബോധനം, ധ്യാനം, കീര്‍ത്തി, ചിന്തിക്കുക' എന്നിങ്ങനെ പല അര്‍ത്ഥങ്ങളും വരാവുന്നതാണ്. സന്ദര്‍ഭമനുസരിച്ച് ഇവയില്‍ ഏതെങ്കിലും ഒന്ന് പരിഭാഷകന്‍ തിരഞ്ഞെടുക്കേണ്ടതായി വരുമല്ലോ. അതുകാണുമ്പോള്‍, ആ വാക്കില്‍ മാത്രമേ ആ പദത്തിന് അര്‍ത്ഥം പറയാവൂ എന്ന് ഉറപ്പിക്കുവാന്‍ പാടില്ലാത്തതാണ്. قال (ക്വാല) എന്ന ഭൂതക്രിയാരൂപത്തിനുതന്നെ, 'പറഞ്ഞു, പറഞ്ഞിരിക്കുന്നു, പറയാം, പറയുന്നു, പറയും' എന്നിങ്ങിനെ സന്ദര്‍ഭോചിതം അര്‍ത്ഥം വരും. അതേ ക്രിയയുടെ വര്‍ത്തമാന-ഭാവിരൂപമായ يقول (യക്വൂലു) വിന്ന് പറയും, പറയുന്നു, പറഞ്ഞുകൊണ്ടിരിക്കും, പറയാം, പറഞ്ഞേക്കും, പറയണം, പറയുകയാണ് എന്നൊക്കെയും അര്‍ത്ഥം വരാം. ഇങ്ങിനെ അക്ഷര വ്യത്യാസങ്ങളോടുകൂടിയ വാക്കുകളില്‍ അടങ്ങിയിരിക്കുന്ന ആശയവ്യത്യാസമാണ് ശ്രോതാക്കളും, വായനക്കാരും മനസ്സിലാക്കേണ്ടത്. ولله المو فق

Our Location

Mujahid Centre
5th Floor, CD Tower
Calicut-4
Telephone: (0495) 2722801
Email: contact@malayalamqurantafsir.com