'ബിസ്മി' ചൊല്ലല്‍ ( البسملة )

അബൂബക്ര്‍ സ്വിദ്ദീക്വ് (റ)ന്‍റെ കാലത്ത് ക്വുര്‍ആന്‍ ക്രോഡീകരിച്ചു എഴുതപ്പെട്ട ഒന്നാമത്തെ മുസ്വ്ഹഫ് മുതല്‍ക്കുള്ള എല്ലാ മുസ്വ്ഹഫുകളിലും സൂറത്തു-ത്തൗബ ഒഴിച്ചു മറ്റുള്ള 113 സൂറത്തുകളും ആരംഭിക്കുന്നത് 'ബിസ്മി' കൊണ്ടാകുന്നു. (തൗബ സൂറത്തില്‍ ബിസ്മി ഇല്ലാതിരിക്കുവാന്‍ കാരണം മുഖവുരയില്‍ സൂചിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരം യഥാസ്ഥാനത്തുവെച്ചും കാണാം. (ان شاء لله ) കൂടാതെ, സൂറത്തുന്നംല് 30-ാം വചനത്തിലും ഒരു 'ബിസ്മി' അടങ്ങിയിരിക്കുന്നു. ആ ബിസ്മി ആ വചനത്തിന്‍റെ ഒരു ഭാഗമാണെന്നുള്ളതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. സൂറത്തുകളുടെ ആരംഭത്തിലുള്ള ബിസ്മികള്‍ ക്വുര്‍ആനില്‍ പെട്ടതാണോ, അല്ലേ എന്നുള്ളതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. 

അവയുടെ ചുരുക്കം ഇതാണ്:

1) ഓരോന്നിലെയും ബിസ്മി ആ സൂറത്തിലെ ഒന്നാമത്തെ ആയത്താകുന്നു.

2) അതതു സൂറത്തുകളിലെ ഒന്നാം ആയത്തിന്‍റെ ഒരു ഭാഗമാണ് ബിസ്മി.

3) സൂറത്തുല്‍ ഫാതിഹഃയില്‍ മാത്രം ഒന്നാമത്തെ ആയത്താകുന്നു. മറ്റു സൂറത്തുകളിലേത് സൂറത്തുകള്‍ തമ്മില്‍ തിരിച്ചറിയുവാനായി ആരംഭത്തില്‍ കൊടുത്തിട്ടുള്ളതുമാകുന്നു.

4) ഫാതിഹഃ അടക്കം എല്ലാ സൂറത്തുകളുടെയും ആരംഭം കുറിക്കുന്നതാണവ. അഥവാ ഒന്നും തന്നെ അതതു സൂറത്തുകളിലെ ആയത്തുകളല്ല. ഓരോ അഭിപ്രായക്കാര്‍ക്കും ഹദീഥുകളില്‍ നിന്നും മറ്റുമായി ഉദ്ധരിക്കുവാനുള്ള ന്യായങ്ങളും, തെളിവുകളും ഉദ്ധരിക്കുന്നപക്ഷം അത് കുറേ ദീര്‍ഘിച്ചുപോകുന്നതാണ്.
ഒരു കാര്യം തീര്‍ത്തുപറയാം. ക്വുര്‍ആന്‍ പാരായണം തുടങ്ങുമ്പോഴും, സൂറത്തുകളുടെ ആരംഭത്തിലും -ഫാത്തിഹഃയുടെ ആരംഭത്തില്‍ വിശേഷിച്ചും- 'ബിസ്മി'ചൊല്ലല്‍ ആവശ്യമാകുന്നു. നബി തിരുമേനി (സ.അ) ക്ക് അവതരിച്ച ഒന്നാമത്തെ ക്വുര്‍ആന്‍ വചനം (اقرأ باسم ربك الذي خلق(നീ നിന്‍റെ റബ്ബിന്‍റെ നാമത്തില്‍ വായിക്കുക) എന്നായിരുന്നു. റബ്ബിന്‍റെ നാമത്തില്‍ ആരംഭിക്കുന്നതിന്‍റെ പ്രാവര്‍ത്തിക രൂപം 'ബിസ്മി' മുഖേന നമുക്ക് നബി (സ.അ) കാട്ടിത്തന്നിട്ടുമുണ്ട്. നബി (സ.അ) യുടെ ക്വുര്‍ആന്‍ പാരായണത്തെപ്പറ്റി ചോദിക്കപ്പെട്ടപ്പോള്‍, തിരുമേനി പാരായണം ചെയ്തിരുന്നത് നീട്ടി നീട്ടിക്കൊണ്ടായിരുന്നുവെന്ന് അനസ് (റ) പ്രസ്താവിച്ചതായും, അനന്തരം അദ്ദേഹം 'ബിസ്മില്ലാഹി' എന്നും, 'അര്‍-റഹ്മാനി' എന്നും, 'അര്‍-റഹീം' എന്നും നീട്ടി നീട്ടിക്കൊണ്ട് ചൊല്ലിക്കാട്ടിയതായും ബുഖാരി (റ) രേഖപ്പെടുത്തിയിരിക്കുന്നു. തിരുമേനി ബിസ്മിയോടുകൂടിയാണ് ക്വുര്‍ആന്‍ പാരായണം ചെയ്തിരുന്നതെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. കൂടാതെ ഉമ്മുസലമഃ (റ)യില്‍ നിന്ന് അഹ്മദ്, അബൂദാവൂദ്,ഹാകിം (റ) മുതലായവര്‍ ഉദ്ധരിച്ച ഒരു ഹദീഥില്‍, തിരുമേനിയുടെ ഓത്ത് മുറിച്ചു മുറിച്ചു കൊണ്ട് (ആയത്തുകള്‍ തമ്മില്‍ കൂട്ടിച്ചേര്‍ത്ത് ഓതാതെ) ആയിരുന്നുവെന്ന് അവര്‍ പറഞ്ഞതായും, ബിസ്മിയും ഫാതിഹഃയിലെ രണ്ട് ആയത്തുകളും ഓതിക്കൊണ്ട് അതിന്നവര്‍ ഉദാഹരണം കാട്ടിക്കൊടുത്തതായും വന്നിരിക്കുന്നു. ക്വുര്‍ആന്‍ പാരായണവേളയില്‍ മാത്രമല്ല, നല്ലതും വേണ്ടെപ്പട്ടതുമായ ഏതൊരുകാര്യം തുടങ്ങുമ്പോഴും അത് അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭിക്കേണ്ടതാണെന്ന്-അഥവാ ബിസ്മിയോടുകൂടി തുടങ്ങണമെന്ന്- നബി തിരുമേനി (സ.അ) യുടെ ചര്യയില്‍നിന്ന് പൊതുവില്‍ അറിയപ്പെട്ട ഒരു സംഗതിയാകുന്നു. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ബിസ്മി ചൊല്ലുവാന്‍ നിര്‍ദ്ദേശിക്കുന്ന ഹദീഥുകളും നിലവിലുണ്ട്. ജലപ്രളയത്തില്‍ നിന്ന് രക്ഷപ്പെടുവാനായി അല്ലാഹുവിന്‍റെ കല്‍പനപ്രകാരം നൂഹ് നബി (അ) കപ്പലില്‍ കയറിയപ്പോള്‍ 'ബിസ്മില്ലാഹി' എന്നു പറഞ്ഞതായും (ഹൂദ് 41) യമനിലെ രാജ്ഞിക്ക് സുലൈമാന്‍ നബി (അ)അയച്ച കത്തിന്‍റെ ആദ്യത്തില്‍ 'ബിസ്മി' മുഴുവനും എഴുതിയിരുന്നതായും (നംല് 30) അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. പ്രധാന കാര്യങ്ങള്‍ ബിസ്മി കൊണ്ട് ആരംഭിക്കുന്ന സ്വഭാവം

പൂര്‍വ്വ പ്രവാചകന്മാര്‍ മുതല്‍ക്കേയുള്ള പതിവാണെന്ന് ഇതില്‍നിന്നൊക്കെ മനസ്സിലാക്കാവുന്നതാണ്. നല്ല കാര്യങ്ങള്‍ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭിക്കന്നതില്‍ പല യുക്തിരഹസ്യങ്ങളും അടങ്ങിയിട്ടുണ്ടെന്ന് അല്പം ആലോചിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. നല്ലത് ചെയ്യാനുള്ള പ്രചോദനവും, കഴിവും, സാഹചര്യവും നല്‍കുന്നത് അല്ലാഹുവാണല്ലോ. ഈ അനുഗ്രഹത്തിന്‍റെ സ്മരണയും, അതിനുള്ള ഒരു നന്ദിയുമായിരിക്കും അത്. ആരംഭിക്കുന്ന കാര്യം വേണ്ടതുപോലെ നിറവേറ്റുവാനുള്ള സഹായം, അതിന് പ്രതിബന്ധമായിത്തീരുന്ന കാര്യങ്ങളില്‍നിന്നുള്ള രക്ഷ, പ്രത്യേകിച്ചും പിശാചിന്‍റെ ഇടപെടലില്‍നിന്നുള്ള കാവല്‍, ആ കാര്യം അല്ലാഹുവിങ്കല്‍ സ്വീകാര്യമായതായിരിക്കുവാനുള്ള ഭാഗ്യം ഇതെല്ലാം അല്ലാഹുവില്‍ നിന്ന് മാത്രം ലഭിക്കേണ്ടുന്നവയാണ്. ആ നിലക്ക് അവന്‍റെ നാമവും അവന്‍റെ കൃപാകടാക്ഷവും ഓര്‍ത്തും ഉച്ചരിച്ചും കൊണ്ടുള്ള ശുഭസൂചകമായ ആ തുടക്കം അതിന്‍റെ പര്യവസാനം ശുഭകരമായിത്തീരുവാനും കാരണമാകുന്നതാണ്. ഒരാള്‍ ഒരു സല്‍ക്കാര്യം തന്നെ ചെയ്യുന്നുവെന്ന് വെക്കുക. ആ അവസരത്തില്‍ അല്ലാഹുവിനെക്കുറിച്ചുള്ള വിചാരവികാരമൊന്നും കൂടാതെയാണ് അയാള്‍ അത് ചെയ്യുന്നതെങ്കില്‍, ആ കാര്യം ചെയ്തതിന്‍റെ പേരില്‍ അല്ലാഹുവിന്‍റെ പ്രീതിക്കോ പ്രതിഫലത്തിനോ അയാള്‍ക്ക് അവകാശമില്ല.
നമസ്‌കാരത്തിലാകുമ്പോള്‍ ബിസ്മി ഉറക്കെ ചൊല്ലുന്നതോ, പതുക്കെ ചൊല്ലുന്നതോ നല്ലത്? ഇതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണുള്ളത്. രണ്ടും തീര്‍ത്തുപറയത്തക്കവണ്ണം ഹദീഥുകളില്‍ നിന്ന് തെളിവ് ലഭിക്കാത്തതും, ബിസ്മി ക്വുര്‍ആനിലെ ഒരു ആയത്താണോ അല്ലേ എന്ന വിഷയത്തിലുള്ള വ്യത്യസ്താഭിപ്രായങ്ങളുമാണ് ഈ ഭിന്നിപ്പിന് കാരണം. എങ്കിലും നമസ്‌കാരത്തില്‍ വെച്ച് ബിസ്മി ഉറക്കെ ചൊല്ലിയാലും പതുക്കെ ചൊല്ലിയാലും നമസ്‌കാരത്തിന് അത് മൂലം ഭംഗം നേരിടുമെന്ന് ആരും പറയുന്നില്ല. രണ്ടിലൊന്ന് നിര്‍ബന്ധമാണെന്നും ആര്‍ക്കും അഭിപ്രായമില്ല. രണ്ടില്‍ ഏതാണ് നല്ലത് എന്നതില്‍ മാത്രമേ ഭിന്നിപ്പുള്ളൂ. ഇമാം ഇബ്‌നുക്വയ്യിം (റ) അദ്ദേഹത്തിന്‍റെ പ്രസിദ്ധ നബിചര്യാഗ്രന്ഥമായ സാദുല്‍ മആദി (  زاد المعاد )  ല്‍ നബി (സ) യുടെ നമസ്‌കാരത്തിന്‍റെ രൂപം വിവരിക്കുന്ന മദ്ധ്യേ ഇങ്ങിനെ പ്രസ്താവിക്കുന്നു: 'പിന്നീട് തിരുമേനി അഊദു ചൊല്ലും, പിന്നെ ഫാത്തിഹാ സൂറത്ത് ഓതും. ചിലപ്പോള്‍ ഉറക്കെ ബിസ്മി ചൊല്ലും. ഉറക്കെ ചൊല്ലുന്നതിനേക്കാള്‍ അധികം അവിടുന്ന് പതുക്കെ ചൊല്ലുകയായിരുന്നു ചെയ്തിരുന്നത്. രാവും പകലും അഞ്ചു നേരങ്ങളില്‍ അവിടുന്ന് പതിവായി യാത്രയില്‍ വെച്ചും നാട്ടില്‍വെച്ചും ഉറക്കെ ചൊല്ലി വരികയും, എന്നിട്ടത് ഖുലഫാഉറാശിദീനും, ഭൂരിപക്ഷം സ്വഹാബികള്‍ക്കും, ആ നല്ല കാലക്കാരായ നാട്ടുകാര്‍ക്കും അജ്ഞാതമായിരിക്കുകയും ചെയ്യുക സംഭവ്യമല്ലതന്നെ............' 'അഊദി'നെപ്പറ്റി പ്രസ്താവിച്ചതുപോലെതന്നെ, ബിസ്മിയെ സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളും, ഓരോ അഭിപ്രായത്തിനും ഹദീഥുകളെയോ മറ്റോ ആധാരമാക്കിക്കൊുള്ള ന്യായീകരണങ്ങളും, ഇവിടെ ഉദ്ധരിച്ചു ദീര്‍ഘിപ്പിക്കുന്നില്ല. (ഫിക്വ്ഹ് ഗ്രന്ഥങ്ങളാണതിന്‍റെ സ്ഥാനം) ഉദ്ധരിക്കുവാനുള്ള ഹദീഥുകളാകട്ടെ, -ഇബ്‌നുക്വയ്യിം (റ) പറഞ്ഞതുപോലെ- ഒന്നുകില്‍ വിഷയം വ്യക്തമല്ലാത്തതോ, അല്ലെങ്കില്‍ ദുര്‍ബ്ബലങ്ങളോ ആണുതാനും.

എങ്കിലും അവയില്‍ നിന്ന് ഇത്രയും സംഗതികള്‍ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും:

1) സൂറത്തുകളുടെ ആരംഭങ്ങളിലുള്ള ഓരോ ബിസ്മിയും സൂറത്തിലെ ഓരോ ആയത്തോ, ആയത്തിന്‍റെ ഭാഗമോ ആണെങ്കിലും അല്ലെങ്കിലും ശരി, അവ പൊതുവില്‍ ക്വുര്‍ആനില്‍ ഉള്‍പ്പെട്ടതും, അതോടൊപ്പം സൂറത്തുകളുടെ തുടക്കം കുറിക്കുന്നതുമാകുന്നു. ഉഥ്മാന്‍ (റ) തയ്യാറാക്കിയ ഒന്നാമത്തെ പകര്‍പ്പ് മുസ്വ്ഹഫ് മുതല്‍ ഇന്നേവരെയുള്ള എല്ലാ മുസ്വ്ഹഫുകളിലും, തൗബ ഒഴികെ ഓരോ സൂറത്തിന്‍റെയും ആരംഭത്തില്‍ 'ബിസ്മി' എഴുതപ്പെട്ടിട്ടുള്ളതുതന്നെ ഇതിന് തെളിവാകുന്നു. 

2) ക്വുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ആദ്യം 'അഊദു'വും, പിന്നീട് 'ബിസ്മി' യും ചൊല്ലേണ്ടതാണ്.

3) ഓരോ സൂറത്തും 'ബിസ്മി'യോടുകൂടി ഓതുകയാണ് വേണ്ടത്.

4) നമസ്‌കാരത്തിലാവുമ്പോള്‍ 'അഊദു' പതുക്കെ ഓതണം. 'ബിസ്മി' പതുക്കെയും, ഉറക്കെയും ആവാമെങ്കിലും കൂടുതല്‍ നല്ലത് പതുക്കെ യാകുന്നു. (الله  اعلم) .

Our Location

Mujahid Centre
5th Floor, CD Tower
Calicut-4
Telephone: (0495) 2722801
Email: contact@malayalamqurantafsir.com