വ്യാഖ്യാനത്തില്‍ ഗൗനിക്കപ്പെടേണ്ടുന്ന മറ്റു ചില കാര്യങ്ങള്‍

ക്വുര്‍ആന്‍ വ്യാഖ്യാനത്തില്‍ അറിഞ്ഞിരിക്കേണ്ടതും, പാലിക്കേണ്ടതുമായ കാര്യങ്ങള്‍ ഇനിയും പലതുമുണ്ട്. ഉദാഹരണമായി ചുരുക്കം ചിലതുകൂടി ഇവിടെ സൂചിപ്പിക്കാം:- 1) ലോപനം ( الحذف ) അതായത് ഒരു വാക്യത്തില്‍ നിന്നു അതിലെ ചില പദങ്ങള്‍ വിട്ടുകളയുക. ഇതു ഭാഷയില്‍ സാധാരണമാണ്. ഉദാഹരണം:   وَأُشْرِبُوأ فِي قُلُوبِهِمُ الْعِجْلَ بِكُفْرِهِمْ (അവരുടെ ഹൃദയങ്ങളില്‍ പശുക്കുട്ടി കുടിപ്പിക്കപ്പെട്ടിരിക്കുന്നു) ഇവിടെ العجل (പശുക്കുട്ടി) എന്നതിന് മുമ്പ് ഒരു പദം ലോപിച്ചിട്ടുണ്ട്. حب العجل (പശുക്കുട്ടിയോടുള്ള പ്രേമം) എന്നാണ് സാക്ഷാലുള്ളത്. وِسْئلِ الْقِرْيَةَ (രാജ്യത്തോട് ചോദിക്കുക) എന്നതിന്‍റെ സാക്ഷാല്‍ രൂപം واسأل اھل القرية (രാജ്യക്കാരോട് ചോദിക്കുക) എന്നും,  واخْتَارَ مُوسىَ قَوْمَهُ (മൂസാ തന്‍റെ ജനതയെ തിരഞ്ഞെടുത്തു) എന്നതിന്‍റെ സാക്ഷാല്‍ രൂപം من قومھ (തന്‍റെ ജനതയില്‍ നിന്ന് തിരഞ്ഞെടുത്തു) എന്നുമാകുന്നു. ചിലപ്പോള്‍ ഒന്നിലധികം പദങ്ങളും- ചിലപ്പോള്‍ വാക്യങ്ങള്‍തന്നെയും- ഇങ്ങിനെ ലോപിച്ചിരിക്കും. ഉദാഹരണം: فَأَوْحَيْنآ إِلىَ مُوسَى أَنِ اضرِب بِّعصَاكَ البَحْرَ فَانفَلَقَ (അപ്പോള്‍ നാം മൂസാക്ക് വഹ്‌യ് നല്‍കി. നീ നിന്‍റെ വടിക്കൊണ്ട്  സമുദ്രത്തെ അടിക്കുക എന്ന്. അപ്പോള്‍ അത് പിളര്‍ന്നു). മൂസാക്ക് വഹ്‌യ് നല്‍കിയപ്പോഴേക്കും സമുദ്രം പിളര്‍ന്നുവെന്നല്ല فضرب موسى بعصاه البحر فانفلق (അങ്ങനെ, മൂസാ തന്‍റെ വടികൊണ്ട് സമുദ്രത്തെ അടിച്ചു, അപ്പോള്‍ അത് പിളര്‍ന്നു) എന്നാകുന്നു. ഇങ്ങിനെ അനേകം ഉദാഹരണങ്ങള്‍ ക്വുര്‍ആനില്‍ കാണാം. ഇപ്രകാരം ലോപിച്ചുപോയ വാക്കുകളെ സന്ദര്‍ഭം കൊണ്ട് മനസ്സിലാക്കുവാന്‍ കഴിയുന്നതാണ്. 

2) സാധാരണ ഉപയോഗിക്കപ്പെടാറുള്ള വാക്കിനുപകരം മറ്റൊരു വാക്ക് ഉപയോഗിക്കുക ( الابدال ) ഉദാഹരണം أَ هىذَا الّذى يذْكُرُ ءَالِهَتَكُمْ (ഇവനാണോ നിങ്ങളുടെ ദൈവങ്ങളെ പറയുന്നവന്‍?) ഇവിടെ ഉദ്ദേശ്യം الذى يسب الھتكم (നിങ്ങളുടെ ദൈവങ്ങളെ പഴിച്ചു പറയുന്നവന്‍) എന്നത്രെ.  فَأَذَ قَهَا اللهُ لِلباسَ الْجُوعِ (അപ്പോള്‍ അല്ലാഹു അതിന് വിശപ്പിന്‍റെ വസ്ത്രത്തെ ആസ്വദിപ്പിച്ചു) എന്നിടത്ത് طعم الجوع (വിശപ്പിന്‍റെ രുചിയെ) എന്നാണുദ്ദേശ്യം. ഇത്തരം പ്രയോഗങ്ങളില്‍ സാഹിത്യപരമായും, ആലങ്കാരികവുമായുള്ള പല സൂചനകളും അടങ്ങിയിരിക്കുന്നതാണ്. 

3) ഇടക്ക് വെച്ച് സംസാരമുഖം മാറ്റുക ( الالتفات فى الكلام ) ഉദാഹരണമായി, സംഭാഷകന്‍ തന്നെക്കുറിച്ച് , 'ഞാന്‍' എന്നോ 'ഞങ്ങള്‍' എന്നോ (ഉത്തമ പുരുഷരൂപത്തില്‍) സംസാരിച്ചുകൊണ്ടിരിക്കെ, ഇടക്ക് വെച്ച് 'അവന്‍' എന്നോ 'അവര്‍' എന്നോ തന്നെപ്പറ്റിത്തന്നെ (പ്രഥമ പുരുഷരൂപത്തില്‍) പ്രയോഗിക്കുക. അല്ലെങ്കില്‍ ശ്രോതാക്കളെ കുറിച്ച് 'നിങ്ങള്‍' എന്നോ 'നീ' എന്നോ (മദ്ധ്യമ പുരുഷ രൂപത്തില്‍) പറഞ്ഞുകൊണ്ടിരിക്കേ 'അവര്‍' എന്നോ അവന്‍ എന്നോ (പ്രഥമ പുരുഷ രൂപത്തില്‍) പ്രസ്താവിക്കുക. ക്വുര്‍ആനില്‍ ഇങ്ങിനെയുള്ള പ്രയോഗവും ധാരാളം കാണാം. ഉദാഹരണം: وَأَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجْنَا بِهِ أَزْوَاجًا مِّن نَّبَاتٍ شَتَّىٰ (അവന്‍ ആകാശത്തു നിന്ന് വെള്ളം ഇറക്കി. എന്നിട്ടു നാം അതുകൊണ്ട് പല ജാതി സസ്യങ്ങളെ ഉല്‍പാദിപ്പിച്ചു (20:53) ഇവിടെ, 'നാം' ഉല്‍പാദിപ്പിച്ചു ( اخرجنا ) എന്നു പറഞ്ഞതു 'അവന്‍ ഉല്‍പാദിപ്പിച്ചു ( اخرج ) എന്നതിന്‍റെ സ്ഥാനത്താകുന്നു. 'നാം' എന്നും 'അവന്‍' എന്നും ഉപയോഗിച്ചിരിക്കുന്നത് അല്ലാഹുവിനെ ഉദ്ദേശിച്ചു തന്നെയാണ്. ഇതിലെല്ലാം അടങ്ങിയ സാഹിത്യ രഹസ്യങ്ങള്‍ യഥാസ്ഥാനങ്ങളില്‍ നിന്നു മനസ്സിലാക്കേണ്ടതാകുന്നു. 

4) കൂടാതെ, വാചകത്തിന്‍റെ സ്വാഭാവികമായ രൂപം മാറ്റി മറ്റൊരു രൂപം നല്‍കല്‍ ( القلب ), ചില അവ്യയങ്ങളോ മറ്റോ കൂടുതലാക്കല്‍ ( الزيادة ) , ഒരു ക്രിയയില്‍ മറ്റൊരു ക്രിയയുടെ അര്‍ത്ഥവും കൂടി ഉള്‍പ്പെടുത്തല്‍ ( التضمين ) , സാക്ഷാല്‍ അര്‍ത്ഥത്തിലല്ലാതെ ആലങ്കാരികമായ അര്‍ത്ഥത്തില്‍ പദങ്ങളും, വാക്യങ്ങളും ഉപയോഗിക്കല്‍ ( المجاز ) എന്നിങ്ങനെ അനേകം കാര്യങ്ങള്‍ അറിഞ്ഞിരിക്കേതുണ്ട്. അറബി ഭാഷാ പരിജ്ഞാനം കൊണ്ട് ഏറെക്കുറെ ഇതൊക്കെ മനസ്സിലാക്കാമെങ്കിലും, ക്വുര്‍ആനെ സംബന്ധിച്ചിടത്തോളം, അതിനു പുറമെ ക്വുര്‍ആന്‍റെ പ്രത്യേക സാഹിത്യവുമായുള്ള പരിചയം കൂടി ആവശ്യമാണ്. 

ഇതുപോലെത്തന്നെ, വാച്യാര്‍ത്ഥം, വ്യംഗ്യാര്‍ത്ഥം, ദ്വയാര്‍ത്ഥം, സൂചനാര്‍ത്ഥം, പദാര്‍ത്ഥം, താല്‍പര്യം, ബാഹ്യാര്‍ത്ഥം, ആന്തരാര്‍ത്ഥം ആദിയായി വാക്യങ്ങളുടെ അര്‍ത്ഥ സാരങ്ങളില്‍ വരുന്ന തരാതരങ്ങളും, താരതമ്യങ്ങളും അറിഞ്ഞിരിക്കണം. ولله الموفق والمعين

Our Location

Mujahid Centre
5th Floor, CD Tower
Calicut-4
Telephone: (0495) 2722801
Email: contact@malayalamqurantafsir.com