3. മുനാഫിക്വുകള്‍ (കപടവിശ്വാസികള്‍)

മദീനയില്‍ ക്വുര്‍ആനിനു നേരിടേണ്ടി വന്ന മറ്റൊരു ശത്രുവിഭാഗമാണ് മുനാഫിക്വുകള്‍. 

രണ്ടുതരക്കാരെപ്പറ്റിയാണ് മുനാഫിക്വുകള്‍ എന്നു പറയാറുള്ളത്. ഒരു തരക്കാര്‍, മനസ്സില്‍ തികച്ചും അവിശ്വാസം കുടികൊള്ളുന്നതോടൊപ്പം, താല്‍ക്കാലികമായ താല്‍പര്യങ്ങളും, പരിതഃസ്തിഥിയും നിമിത്തം ഇസ്‌ലാമിന്‍റെ വേഷം അണിഞ്ഞവരായിരുന്നു. ഇവര്‍ മുസ്‌ലിംകളുടെ ഇടയില്‍ വരുമ്പോള്‍ തങ്ങള്‍ മുസ്‌ലിംകളാണെന്ന് അഭിനയിക്കുകയും, തക്കം കിട്ടുമ്പോള്‍ ഇസ്‌ലാമിനെതിരായി പ്രവര്‍ത്തിക്കുകയും, അവിശ്വാസികളുടെ അക്രമ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും. ഈ വിഭാഗത്തെ കുറിച്ചാണ് സൂറഃ 4:145 ല്‍ 'നിശ്ചയമായും മുനാഫിക്വുകള്‍ നരകത്തിലെ ഏറ്റവും താഴ്ന്ന പടിയിലാണ്' എന്ന് അല്ലാഹു പ്രസ്താവിച്ചത്. ഇത്തരം നിഫാക്വിന്‍റെ (കാപട്യത്തിന്‍റെ) ആള്‍ക്കാരെ കുറിച്ച് നബി (സ.അ) യുടെ കാലശേഷം ശരിക്ക് മനസ്സിലാക്കുവാനും, തിരിച്ചറിയുവാനും സാദ്ധ്യമല്ല. കാരണം, ബാഹ്യത്തില്‍ കാണപ്പെടുന്നതനുസരിച്ച് വിധി കല്‍പ്പിക്കുകയല്ലാതെ, ഹൃദയത്തിലെ വിശ്വാസവും അവിശ്വാസവും സൂക്ഷ്മമായി മനസ്സിലാക്കുവാന്‍ വഹ്‌യ്‌ കൊണ്ടല്ലാതെ സാദ്ധ്യമല്ലല്ലോ. ഒരു പ്രകാരത്തില്‍ നോക്കുമ്പോള്‍, പ്രത്യക്ഷ ശത്രുക്കളെക്കാള്‍ സ്വൈരക്കേടാണ് ഇവര്‍മൂലം ഇസ്‌ലാമിനുണ്ടായിട്ടുള്ളത്. മുസ്‌ലിംകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കി ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുക്കുവാനും ശത്രുക്കളുമായി ഗുഢാലോചനകള്‍ നടത്തി കുഴപ്പം സൃഷ്ടിക്കുവാനും ഇവര്‍ക്ക് കൂടുതല്‍ സൗകര്യം ഉണ്ടായിരിക്കുമല്ലോ. 

ഈ വിഭാഗക്കാരെ കുറിച്ച് വളരെ പരുഷവും, കടുത്തതുമായ വാക്കുകളിലാണ് ക്വുര്‍ആന്‍ സംസാരിക്കാറുള്ളത്. കനത്ത താക്കീതുകളും അവര്‍ക്ക് നല്‍കിയിട്ടുണ്ട്. അവരുടെ പല രഹസ്യങ്ങളും, ഗൂഢതന്ത്രങ്ങളും ക്വുര്‍ആന്‍ തുറന്നു കാട്ടി. അവര്‍മൂലം ഉണ്ടായേക്കാവുന്ന പല അനിഷ്ടസംഭവങ്ങളെയും അല്ലാഹു മുന്‍കൂട്ടി നബി (സ.അ) യെ ഉണര്‍ത്തിയിട്ടുണ്ട്. പ്രത്യക്ഷത്തില്‍ മുസ്‌ലിംകളോടെന്നപോലെ നബി (സ.അ)  അവരോടും പെരുമാറിയിരുന്നുവെങ്കിലും- യഥാര്‍ത്ഥത്തില്‍ അവര്‍ ശത്രുക്കളാണെന്ന് പൂര്‍ണബോധ്യമുള്ളതുകൊണ്ട്- അവരെക്കുറിച്ച് എപ്പോഴും ജാഗ്രതയിലായിരുന്നു. ഇവരെ തിരിച്ചറിയുമാറുള്ള ലക്ഷണങ്ങള്‍ പലതും ക്വുര്‍ആന്‍ നബി (സ.അ) ക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തു. അതുമുഖേന തിരുമേനി ശരിക്കും അവരെ മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇതെല്ലാമായിട്ടും പാഠം പഠിക്കാതിരിക്കത്തക്കവണ്ണം അവരുടെ ഹൃദയങ്ങള്‍ മരവിച്ചുപോയിരുന്നു. ഒടുക്കം അവര്‍ മരണപ്പെട്ടാല്‍ അവരുടെ പേരില്‍ നമസ്‌കാരം നടത്തരുതെന്നുപോലും നബി (സ.അ) യോട് ക്വുര്‍ആന്‍ ആജ്ഞാപിച്ചു. ഇവരുടെ കാപട്യം വിശ്വാസത്തില്‍ തന്നെ ആയതുകൊണ്ട് ഇവരെപ്പറ്റി منافقو الايمان (വിശ്വാസത്തിലെ കപടന്മാര്‍) എന്നുപറയാം. 

രണ്ടാമത്തെ തരക്കാര്‍, കര്‍മത്തിലും, സ്വഭാവത്തിലുമുള്ള കപടന്മാരാണ് منافقو العمل والاخلاق ഇവര്‍ തനി അവിശ്വാസികളല്ലെങ്കിലും, വിശ്വാസത്തില്‍ സ്ഥിരതയും അടിയുറപ്പുമില്ലാത്ത ദുര്‍ബ്ബല വിശ്വാസക്കാരാകുന്നു. ഇവരില്‍ പല വകുപ്പുകള്‍ കാണാം. സ്വജനങ്ങള്‍ക്കൊപ്പിച്ച് വിശ്വാസത്തിനും അവിശ്വാസത്തിനും അരുനില്‍ക്കുന്നവര്‍, ഐഹിക താല്‍പര്യങ്ങളില്‍ ലയിച്ചു അല്ലാഹുവിന്‍റെയും റസൂലിന്‍റെയും ആജ്ഞാനിര്‍ദ്ദേശങ്ങളെ അവഗണിക്കുന്നവര്‍, ധനമോഹം, നേതൃ ത്വമോഹം, അസൂയ മുതലായ കാരണങ്ങളാല്‍ ഇസ്‌ലാമികാദര്‍ശങ്ങളെ വകവെക്കാത്തവര്‍, ഉപജീവനമാര്‍ഗങ്ങളിലും മറ്റും വ്യാപൃതരായി പരലോക വിചാരവും മതനിഷ്ഠയും നഷ്ടപ്പെട്ടവര്‍, ഇസ്‌ലാമിനെ പൊതുവില്‍ നിഷേധിക്കുന്നില്ലെങ്കിലും നബി (സ.അ) യെ സംബന്ധിച്ചോ ഇസ്‌ലാമിന്‍റെ ഏതെങ്കിലും സ്പഷ്ടമായ അധ്യാപനങ്ങളെ സംബന്ധിച്ചോ സംശയങ്ങളും ആശങ്കയും വെച്ചുകൊണ്ടിരിക്കുന്നവര്‍, ഇസ്‌ലാമിന്‍റെ ഏതെങ്കിലും എതിര്‍കക്ഷികളോടുള്ള അനുഭാവവും ചായ്‌വും നിമിത്തം അവരെ സഹായിക്കുവാനും തൃപ്തിപ്പെടുത്തുവാനും വേണ്ടി ഇസ്‌ലാമിക തത്വങ്ങളെ നിസ്സാരമാക്കുന്നവര്‍ എന്നിങ്ങനെയുള്ളവരെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ട മുനാഫിക്വുകളാകുന്നു. 

ഇത്തരം മുനാഫിക്വുകളെ എക്കാലത്തും കാണാം. ഇക്കാലത്ത് ഇത്തരക്കാരുടെ എണ്ണം വളരെ വര്‍ദ്ധിച്ചിരിക്കുകയാണ്. ഭൗതിക സുഖാഢംബരങ്ങളില്‍ ലയിച്ചും, ധനസമ്പാദനം ജീവിതോദ്ദേശ്യമാക്കിയും, സ്ഥാനമാനാദികള്‍ നഷ്ടപ്പെടുമെന്ന് ഭയന്നും, വലിയ ആള്‍ക്കാരുടെ അടുക്കലുള്ള സാമീപ്യവും സ്വാധീനവും നഷ്ടപ്പെട്ടേക്കുമെന്ന് പേടിച്ചും, ശാസ്ത്രീയ സിദ്ധാന്തങ്ങളുടെയും യുക്തിവാദ ങ്ങളുടെയും പിന്നാലെ കൂടിയും, ഭൗതികഭ്രമവും പരിഷ്‌കാരപ്രേമവും തലക്കുകേറിയും -അങ്ങനെ പല വിധത്തിലും- കപട വിശ്വാസികള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. അറിവും പഠിപ്പുമുള്ളവരും, ഇസ്‌ലാമിനു വേണ്ടി ഏതെങ്കിലും രംഗങ്ങളില്‍ സേവന പാരമ്പര്യം പുലര്‍ത്തിപ്പോരുന്നവരുമായ ആളുകള്‍ പോലും -തങ്ങളറിയാതെത്തന്നെ- ഇക്കൂട്ടത്തില്‍ അകപ്പെട്ടുപോയിക്കൊണ്ടിരിക്കുന്നതാണ് കൂടുതല്‍ വ്യസനകരം! والعياذ ب بالله (അല്ലാഹുവില്‍ ശരണം!) 

നബി ( (സ.അ) ) പറയുന്നു: ഒരാളില്‍ നാലുകാര്യങ്ങള്‍ ഉണ്ടായിരുന്നാല്‍, അവന്‍ തനി മുനാഫിക്വാകുന്നു. അവയില്‍ ഒന്നുണ്ടായിരുന്നാല്‍, അത് ഉപേക്ഷിക്കുന്നതുവരേക്കും കാപട്യത്തിന്‍റെ ഒരു കാര്യം അവനില്‍ ഉണ്ടായിരിക്കും. അതായത്: വിശ്വസിച്ചാല്‍ വഞ്ചിക്കും, വര്‍ത്തമാനം പറഞ്ഞാല്‍ കളവ് പറയും, വാഗ്ദത്തം ചെയ്താല്‍ ലംഘിക്കും, പിണങ്ങിയാല്‍ തോന്നിയവാസം പ്രവര്‍ത്തിക്കും. (ബു. മു.). ഏതാണ്ട് ഇതേപ്രകാരമുള്ള ഹദീഥില്‍ മുസ്‌ലിം (റ) ഇപ്രകാരം കൂടി ഉദ്ധരിക്കുന്നു: '........ അവന്‍ നോമ്പു നോല്‍ക്കുകയും നമസ്‌ക്കരിക്കുകയും, മുസ്‌ലിമാണെന്ന് വാദിക്കുകയും ചെയ്താലും ശരി'. രണ്ടാമത്തെ തരക്കാരില്‍ പെട്ട മുനാഫിക്വിന്‍റെ ചില ലക്ഷണങ്ങളാണ് ഇതുപോലുള്ള നബിവചനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സത്യവിശ്വാസികളായ ആളുകള്‍, അവരുടെ പ്രവൃത്തിദോഷവും, സ്വഭാവദോഷവും കൊണ്ട് മുനാഫിക്വുകളായിത്തീരുമെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. അതുകൊണ്ടാണ് നബി (സ.അ) യുടെ സ്വഹാബിമാര്‍പോലും നിഫാക്വിനെക്കുറിച്ചു സദാ ഭയപ്പെട്ടുകൊണ്ടിരുന്നത്. ഇബ്‌നുഅബീമുലൈകഃ (റ) പറഞ്ഞതായി ബുഖാരി (റ) ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: 'നബി (സ.അ) യുടെ സ്വഹാബികളില്‍ മുപ്പതുപേരെ ഞാന്‍ കാണുകയുണ്ടായിട്ടുണ്ട്. അവരെല്ലാവരും തന്നെ, തങ്ങളില്‍ നിഫാക്വ് വരുന്നത് ഭയപ്പെടുന്ന വരായിരുന്നു....' 

മേല്‍പറഞ്ഞ രണ്ടു തരം മുനാഫിക്വുകളുടെ സ്വഭാവങ്ങളും ലക്ഷണങ്ങളും ക്വുര്‍ആന്‍ പലപ്പോഴും എടുത്തുകാട്ടുന്നത് കാണാം. ഭവിഷ്യത്തുകളെക്കുറിച്ച് അവരെ താക്കീത് ചെയ്യുകയും, പ്രസ്തുത സ്വഭാവങ്ങളെ സൂക്ഷിച്ചുകൊള്ളുവാന്‍ മറ്റുള്ളവരോട് ഉപദേശിക്കുകയും പതിവാകുന്നു. അതോടുകൂടി, നിഷ്‌കളങ്കരും സജ്ജനങ്ങളുമായുള്ളവരുടെ ലക്ഷണങ്ങളും, സ്വഭാവങ്ങളും അടിക്കടി വിവരിച്ചും ആവര്‍ത്തിച്ചും ഓര്‍മിപ്പിക്കുകയും ചെയ്യും.

Our Location

Mujahid Centre
5th Floor, CD Tower
Calicut-4
Telephone: (0495) 2722801
Email: contact@malayalamqurantafsir.com