നമ്മുടെ പരിഭാഷാ ഗ്രന്ഥം

എനി, നമ്മുടെ ഈ പരിഭാഷ ഗ്രന്ഥത്തെക്കുറിച്ചാണ് ചിലത് പറയുവാനുള്ളത്. ഇതില്‍ ക്വുര്‍ആന്‍റെ അറബിമൂലവും, പരിഭാഷയും, അത്യാവശ്യ വ്യാഖ്യാനവും വിവരണവും അടങ്ങുന്നു. കൂടാതെ ഒറ്റവാക്കുകളുടെ അര്‍ത്ഥവും കൊടുത്തിട്ടുണ്ട്. പരിഭാഷയിലും വ്യാഖ്യാന വിവരണങ്ങളിലും ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ള നിലപാടും, സ്വഭാവവും ഏതാണ്ട് എങ്ങിനെയായിരിക്കുമെന്ന് ഈ മുഖവുര വായിക്കുന്നവരെ പരിചയപ്പെടുത്തേണ്ടുന്ന ആവശ്യമുണ്ടായിരിക്കയില്ല. ക്വുര്‍ആന്‍ വ്യാഖ്യാനത്തെ സംബന്ധിച്ച് മുകളില്‍ പ്രസ്താവിച്ച തത്വങ്ങളെ- ഇബ്‌നു ജരീര്‍ (റ), ഇബ്‌നു കഥീര്‍ (റ), ശാഹ്‌വലിയുല്ലാഹ് (റ) എന്നീ മഹാന്മാരില്‍നിന്ന് നാം മുകളില്‍ ഉദ്ധരിച്ച പ്രസ്താവനകളുടെ സാരങ്ങള്‍ വിശേഷിച്ചും- ഫലത്തില്‍ വരുത്തുവാന്‍ ഞങ്ങള്‍ കഴിവതും പരിശ്രമിച്ചിട്ടുണ്ട്. ചുരുക്കി പറയുന്ന പക്ഷം -പരിഭാഷയെ സംബന്ധിച്ചടത്തോളം-ക്വുര്‍ആന്‍റെ പദങ്ങളുടെയും, ഘടന ക്രമങ്ങളുടെയും അര്‍ത്ഥോദ്ദേശ്യങ്ങള്‍ വിട്ടുകളയാതെ തര്‍ജ്ജമയില്‍ വരുത്തുവാനും അതോടൊപ്പം വാചകങ്ങളുടെ സാരങ്ങള്‍ക്ക് കോട്ടം പറ്റാതെ കഴിക്കുവാനും കഴിവുപോലെ യത്‌നിച്ചിരിക്കുന്നു. വ്യാഖ്യാനങ്ങളില്‍ ക്രമപ്രകാരം ക്വുര്‍ആന്‍, ഹദീഥ്, സ്വഹാബികള്‍ തുടങ്ങിയ മുന്‍ഗാമികളായ മഹാന്മാരുടെ പ്രസ്താവനകള്‍, പ്രധാന ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ബലമായ അഭിപ്രായങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയിരിക്കുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇതൊരു 'സലഫീ തഫ്‌സീര്‍' (പൗരാണികാദര്‍ശത്തിലുള്ള ക്വുര്‍ആന്‍ വ്യാഖ്യാനം) ആയിരിക്കുവാനാണ് ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളത്. അതില്‍ ഞങ്ങള്‍ എത്രക് വിജയിച്ചിട്ടുെന്ന് അല്ലാഹുവിനറിയാം. അതേസമയത്ത്, കാലോചിതവും, സന്ദര്‍ഭോചിതവുമായ പല വിഷയങ്ങളും, യഥാസ്ഥാനങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. ആവശ്യം കാണുന്നിടത്ത് വിശദീകര ണത്തോടുകൂടിയും, അല്ലാത്തപ്പോള്‍ സംക്ഷിപ്തമായും വിഷയങ്ങള്‍ കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്നു.

വ്യത്യസ്ത വ്യാഖ്യാനങ്ങളോ, ഉദ്ദേശ്യ വിവരണത്തില്‍ ഭിന്നാഭിപ്രായങ്ങളോ കാണുന്നിടത്ത് കഴിയുന്നതും അവ തമ്മില്‍ യോജിപ്പിക്കുവാനും, അവയിലടങ്ങിയ പ്രയോജനകരമായ ഭാഗങ്ങള്‍ ഉപയോഗപ്പെടുത്താനും ശ്രമിക്കും. അതിനു സാധ്യതയില്ലാത്തപ്പോള്‍, അത്തരം പ്രസ്താവനകളെ അപ്പടി ഉദ്ധരിച്ചു മതിയാക്കുകയും, സ്വീകാര്യമല്ലെന്ന് കാണുന്ന അഭിപ്രായങ്ങളെ അവഗണിച്ചു കളയുകയും ചെയ്യും. എന്നാല്‍, തെറ്റിദ്ധാരണയും ആശയക്കുഴപ്പവും ഉണ്ടാകുന്നതും, ജനമദ്ധ്യെപ്രചാരത്തിലുള്ളതുമായ പ്രസ്താവനകളെ ചൂണ്ടിക്കാട്ടി അവയിലെ സത്യാസത്യങ്ങളെ എടുത്തുകാട്ടുവാനും പരിശ്രമിച്ചിരിക്കുന്നു. ചരിത്രപരവും, ശാസ്ത്രീയവുമായ പല വിവരണങ്ങളും അതത് സന്ദര്‍ഭമനുസരിച്ചു നല്‍കിയിട്ടുണ്ട്.

അവസാനത്തെ ('മുഫസ്‌സ്വല്‍' വിഭാഗത്തില്‍പെട്ട) ചെറിയ സൂറത്തുകളൊഴിച്ച് ബാക്കി എല്ലാ സൂറത്തുകളുടെയും ആരംഭത്തില്‍, അതതു സൂറത്തുകളില്‍ അടങ്ങിയിട്ടുള്ള പ്രധാന പ്രതിപാദ്യവിഷയങ്ങളുടെ സംഗ്രഹങ്ങളും കൊടുത്തിരിക്കുന്നു.(*) കൂടാതെ, അതതു സ്ഥാനങ്ങളിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങളും അതതിലെ പാഠങ്ങളും യഥാസമയം ചുണ്ടിക്കാട്ടുന്നതിന് പുറമെ, പ്രത്യേകം എടുത്തു വിവരിക്കേതാണെന്ന് കാണുന്ന വിഷയങ്ങള്‍ -പ്രത്യേക തലക്കെട്ടുകള്‍ കൊടുത്തുകൊണ്ട്- അതതു സൂറത്തുകള്‍ക്ക് ശേഷവും വിവരിച്ചുകാണാം. ഇങ്ങിനെ വിവരിക്കുന്ന വിഷയങ്ങള്‍ 'വ്യാഖ്യാനക്കുറിപ്പ്' എന്ന പേരില്‍ -സൗകര്യാര്‍ത്ഥം- പ്രത്യേകം ക്രമനമ്പറുകളോടു കൂടിയാണ് കൊടുത്തിട്ടുള്ളത്. ഈ വ്യാഖ്യാനക്കുറി പ്പുകള്‍ ഓരോന്നും വാസ്തവത്തില്‍ ഓരോ സ്വതന്ത്ര ലേഖനമായിക്കരുതാവുന്നതാകുന്നു. അതുപോലെത്തന്നെ, ഈ മുഖവുരയിലെ അവസാനത്തെ ഈ ഖണ്ഡിക ഒഴിച്ചു ബാക്കി ഭാഗങ്ങളും ഒരു സ്വതന്ത്ര ഗ്രന്ഥമായി കരുതാവുന്നതാകുന്നു. അഥവാ, അവയെല്ലാം, വേണ്ടിവന്നാല്‍ പ്രത്യേകം പ്രത്യേകം പ്രസിദ്ധീകരിക്കാവുന്ന തരത്തിലാണുള്ളത്. 

(*) അവസാനം പ്രസിദ്ധീകരിച്ച ഫാതിഹഃ മുതല്‍ ഇസ്‌റാഅ് കൂടിയുള്ള ആദ്യപകുതിയില്‍ ഈ സംഗ്രഹം ചേര്‍ത്തിട്ടില്ല. അതിനാല്‍ ഈ പതിപ്പില്‍ പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നു.

വായനക്കാര്‍ മിക്കവാറും രണ്ടുതരക്കാരായിരിക്കും: ഒന്നോ രണ്ടോ ആവര്‍ത്തിവായിച്ച് തൃപ്തിയടയുന്നവരും, ആവര്‍ത്തിച്ചാവര്‍ത്തിച്ചു വായിച്ചു പഠിക്കുന്നവരും. ഈ രണ്ടാമത്തെ വിഭാഗത്തെ കൂടുതല്‍ പരിഗണിച്ചുകൊണ്ടാണ് ഞങ്ങള്‍ ഈ ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത് എന്ന് ഇവിടെ ചൂണ്ടിക്കാട്ടികൊള്ളുന്നു. ഒറ്റവാക്കുകളുടെ അര്‍ത്ഥങ്ങള്‍ക്കായി ഗ്രന്ഥത്തിന്‍റെ കാര്യമായ ഒരു ഭാഗം വിനിയോഗിച്ചിരിക്കുന്നതും മറ്റും അവരെ ഉദ്ദേശിച്ചാണ്. പരിഭാഷയും വ്യാഖ്യാനവും വായിച്ചതുകൊണ്ട് തൃപ്തിപ്പെടാതെ, ഓരോ ആയത്തിന്‍റെയും പദാര്‍ത്ഥങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ആവര്‍ത്തിച്ചുവായിച്ചു വരുന്നതായാല്‍, ക്വുര്‍ആന്‍റെ അര്‍ത്ഥം ഏതാണ്ട ഒരു വിധത്തില്‍ സ്വയം തന്നെ ഗ്രഹിക്കുമാറാകുവാനും, അറബിഭാഷയില്‍ ഒരു ചുരുങ്ങിയ പരിചയം കൈവരുവാനും അതു സഹായിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അല്ലാഹു സഹായിക്കട്ടെ. آمين 

ഓരോ ആയത്തിലും വന്നിട്ടുള്ള പദങ്ങള്‍ക്ക് -അവ എത്രവട്ടം ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ടെങ്കിലും ശരി- അതത് ആയത്തുകള്‍ ഉള്‍ക്കൊള്ളുന്ന അതേ പുറത്തുതന്നെ ആയത്തിന്‍റെ നമ്പര്‍ സഹിതം ചുവട്ടില്‍ അര്‍ത്ഥം കൊടുത്തുകാണാം. പല അര്‍ത്ഥങ്ങള്‍ വരാവുന്ന പദങ്ങള്‍ക്ക് ഒന്നിലധികം അര്‍ത്ഥങ്ങള്‍ കൊടുത്തിട്ടുള്ളതും, വാക്കര്‍ത്ഥത്തിന് പുറമെ ചിലേടങ്ങളില്‍ ഉദ്ദേശ്യാര്‍ത്ഥവും ബ്രാക്കറ്റില്‍ കൊടുത്തിട്ടുള്ളതും, പഠിക്കുവാന്‍ ഉദ്ദേശിച്ച് വായിക്കുന്നവര്‍ക്ക് വളരെ ഉപകാരപ്പെട്ടേക്കും. പദങ്ങളുടെ അര്‍ത്ഥങ്ങള്‍ പരിചയപ്പെട്ടശേഷം, ആയത്തുകളുടെ പരിഭാഷ ഒന്നുരണ്ടാവര്‍ത്തി വീണ്ടും വായിക്കുന്ന പക്ഷം, വാക്യങ്ങളുടെ അത്യാവശ്യസാരങ്ങളും സ്വയം ഗ്രാഹ്യമായിത്തുടങ്ങും. ان شاء لله

വലിയ ആയത്തുകളില്‍ അധികവും, ഒന്നിലധികം -പൂര്‍ണമോ അപൂര്‍ണമോ ആയ- വാക്യങ്ങളാല്‍ ഘടിപ്പിക്കപ്പെട്ടവയായിരിക്കും. അങ്ങിനെയുള്ള ഘടകങ്ങളുടെ അര്‍ത്ഥം വെവ്വേറെ മനസ്സിലാകത്തക്കവണ്ണം പരിഭാഷയില്‍ വാക്യങ്ങള്‍ വരിമാറ്റി -മുറിച്ച് മുറിച്ച്- ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍, ഓരോ വാക്യത്തിന്‍റെ അര്‍ത്ഥവും വെവ്വേറെ മനസ്സിലാക്കുവാന്‍ പ്രയാസമുണ്ടായിരിക്കയില്ല. വാചകഘടന നോക്കുമ്പോള്‍, പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്ന ഒന്നിലധികം ആയത്തുകള്‍ക്കും, നീ വാക്യങ്ങള്‍ക്കും ഒന്നായി -ഒരേ വാചകത്തില്‍- അര്‍ത്ഥം കൊടുക്കാതെ, വാക്യങ്ങള്‍ മുറിച്ച് പരിഭാഷ നല്‍കിയിട്ടുള്ളതും ഈ ആവശ്യാര്‍ത്ഥമാകുന്നു. ഭാഷാപരമായ ഒഴുക്കിനെക്കാള്‍ വായനക്കാര്‍ക്ക് അര്‍ത്ഥം ഗ്രഹിക്കുവാനുള്ള സൗകര്യത്തിനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. 

വ്യാഖ്യാനങ്ങള്‍ കൊടുത്തിരിക്കുന്നത് അടിക്കുറിപ്പുകളായിക്കൊണ്ടല്ല, ഒന്നോ അധികമോ ആയത്തുകളും, അവയുടെ പരിഭാഷയും തീര്‍ന്ന ഉടനെ, ആ ആയത്തുകളെ സംബന്ധിച്ച വിവരണം തുടര്‍ന്നുകൊടുക്കുകയും, പിന്നീട് വേറെ ആയത്തുകള്‍ തുടങ്ങുകയുമാണ് ചെയ്തിരിക്കുന്നത്. ആകയാല്‍, ആയത്തുകളുടെ അര്‍ത്ഥം വായിച്ചു തീരും മുമ്പായി, ഇടക്കുവെച്ച് അടിക്കുറിപ്പുകള്‍ ശ്രദ്ധിക്കേണ്ടുന്ന ആവശ്യം വായനക്കാര്‍ക്ക് നേരിടുകയില്ല. പരിഭാഷ വായിച്ചു കഴിഞ്ഞ ആയത്തുകളെ സംബന്ധിച്ച് മനസ്സിലാക്കേണ്ടുന്ന കാര്യങ്ങള്‍ മനസ്സിലാക്കിയ ശേഷംമാത്രം അടുത്ത ആയത്തുകളിലേക്ക് നീങ്ങുവാന്‍ ഇത് സഹായകമായിരിക്കും. 

വ്യാഖ്യാന വേളയില്‍, സന്ദര്‍ഭോചിതങ്ങളായ ക്വുര്‍ആന്‍ വാക്യങ്ങള്‍, ഹദീഥുകള്‍ മുതലായവ ഉദ്ധരിച്ചുകാണാം. മിക്കവാറും അവയുടെ അറബിമൂലവും, തുടര്‍ന്നുകൊണ്ട് അര്‍ത്ഥവും- അല്ലെങ്കില്‍ സാരവും- കൊടുത്തിരിക്കും. ഇവ വായിക്കുമ്പോള്‍, അര്‍ത്ഥസാരങ്ങള്‍ മാത്രം വായിച്ചു മതിയാക്കാതെ, മൂലവും വായിച്ചു ശീലിക്കേണ്ടതാകുന്നു. ക്വുര്‍ആനും ഹദീഥുമായി വായനക്കാര്‍ക്ക് കൂടുതല്‍ പരിചയം ഉണ്ടാക്കുക കൂടി ഇത് മൂലം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. അറബി ലിപികള്‍ വായിക്കുവാന്‍ അറിയാത്തവര്‍ക്ക് അറബിമൂലങ്ങള്‍ കൊണ്ട് വിശേഷിച്ച് ഗുണമൊന്നുമില്ലെങ്കിലും അതിന് സാധിക്കുന്നവര്‍ക്കെല്ലാം ഇത് പ്രയോജനകരമായിരിക്കും. സ്ഥല ദൈര്‍ഘ്യം വന്നുപോകുന്നതോ, പ്രത്യേകാവശ്യം കാണപ്പെടാത്തതോ ആയ സന്ദര്‍ഭങ്ങളില്‍ മാത്രമേ -അറബിമൂലങ്ങള്‍ കൊടുക്കാതെ- അവയുടെ അര്‍ത്ഥമോ സാരമോ മാത്രം കൊടുത്തു മതിയാക്കാറുള്ളൂ. അവിടെ മിക്കവാറും ആയത്തിന്‍റെ നമ്പര്‍ കൊടുത്തിട്ടുമുണ്ട്. 

അറബി പദങ്ങളുടെ ഉച്ചാരണസംബന്ധമായ കാര്യങ്ങള്‍ വിവരിക്കുമ്പോള്‍, അതതു പദങ്ങളുടെ ഉച്ചാരണരൂപങ്ങളും പദങ്ങളും, അര്‍ത്ഥസംബന്ധമായ കാര്യങ്ങള്‍ വിവരിക്കുമ്പോള്‍, അവയുടെ അര്‍ത്ഥരൂപങ്ങളും മലയാള ലിപിയില്‍ പ്രത്യേകം അടയാളപ്പെടുത്തുന്നതാണ്. ഇതും വായനാവേളയില്‍ പ്രത്യേകം മനസ്സിരുത്തേണ്ടതാകുന്നു. അറബി വായിക്കുവാന്‍ അറിയാത്തവരെ സംബന്ധിച്ചിടത്തോളം ആവശ്യമില്ലാത്തതോ, അവര്‍ക്ക് ഗ്രഹിക്കുവാന്‍ പ്രയാസമായതോ ആയ വല്ല വിശദീകരണവും നല്‍കേണ്ടിവരുമ്പോള്‍, അത്തരം മൂലപദങ്ങളുടെ അറബി രൂപം കൊണ്ട് മതിയാക്കുകയും ചെയ്യും. 

മുമ്പ് സൂചിപ്പിച്ചതുപോലെ, ഇതൊരു സ്വതന്ത്ര പരിഭാഷയോ, ആശയ വിവര്‍ത്തനമോ അല്ല. കഴിയുന്നതും മൂലത്തിന്‍റെ നേര്‍ക്കുനേരെയുള്ള പരിഭാഷയാണ്. ആകയാല്‍, മലയാള ഭാഷയുടെ ഒഴുക്കും ഭംഗിയും വിലയിരുത്തുന്നതില്‍ ഏറെക്കുറെ കോട്ടങ്ങള്‍ വന്നുപോയിരിക്കുമെന്നത് സ്വാഭാവികമാണ്. ഇതിനുള്ള കാരണങ്ങള്‍ നാം മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാലും, ഭാഷാപരമായി ക്ഷന്തവ്യമല്ലാത്ത തെറ്റുകള്‍ വരാതെ കഴിച്ചുകൂട്ടുവാന്‍ ഞങ്ങള്‍ -ഞങ്ങളുടെ അറിവും കഴിവുമനുസരിച്ച്- ശ്രമിച്ചിട്ടുണ്ട്. ഒരു പക്ഷേ, ഈ ഗ്രന്ഥം വായിക്കുന്നവരില്‍ അറബി അറിയാത്ത ചില വായനക്കാര്‍ക്കുപോലും -ഒറ്റവാക്കുകളുടെ അര്‍ത്ഥം വേണ്ടതുപോലെ പരിചയപ്പെട്ടു കഴിഞ്ഞാല്‍- ചില ആയത്തുകള്‍ക്കെങ്കിലും ഇതിനെക്കാള്‍ ഒഴുക്കിലും ഭംഗിയിലും പരിഭാഷ നല്കുവാന്‍ സാധിച്ചെന്നുവരാം. അങ്ങിനെ സാധിക്കുമാറാകണമെന്നു തന്നെയാണ് ഞങ്ങളുടെ അഭിലാഷവും, പ്രാര്‍ത്ഥനയും. പരിഭാഷയുടെ ചന്തത്തി നുവേണ്ടി ആയത്തിന്‍റെ അര്‍ത്ഥപരമായ വല്ല വശങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നതിനേക്കാള്‍, അര്‍ത്ഥോദ്ദേശ്യങ്ങള്‍ മനസ്സിലാക്കുവാന്‍വേണ്ടി ഭാഷാ സൗന്ദര്യം കുറഞ്ഞുപോകുന്നതിലാണ് ഞങ്ങള്‍ നന്മകാണുന്നത്. വായനക്കാരില്‍ ഭൂരിഭാഗവും സാധാരണക്കാരായിരിക്കുന്നത് കൊണ്ട് മലയാളം വായിക്കുവാന്‍ അറിയുന്നവര്‍ക്കെല്ലാം വായിച്ചറിയുവാന്‍ പറ്റുന്ന നിലവാരത്തിലായിരിക്കണം ഇതിന്‍റെ ഭാഷയും, പ്രതിപാദനരീതിയും എന്നാണ് ഞങ്ങളുടെ ആഗ്രഹം. അതേ സമയത്ത്, ഈയുള്ളവര്‍ ഭാഷയിലോ മറ്റോ വ്യുല്‍പത്തി നേടിയവരൊട്ടല്ലതാനും. 

'റബ്ബ്, ഇലാഹ്, റസൂല്‍, നബി, സകാത്ത്, ഈമാന്‍, ശിര്‍ക്ക്' എന്നിവപോലെ, സാധാരണ ഉപയോഗത്തിലിരിക്കുന്ന അറബി വാക്കുകള്‍ക്കു മിക്കപ്പോഴും തര്‍ജ്ജമ കൊടുക്കാറില്ല. ഇതിന് പല കാരണങ്ങളുണ്ട്. ചില വാക്കുകളുടെ ഉദ്ദേശ്യം മനസ്സിലാക്കുവാന്‍ അവയുടെ തര്‍ജ്ജമയെക്കാള്‍ ഉപകരിക്കുക അതേ മൂലവാക്കുകള്‍ തന്നെയായിരിക്കും. ചില വാക്കുകളുടെ ഉദ്ദേശ്യം മുഴുവനും കാണിക്കത്തക്ക വാക്കുകള്‍ മലയാളത്തില്‍ വിരളമായിരിക്കും. മറ്റു ചിലതിന്‍റെ ആശയം വ്യക്തമാക്കുവാന്‍ കുറെ അധികം മലയാള പദങ്ങള്‍ ആവശ്യമായേക്കും. ചില വാക്കുകള്‍ക്കു പരിഭാഷ സ്വീകരിക്കുന്ന പക്ഷം ആ വാക്കുകളില്‍ അടങ്ങിയിരിക്കുന്ന ഗൗരവത്തിന് കോട്ടം ബാധിച്ചേക്കും. ഇതിനെല്ലാം പുറമെ, വായനക്കാരില്‍ ക്രമേണ അറബിവാക്കുകളുമായി ഇണക്കവും പരിചയവും ഉണ്ടാക്കിത്തീര്‍ക്കുവാനും ഇത് ഉതകുമല്ലോ. 

മലയാളത്തില്‍ സംസാരിക്കുമ്പോള്‍, സ്ഥാനത്തും അസ്ഥാനത്തും ഇംഗ്ലീഷ്, സംസ്‌കൃതം, ഹിന്ദി മൂതലായ പദങ്ങള്‍ കൂട്ടിക്കലര്‍ത്തി സംസാരിക്കുന്നത് ഒരു 'പരിഷ്‌ക്കാര'മായിട്ടാണ് ചിലരൊക്കെ ഗണിക്കാറുള്ളത്. അതേ സമയത്ത് അത്യാവശ്യം അറബിയില്‍ പരിചയമുള്ള ആളുകള്‍ പോലും അന്യോന്യം സംസാരിക്കുമ്പോള്‍, ഇടയ്ക്കു അറബിവാക്കുകള്‍ ഉപയോഗിക്കുന്നത് ആ 'പരിഷ്‌ക്കാര'ത്തിന്നു നിരക്കാത്തതാണെന്ന ഭാവവും ചിലരില്‍ പ്രകടമായിക്കാണാം. അറബിഭാഷയുടെ പ്രചരണത്തിനായി പരിശ്രമിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ചില ആളുകള്‍ പോലും ഇതില്‍നിന്ന് ഒഴിവല്ലെന്നതാണ് കൂടുതല്‍ ആശ്ചര്യം! ഈ പരിതഃസ്ഥിതിയില്‍ -മലയാളത്തിനിടയില്‍ ഇംഗ്ലീഷ് വാക്കുകളും മറ്റും ഉപയോഗിക്കാറുള്ളത് പോലെ ത്തന്നെ- വായനക്കാര്‍ക്കിടയില്‍ പരിചിതങ്ങളായ ചില അറബിവാക്കുകള്‍ ഇടയ്ക്കിടെ ഉപയോഗിക്കുന്നതില്‍ ഒട്ടും അഭംഗിയുള്ളതായി തോന്നുന്നില്ല. എന്നാലും, ചിലപ്പോഴൊക്കെ അവയുടെ അര്‍ത്ഥങ്ങളും നിര്‍വചനങ്ങളും കൊടുത്തിരിക്കുകയും ചെയ്യും. ചില സംഭവങ്ങളില്‍, അറബിപദങ്ങളുടെ നേര്‍ക്ക് നേരെയുള്ള വാക്കര്‍ത്ഥം ഉപയോഗിക്കുമ്പോള്‍ ഉദ്ദേശ്യം വ്യക്തമാവുകയില്ലെന്ന് വരും. അങ്ങിനെ വരുമ്പോള്‍, പരിഭാഷയില്‍ അവയുടെ ഉദ്ദേശ്യാര്‍ത്ഥമായിരിക്കും കൊടുക്കുക. ഒറ്റവാക്കര്‍ത്ഥവും, വ്യാഖ്യാനവും വായിക്കുമ്പോള്‍ ഇതു മനസ്സിലാക്കാവുന്നതുമാകുന്നു. 

പല ഭൂപടങ്ങളും കൊടുത്തിട്ടുള്ളത് വായനക്കാര്‍ക്ക് വളരെ ഉപയോഗപ്പെടുമെന്ന് കരുതുന്നു. ഓരോ പടത്തെ സംബന്ധിച്ചും അറിഞ്ഞിരിക്കേണ്ടുന്ന കുറിപ്പുകള്‍ അതതിന്‍റെ പിന്‍പുറത്ത് ചേര്‍ത്തിരിക്കുന്നു. ഈ പടങ്ങള്‍ എല്ലാം ഈ ഗന്ഥത്തിന്‍റെ ആദ്യഭാഗത്തിലാണ് ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഈ ഗ്രന്ഥം വായിക്കുമ്പോള്‍ പല സന്ദര്‍ഭങ്ങളിലും പ്രസ്തുത പടങ്ങള്‍ നോക്കേണ്ടുന്ന ആവശ്യം നേരിട്ടേക്കാം. മറ്റു ചില ഗ്രന്ഥങ്ങള്‍ വായിക്കുന്നവര്‍ക്കും ഈ പടങ്ങള്‍ ഉപയോഗപ്പെടു ത്താവുന്നതായിരിക്കും. വിവിധ അറ്റ്‌ലസുകള്‍ (ഭൂപട പുസ്തകങ്ങള്‍) നോക്കി പരിശോധിച്ചും മറ്റുപ്രകാരത്തിലും വളരെ പരിശ്രമം നടത്തിക്കൊണ്ടാണ് അവയിലെ പ്രാചീനകാല ചരിത്ര ഭൂപടങ്ങള്‍ തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ഈ വിഭാഗത്തില്‍ കാണപ്പെടുന്ന സ്ഥലപേരുകളും, അതിര്‍ത്തി നിര്‍ണയങ്ങളും പ്രാചീനകാലത്തെ പേരുകളും, അതിരടയാളങ്ങളുമാകുന്നു. ഇന്ന് അവയെല്ലാം എത്രയോ മാറ്റങ്ങളെ പിന്നിട്ടുകഴിഞ്ഞിരിക്കുകയാണ്. 

Our Location

Mujahid Centre
5th Floor, CD Tower
Calicut-4
Telephone: (0495) 2722801
Email: contact@malayalamqurantafsir.com