3. 'നസ്ഖ്' (ദുര്‍ബ്ബലപ്പെടുത്തല്‍ النسخ )

വളരെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും, ഖണ്ഡനമണ്ഡനങ്ങള്‍ക്കും ഇടയായിട്ടുള്ള ഒരു വിഷയമാണ് ക്വുര്‍ആന്‍ വ്യാഖ്യാനത്തില്‍ 'നസ്ഖ്'ന്‍റെ വിഷയം. മുന്‍ഗാമികള്‍ ഈ വാക്കിനു നല്‍കിവരുന്ന അര്‍ത്ഥങ്ങളും, പിന്‍ഗാമികള്‍ അതിനു നല്‍കിയ നിര്‍വ്വചനങ്ങളും തമ്മിലുള്ള വ്യത്യാസമാണ് ഇതിനുള്ള പ്രധാന കാരണം. 'നീക്കം ചെയ്യുക, പകര്‍ത്തുക' എന്നൊക്കെയാണ് 'നസ്ഖ്' ( النسخ ) എന്ന പദത്തിന്‍റെ ഭാഷാര്‍ത്ഥം. ഒരു ഗ്രന്ഥത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പകര്‍ത്തി എഴുതുന്നതിനും, തണല്‍ വെയിലിനെ നീക്കുന്നതിനുമെല്ലാം 'നസ്ഖ്' എന്ന് പറയാറുള്ളത് ഈ അര്‍ത്ഥ ത്തിലാണ്. ഒരു അംഗീകൃതമായ രേഖ മുഖേന മുമ്പുള്ള ഒരു മത നിയമം നീക്കം ചെയ്യുക അഥവാ അതിനെ ദുര്‍ബ്ബലപ്പെടുത്തുക ( رفع حكم شرعى بدليل شرعى ) എന്നിങ്ങനെയുള്ള ഒരു സാങ്കേതികാര്‍ത്ഥത്തിലാണ് പിന്‍ഗാമികള്‍ 'നസ്ഖ്' ഉപയോഗിച്ചുവരുന്നതും, കൈകാര്യം ചെയ്യുന്നതും. ദുര്‍ബ്ബലപ്പെടുത്തപ്പെട്ട നിയമ ത്തിനും, അതിന്‍റെ ലക്ഷ്യത്തിനും 'മന്‍സൂഖ്' ( المنسوخ ) എന്നും ദുര്‍ബ്ബലപ്പെടുത്തുന്ന പുതിയ രേഖക്കും അതിലെ വിധിക്കും 'നാസിഖ്' ( الناسخ ) എന്നും പറയപ്പെടും. വിശദീകരണവേളയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പലതും കാണാമെങ്കിലും, ഈ നിര്‍വ്വചന പ്രകാരം ക്വുര്‍ആനില്‍ നസ്ഖിന് വളരെ തുച്ഛം ഉദാഹരണങ്ങളല്ലാതെ ലഭിക്കുവാനില്ല. എന്നാല്‍, സ്വഹാബികള്‍, താബിഈങ്ങള്‍ തുടങ്ങിയ മുന്‍ഗാമികളുടെ പ്രസ്താവനകള്‍ പരിശോധിക്കുന്നതായാല്‍, നീക്കം 'ചെയ്യുക' ( الازالة ) എന്ന ഭാഷാര്‍ത്ഥത്തിലാണ് അവര്‍ ആ വാക്ക് ഉപയോഗിച്ചിരുന്നതെന്ന് കാണാം. ഈ അര്‍ത്ഥമാകട്ടെ, കൂടുതല്‍ വിശാലവും, വ്യാപകമായിട്ടുള്ളതുമാണ്. 

ഏതെങ്കിലും ഒരു കാര്യത്തിന്‍റെ പ്രവര്‍ത്തനകാലം അവസാനിച്ചിട്ടുള്ളതായി അറിയിക്കുക, ഒരു വാക്കിന്‍റെ പ്രത്യക്ഷത്തിലുള്ള അര്‍ത്ഥമല്ല അവിടെ യഥാര്‍ത്ഥ ഉദ്ദേശ്യമെന്ന് കാണിക്കുക, ഒരിടത്ത് ഏതെങ്കിലും ഉപാധിയോടുകൂടി പറയപ്പെട്ട ഒരു നിയമത്തിന് ആ ഉപാധി ഉണ്ടായിരിക്കല്‍ നിര്‍ബന്ധമില്ലെന്ന് കാണിക്കുക, സാമാന്യമായി പ്രസ്താവിക്കപ്പെട്ട ഒരു ലക്ഷ്യംകൊണ്ടുദ്ദേശ്യം ഏതെങ്കിലും പ്രത്യേകമായിട്ടുള്ള ഒന്നാണെന്ന് മനസ്സിലാക്കുക, ഇസ്‌ലാമിന് മുമ്പുണ്ടായിരുന്ന ഏതെങ്കിലും പതിവുകളെ നീക്കം ചെയ്യുക എന്നിങ്ങനെയുള്ള പല അര്‍ത്ഥങ്ങളിലും അവര്‍ 'നസ്ഖ്' എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. ആകയാല്‍, മുന്‍ഗാമികളുടെ അര്‍ത്ഥം അനുസരിച്ച് ക്വുര്‍ആനില്‍ നസ്ഖിന്‍റെ വൃത്തം വലുതായിത്തീരുന്നു. നൂറുക്കണക്കില്‍ ആയത്തുകള്‍ 'മന്‍സൂഖു' കളുടെ ഇനത്തില്‍ ഉള്‍പ്പെട്ടതായി മുന്‍ഗാമികളില്‍ ചിലര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ എണ്ണിക്കാണുന്നതിന്‍റെ രഹസ്യം ഇതാണ്. ഈ വാസ്തവം മനസ്സിലാക്കാത്തവര്‍ ആ ഗ്രന്ഥങ്ങളുടെ നേരെ പുച്ഛഭാവം ഉള്‍ക്കൊള്ളുന്നത് കാണാം. ഹിജ്‌റഃ 118 ല്‍ കാലഗതി പ്രാപിച്ച ഖത്താദഃ (റ), മൂന്നാം നുറ്റാുകാരായ അബൂഉബൈദ് (റ), അബൂദാവൂദ് (റ), അബൂജഅ്ഫര്‍-നഹ്ഹാസ് (റ), ആറാം നൂറ്റാണ്ടുകാരനായ ഇബ്‌നുല്‍ ജൗസീ (റ) മുതലായ പലരും ഈ വിഷയകമായി പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. 

മേല്‍പറഞ്ഞ യാഥാര്‍ത്ഥ്യം ഗ്രഹിക്കാതെ പലര്‍ക്കും അബദ്ധം പിണയാറുണ്ട്. 'നസ്ഖി'ന് പിന്‍ഗാമികള്‍ കല്പിച്ചു വരുന്ന നിര്‍വ്വചനങ്ങളിലൂടെ മാത്രം അതിനെ പരിചയപ്പെടുകയും, അതോടൊപ്പം മേല്‍ കണ്ട മഹാന്‍മാരുടെ പ്രസ്താവനകള്‍ കാണുകയും ചെയ്യുന്നതിന്‍റെ ഫലമായി ക്വുര്‍ആനില്‍ എത്രയോ ആയത്തുകളുടെ വിധികള്‍ ദുര്‍ബ്ബലപ്പെട്ടുപോയിട്ടുണ്ടെന്ന് പലരും ധരിച്ചുപോകുകയും, അതുവഴി നിരവധി ആയത്തുകളില്‍ അടങ്ങിയിരിക്കുന്ന മതവിധികളും, തത്വങ്ങളും അവഗണിക്കപ്പെടുവാന്‍ ഇടയാവുകയും ചെയ്തിരിക്കുന്നു. ചില തഫ്‌സീര്‍ ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ ഈ വസ്തുത വ്യക്തമാകുന്നതാണ്. ശത്രുക്കള്‍ക്ക് മാപ്പു നല്കുവാനും, വിട്ടുവീഴ്ച കൈകൊള്ളുവാനും നിര്‍ദ്ദേശിക്കുന്ന ആയത്തുകള്‍ കാണുന്നിടത്തെല്ലാം, അവ യുദ്ധത്തിന്‍റെ ആയത്തുകള്‍ മുഖേന മന്‍സൂഖാണ് (ദുര്‍ബ്ബലപ്പെടുത്തപ്പെട്ടത്) എന്നും, ദാനധര്‍മങ്ങള്‍ ചെയ്‌വാന്‍ ശക്തിയായ ഭാഷയില്‍ ഊന്നിപ്പറയുന്ന ആയത്തുകള്‍ കാണുമ്പോള്‍ അവ സകാത്തിന്‍റെ ആയത്തുകളാല്‍ 'മന്‍സൂഖാ'ണ് എന്നും ചിലര്‍ വിധികല്പിക്കാറുള്ളത് ഇതിന് ഉദാഹരണമത്രെ. വാസ്തവത്തില്‍ ഇതൊന്നുംതന്നെ 'മന്‍സൂഖ്'കളില്‍ പെട്ടതല്ല. 'മുഹ്കമു' (നിയമ ബലമുള്ളത്)കളില്‍ പെട്ടവതന്നെയാണ്. (*) 

(*) 'മുഹ്കമു' ( المحكم ) എന്ന പദം മുമ്പ് പറഞ്ഞതുപോലെ 'മുതശാബിഹി'ന്‍റെ വിപരീതമായും 'മന്‍സൂഖി'ന്‍റെ വിപരീതമായും ഉപയോഗിക്കാറുണ്ട്. 

നേരെ മറിച്ച് നിലവിലുള്ള ഒരു നിയമം നീക്കം ചെയ്ത് പകരം വേറെ ഒരു നിയമം നടപ്പിലാക്കുന്നത് കേലവം യുക്തിപരമല്ലെന്നും ഏറ്റവും വലിയ യുക്തിമാനും സര്‍വ്വജ്ഞാനിയുമായ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അങ്ങിനെ ഉണ്ടാകുവാന്‍ പാടില്ലെന്നുമുള്ള നിഗമനത്തില്‍ മറ്റൊരു വിഭാഗം ആളുകള്‍ ക്വുര്‍ആനില്‍ 'നസ്ഖ്' എന്നൊന്ന് തീരെ ഇല്ലെന്ന് ധരിക്കുകയും, അങ്ങിനെ വാദിക്കുകയും ചെയ്യാറുണ്ട്. വാസ്തവത്തില്‍, സ്വഹാബികള്‍ അടക്കമുള്ള മുന്‍ഗാമികള്‍ കല്പിച്ചിരുന്ന വിപുലാര്‍ത്ഥത്തിലുള്ള നസ്ഖ് ക്വുര്‍ആനില്‍ ഉണ്ടായിരിക്കുന്നത് (ചില ആയത്തുകള്‍ 'നാസിഖും' ചിലത് 'മന്‍സൂഖും' ആയേക്കുന്നത്) യുക്തിഹീനമല്ല. സ്വാഭാവികം മാത്രമാകുന്നു. ഇതുപോലെത്തന്നെ ഒരു നിയമത്തിന് ആസ്പദമായിരുന്ന താല്‍ക്കാലികമായ ഒരു തത്വത്തിന്‍റെ അഭാവത്തില്‍ -ആ തത്വം കാലഹരണപ്പെട്ടുപോയതിനാല്‍- തല്‍സ്ഥാനത്ത് കൂടുതല്‍ യുക്തമായ മറ്റൊരു നിയമം സ്ഥിരപ്പെടുത്തുക എന്നുള്ളതും, മനുഷ്യവംശത്തിന്‍റെ ബുദ്ധിപരവും സാമൂഹ്യവുമായ പക്വതയും പാകതയും പൂര്‍ത്തിയാകുംമുമ്പ് അതാതുകാലത്തിനനുസരിച്ച് പൂര്‍വ്വഗ്രന്ഥങ്ങളില്‍ ഉണ്ടായിരുന്ന അനുഷ്ഠാന നിയമങ്ങള്‍ മാറ്റി പകരം കൂടുതല്‍ യുക്തമായ നിയമങ്ങള്‍ കൊണ്ടുവരുക എന്നുള്ളതും ആവശ്യമാണെന്ന് പറയേണ്ടതില്ല. നസ്ഖിന് മുന്‍ഗാമികള്‍ കല്പിച്ചിരുന്ന അര്‍ത്ഥമനുസരിച്ച് ഇതെല്ലാം നസ്ഖിന്‍റെ ഇനത്തില്‍ ഉള്‍പ്പെടുന്നു. അല്ലാഹു പറയുന്നു:-  
مَا نَنسَخْ مِنْ آيَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍ مِّنْهَا أَوْ مِثْلِهَا  ۗ أَلَمْ تَعْلَمْ أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ - البقرة
സാരം : നാം വല്ല ആയത്തും 'നസ്ഖ്' ചെയ്കയോ, അല്ലെങ്കില്‍ അത് വിസ്മരിപ്പിച്ച് കളയുകയോ ചെയ്യുന്ന പക്ഷം, അതിനേക്കാള്‍ ഉത്തമമോ അതുപോലെയുള്ളതോ ആയ മറ്റൊന്നിനെ നാം കൊണ്ടുവരുന്നതാണ്. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന് നിനക്ക് അറിഞ്ഞുകൂടേ?! (അല്‍ബക്വറഃ: 106).
وَإِذَا بَدَّلْنَا آيَةً مَّكَانَ آيَةٍ  ۙ وَاللَّهُ أَعْلَمُ بِمَا يُنَزِّلُ قَالُوا إِنَّمَا أَنتَ مُفْتَرٍ  ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ - النحل ١٠١
ഒരു ആയത്തിന്‍റെ സ്ഥാനത്ത് നാം വേറൊരു ആയത്ത് പകരമാക്കുന്നതായാല്‍-അല്ലാഹുവാകട്ടെ, താന്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഏറ്റവും അറിയുന്നവനുമാണ്- അവര്‍ പറയും: നീ കെട്ടിപ്പറയുന്നവന്‍ മാത്രമാണ് എന്ന്. പക്ഷേ, അവരില്‍ അധികമാളുകളും അറിയുന്നില്ല. (നഹ്ല്‍: 101) 

തൗറാത്തിലെ ചില അനുഷ്ഠാനക്രമങ്ങള്‍ ക്വുര്‍ആന്‍ മുഖേന ദുര്‍ബലപ്പെടുത്തി പകരം കൂടുതല്‍ യുക്തമായ അനുഷ്ഠാനക്രമങ്ങള്‍ ക്വുര്‍ആന്‍ നടപ്പാക്കിയതിനെയും, താല്‍ക്കാലിക പരിതഃസ്ഥിതികള്‍ക്കനുസരിച്ച് നിശ്ചയിക്കപ്പെട്ടിരുന്ന ചില നിയമങ്ങള്‍ക്കു പകരം സ്ഥിരവും ശാശ്വതവുമായ മതവിധി സ്ഥാപിക്കുന്നതിനെയും എടുത്തുപൊക്കിക്കൊണ്ട് യഹൂദികള്‍ മുതലായ ഇസ്‌ലാമിന്‍റെ വൈരികള്‍ ക്വുര്‍ആന്‍റെയും നബി (സ.അ) യുടെയും നേരെ തൊടുത്തുവിട്ടിരുന്ന ആക്ഷേപങ്ങള്‍ക്കു മറുപടിയായിട്ടാണ് ആദ്യത്തെ വചനം അവതരിച്ചിട്ടുള്ളത് എന്നു സ്മരണീയമാകുന്നു. 'നസ്ഖി'ന്‍റെ നിര്‍വ്വചനത്തിലും, ക്വുര്‍ആനില്‍ 'നസ്ഖ്' വരുന്ന കാര്യത്തിലും പണ്ഡിതന്മാര്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ ഉദ്ധരിച്ചുകൊണ്ട് ആ ആയത്തിന്‍റെ വ്യാഖ്യാനത്തില്‍ ഇമാം ഇബ്‌നു കഥീര്‍(റ) ഇപ്രകാരം പറയുന്നു: 

അല്ലാഹുവിന്‍റെ 'ഹുക്മു' (മതവിധി)കളില്‍ നസ്ഖ് വരുകയെന്നത് -അതില്‍ യുക്തിസഹമായ തത്വം ഉള്‍ക്കൊള്ളുന്നതുകൊണ്ട്- 'ജാഇസാ'ണെന്ന (വിരോധമില്ലാത്തതാണെന്ന) കാര്യത്തില്‍ മുസ്‌ലിംകള്‍ എല്ലാവരും ഏകാഭിപ്രായക്കാരാകുന്നു. (ക്വുര്‍ആനില്‍) അതു സംഭവിച്ചിട്ടുണ്ടെന്നു പറയുന്നവരുമാണ് അവരെല്ലാവരും. ക്വുര്‍ആന്‍ വ്യാഖ്യാതാവായ അബൂമുസ്‌ലിം ഇസ്വ്ഫഹാനീ(*) പറയുന്നത് ക്വുര്‍ആനില്‍ നസ്ഖില്‍പെട്ട ഒന്നും തന്നെ ഇല്ലെന്നാകുന്നു. അദ്ദേഹത്തിന്‍റെ ഈ വാദം ദുര്‍ബ്ബലവും തള്ളപ്പെട്ടതും ബാലിശവുമാണ്. ക്വുര്‍ആനില്‍ വന്നിട്ടുള്ള നസ്ഖുകള്‍ക്ക് മറുപടി പറയുവാന്‍ അദ്ദേഹം വളരെ പാടുപെടേണ്ടി വന്നിട്ടുണ്ട്. ഭര്‍ത്താവു മരണപ്പെട്ട ഭാര്യ ഒരു കൊല്ലം 'ഇദ്ദഃ' ( العدة ) ആചരിക്കണമെന്നുള്ള (അല്‍ബക്വറഃ : 240ലെ) നിയമം, അവള്‍ നാലു മാസവും പത്തുദിവസവും 'ഇദ്ദഃ' ആചരിക്കുകയെന്ന (അല്‍ബക്വറഃ: 234) നിയമം കൊണ്ട് നസ്ഖ് ചെയ്തിരിക്കുകയാണ്. ഇതിന്നു അദ്ദേഹം സ്വീകാര്യമായ മറുപടി പറഞ്ഞിട്ടില്ല. ബൈത്തുല്‍ മുക്വദ്ദസ് 'ക്വിബ്‌ലഃ'യായിരുന്നതിനു ശേഷം, 'കഅ്ബ'യെ 'ക്വിബ്‌ലഃ'യാക്കിയതും നസ്ഖില്‍പെട്ടതാണ്. ഇതിനും അദ്ദേഹം മറുപടി ഒന്നും പറഞ്ഞിട്ടില്ല. യുദ്ധത്തില്‍ അവിശ്വാസികളായ പത്തുപേരോട് ഒരു മുസ്‌ലിം എന്ന കണക്കില്‍ മുസ്‌ലിംകള്‍ ക്ഷമിച്ചുനില്‍ക്കേണ്ടതുണ്ടെന്ന കല്പന, രണ്ടു പേരോട് ഒരാള്‍ ക്ഷമിച്ചു നിന്നാല്‍ മതിയാകുമെന്ന് (അന്‍ഫാല്‍: 65,66) നിയമിച്ചതും അതില്‍ ഉള്‍പ്പെട്ടതാണ് ( ابن ك ثير ). ഈ ഒടുവില്‍ കാണിച്ച ഉദാഹരണത്തില്‍ ഒന്നാമത്തെ വിധിമാറ്റി അതിന് പകരമായിട്ടാണ് രണ്ടാമത്തെ വിധി ഉണ്ടായിട്ടുള്ളതെന്നു ക്വുര്‍ആന്‍റെ പ്രസ്താവനകൊണ്ടുതന്നെ സ്പഷ്ടമാകുന്നുണ്ട്. الان خفف لله عن كم (ഇപ്പോള്‍, അല്ലാഹു നിങ്ങള്‍ക്ക് ലഘൂകരണം നല്കിയിരിക്കുന്നു) എന്ന മുഖവുരയോടു കൂടിയാണ് രണ്ടാമത്തെ വിധി അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്. ഒരു വിധി മാറ്റി പകരം വേറൊരു വിധി നടപ്പാക്കുമ്പോള്‍, ഏതാണ്ട് ഇതുപോലെയുള്ള വാക്കുകള്‍ ഉപയോഗിച്ചത് ക്വുര്‍ആനില്‍ വേറെയും കാണാം. 

(*) ഒരു വലിയ മുഫസ്സിറാണ് അബൂ മുസ്‌ലിം ഇസ്വ്ഫഹാനീ. പക്ഷേ, അദ്ദേഹത്തിന് സ്വന്തമായുള്ള അഭിപ്രായങ്ങള്‍ പലതും കാണാവുന്നതാണ്. നസ്ഖിന്‍റെ വിഷയത്തില്‍ അദ്ദേഹത്തിന്‍റെ അഭിപ്രായത്തെ അനുകരിച്ചു സംസാരിക്കുന്ന ചില ആളുകളെ കാണാവുന്നതാണ്.

وَإِن تُبْدُوا مَا فِي أَنفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُم بِهِ اللَّهُ
(നിങ്ങള്‍ നിങ്ങളുടെ മനസ്സിലുള്ളത് വെളിവാക്കിയാലും, അത് മറച്ചുവെച്ചാലും അല്ലാഹു അതിനെക്കുറിച്ചു നിങ്ങളെ വിചാരണ നടത്തും (അല്‍ബക്വറഃ: 284) എന്ന വചനം അവതരിച്ചപ്പോള്‍ 'ഞങ്ങള്‍ക്ക് സാധ്യമല്ലാത്ത കാര്യം ഞങ്ങളോട് കല്പിക്കപ്പെട്ടിരിക്കുന്നുവല്ലോ' ( كلفنا من الاعمال مالا نطيق ) എന്ന് സ്വഹാബികള്‍ നബി (സ.അ) യോട് സങ്കടപ്പെട്ടുവെന്നും, തിരുമേനി അവരോട് അതിനെപ്പറ്റി ഗുണദോഷിക്കുകയും അവര്‍ സമാധാനപ്പെടുകയും ഉണ്ടായെന്നും, പിന്നീട് അല്‍ബക്വറഃയിലെ അവസാനത്തെ വചനം അവതരിച്ചു അതിനെ നസ്ഖ് ചെയ്തുവെന്നും അബൂഹുറയ്‌റഃ (റ) വഴി ഇമാം മുസ്‌ലിം രിവായത്തുചെയ്ത ഒരു ഹദീഥില്‍ കാണാം. ഓരോരുത്തനും കഴിവുള്ളതല്ലാതെ, ആരോടും ശാസിക്കപ്പെടുകയില്ലെന്നും, മറന്നുകൊണ്ടോ, അബദ്ധത്തിലോ ചെയ്തുപോകുന്ന കുറ്റങ്ങള്‍ പാപങ്ങളല്ലെന്നും ആ വചനത്തില്‍നിന്നു സ്പഷ്ടമാകുന്നുണ്ട്. അപ്പോള്‍, കഴിവില്‍പെട്ടതും, മറന്നോ അബദ്ധത്തിലോ വന്നുവശായതല്ലാത്തതുമായ കുറ്റങ്ങളിലേ ശിക്ഷയുണ്ടാകുകയുള്ളൂ എന്ന് വ്യക്തമായി. ഇതുപോലെ ത്തന്നെ, ആലുഇംറാന്‍ 102-ല്‍ اتَّقُوا اللَّهَ حَقَّ تُقَاتِهِ (അല്ലാഹുവിനെ സൂക്ഷിക്കേണ്ടുന്ന മുറപ്രകാരം സുക്ഷിക്കുവീന്‍!) എന്ന ആയത്തിന്‍റെ താല്പര്യത്തെ فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ (നിങ്ങള്‍ക്കു സാധ്യമാകും പ്രകാരം അല്ലാഹുവിനെ സൂക്ഷിക്കുവീന്‍) (64:16) എന്ന ആയത്ത്‌കൊണ്ട് നസ്ഖ് ചെയ്തിരിക്കുന്നുവെന്ന് പറയപ്പെടാറുണ്ട്. ആദ്യത്തെ ആയത്തിന്‍റെ ഉദ്ദേശ്യം അതിന്‍റെ ബാഹ്യാര്‍ത്ഥം അനുസരിച്ചല്ല- രണ്ടാമത്തെ ആയത്തില്‍ വ്യക്തമാക്കപ്പെട്ടതനുസരിച്ചാണ്- നിലകൊള്ളുന്നത് എന്നത്രെ ഇതിന്‍റെ സാരം. മുന്‍ഗാമികള്‍ 'നസ്ഖി'ന്നു കല്‍പിച്ചിരുന്ന വിശാലാര്‍ത്ഥത്തിലാണ്- പിന്‍ഗാമികളുടെ സാങ്കേതികാര്‍ത്ഥത്തിലല്ല- ഇത്തരം സ്ഥാനങ്ങളിലെല്ലാം നസ്ഖ് ഉണ്ടെന്ന് പറയുന്നത്. ഭാഷാര്‍ത്ഥത്തിലുള്ള നസ്ഖിന്‍റെ ഇനത്തില്‍പെട്ട 'നാസിഖു-മന്‍സൂഖു'കള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ അവയില്‍ 'നാസിഖാ'ണെന്ന് കരുതപ്പെടുന്ന ആയത്തുകള്‍, അതിലെ 'മന്‍സൂഖെ'ന്ന് കരുതപ്പെടുന്ന ആയത്തുകളുടെ സാക്ഷാല്‍ ഉദ്ദേശ്യം വിവരിച്ചു തരികയാണ് ചെയ്യുന്നതെന്ന് കാണാവുന്നതാണ്. 

ഒരു വിഷയത്തില്‍, സാങ്കേതികാര്‍ത്ഥത്തിലുള്ള നസ്ഖ് ഉണ്ടെന്ന് വെക്കേണമെങ്കില്‍, 'നാസിഖും' 'മന്‍സൂഖു'മായി ഗണിക്കപ്പെടുന്ന ആയത്തുകളുടെ സാരോദ്ദേശ്യങ്ങള്‍ തമ്മില്‍ ഒരുവിധേനയും കൂട്ടിയോജിപ്പിക്കുവാന്‍ സാധ്യമല്ലാതിരിക്കണം. അതോടുകൂടി 'നാസിഖാ'യി ഗണിക്കപ്പെടുന്ന ആയത്ത് മറ്റേ ആയത്ത് അവതരിച്ച തിന് ശേഷം മാത്രം അവതരിച്ചതായിരിക്കുകയും വേണം. ഈ ഉപാധികള്‍ ശരിക്കും തിട്ടപ്പെട്ട നസ്ഖുകള്‍ക്ക് ഉദാഹരണം ക്വുര്‍ആനില്‍ അധികമൊന്നും കാണുകയില്ല. ഇമാം സുയൂത്വീ (റ) അദ്ദേഹത്തിന്‍റെ അല്‍ഇത്ക്വാന്‍(*) എന്ന വിശ്രുത ഗ്രന്ഥത്തില്‍, നസ്ഖിനെപ്പറ്റി വിശദീകരിച്ചുകൊണ്ട് സംസാരിച്ച കൂട്ടത്തില്‍ സാങ്കേതിക അര്‍ത്ഥത്തിലുള്ള മന്‍സൂഖായ ആയത്തുകളുടെ എണ്ണം ഏതാണ്ട് ഇരുപതോളം മാത്രമാണെന്ന് പ്രസ്താവിച്ചിരിക്കുന്നു. 'ആ ഇരുപതില്‍പെട്ട മിക്കതിലും ഈയുള്ളവന് ആലോചിക്കേണ്ടതായുണ്ട്' എന്നൊരു പ്രസ്താവനയോടുകൂടി ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവീ (റ) അദ്ദേഹത്തിന്‍റെ 'ഫൗസുല്‍കബീര്‍' എന്ന ഗ്രന്ഥത്തില്‍ അവ ഓരോന്നും എടുത്തുദ്ധരിക്കുകയും, അഞ്ചെണ്ണത്തിലൊഴിച്ച് ബാക്കിയുള്ളതിലൊന്നും നസ്ഖ് ഉള്ളതായി തീര്‍ത്തു പറയുവാന്‍ നിവൃത്തിയില്ലെന്ന് കാര്യകാരണസഹിതം വിധികല്പിക്കുകയും ചെയ്തിരിക്കുകയാണ്. അബൂമുസ്‌ലിമിന്നെതിരായി ഇബ്‌നു കഥീര്‍ (റ) ഉദ്ധരിച്ച -മേല്‍കണ്ട- മൂന്നു ഉദാഹരണങ്ങളില്‍ ആദ്യത്തേതും, അവസാനത്തേതുമാണ് ദഹ്‌ലവീ എണ്ണിയ അഞ്ചില്‍ രണ്ടെണ്ണം. സുയൂത്വീ (റ) കാണിച്ച ഉദാഹരണങ്ങള്‍ ചര്‍ച്ചനടത്തിക്കൊണ്ട്  സാങ്കേതികാര്‍ത്ഥത്തിലുള്ള മന്‍സൂഖാകുന്നില്ലെന്ന് അദ്ദേഹം വിധി കല്പിച്ച കൂട്ടത്തില്‍, നാം മേല്‍കാണിച്ച രണ്ടു ഉദാഹരണങ്ങളും -അല്‍ബക്വറഃയിലെ 284 ഉം, ആലുഇംറാനിലെ 102 ഉം വചനങ്ങളും- ഉള്‍പ്പെടുന്നു. 

(*) ക്വുര്‍ആന്‍റെയും, ക്വുര്‍ആന്‍ വ്യാഖ്യാനത്തിന്‍റെയും നാനാവശങ്ങളെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് ( السيوطى رح ) ഇമാം സുയൂത്വീ രചിച്ചിട്ടുള്ള മഹാഗ്രന്ഥമാണ് 'അല്‍ ഇത്ക്വാന്‍' ( الاتقان فى علوم القرآن )

ഇത്രയും പറഞ്ഞതിന്‍റെ രത്‌നച്ചുരുക്കം ഇതാണ്: 

1) ക്വുര്‍ആനില്‍, തീരെ നസ്ഖ് ഇല്ലെന്നു പറയുന്നത് ശരിയല്ല. വിശദീകരണത്തിലും, ഉദാഹരണത്തിലും അഭിപ്രായവ്യത്യാസമുണ്ടാകുമെങ്കിലും, ക്വുര്‍ആനില്‍ നസ്ഖ് ഉണ്ടെന്നുള്ളത് തര്‍ക്കമറ്റതാകുന്നു. 

2) 'നസ്ഖ്' എന്ന വാക്ക് മുന്‍ഗാമികള്‍ ഉപയോഗിച്ചിരുന്നത് കുറേ വിശാലമായ അര്‍ത്ഥത്തിലായിരുന്നതുകൊണ്ട് അവരുടെ പ്രസ്താവനകളില്‍, നസ്ഖിന്‍റെ ആയത്തുകള്‍ പലതും ഉള്ളതായിക്കണ്ടേക്കും. വാസ്തവത്തില്‍ അവ ഇന്നറിയപ്പെടുന്ന സാങ്കേതികാര്‍ത്ഥത്തിലുള്ള നസ്ഖുകളില്‍ ഉള്‍പ്പെട്ടവയല്ല. അഥവാ, ഏതെങ്കിലും ഒരു വ്യാഖ്യാനത്തിന്‍റെ ഇനത്തില്‍പ്പെട്ടവയായിരിക്കും. 

3) ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍, പില്‍ക്കാല പണ്ഡിതന്മാര്‍ കല്പിച്ചുവരുന്ന അര്‍ത്ഥത്തിലുള്ള നസ്ഖിന്‍റെ ആയത്തുകള്‍ വളരെ കുറച്ചേയുള്ളൂ. 

4) മേല്‍ സൂചിപ്പിച്ച ഉപാധികള്‍ പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ നസ്ഖിന്‍റെ കാര്യം ആലോചനാ വിഷയമാകുകയുള്ളൂ.  

5) ഉപാധികള്‍ പൂര്‍ത്തിയാക്കുന്നതിലും, വ്യാഖ്യാനം നല്കുന്നതിലും അഭിപ്രായവ്യത്യാസം ഉണ്ടാകാവുന്നത് കൊണ്ട് ഒരു വ്യാഖ്യാതാവ് നാസിഖും, മന്‍സൂഖുമായികരുതുന്ന ആയത്തുകളില്‍ മറ്റൊരു വ്യാഖ്യാതാവ് നസ്ഖിന്‍റെ വാദം ശരിവെച്ചില്ലെന്നു വരാവുന്നത് സ്വാഭാവികമാണ്. 

6) നിലവിലുള്ള ഏതെങ്കിലും ഒരു മതനിയമം നീക്കം ചെയ്ത് പകരം, കൂടുതല്‍ ഉപയുക്തമായ മറ്റൊരു നിയമം തല്‍സ്ഥാനത്തുകൊണ്ടു വരിക എന്നത് ഇസ്‌ലാമിന്‍റെയോ, ക്വുര്‍ആനിന്‍റെയോ പോരായ്കകൊണ്ടോ, അപ്രായോഗികതകൊണ്ടോ ഉണ്ടാകുന്നതല്ല. നേരെമറിച്ച്, അത് അതിന്‍റെ പ്രായോഗികതയും, മനുഷ്യന്‍റെ പൊതുനന്മയില്‍ അതിനുള്ള താല്പര്യവുമാണ് കുറിക്കുന്നത്. കാരണം, മാനുഷിക വളര്‍ച്ച പൂര്‍ത്തിയായിട്ടില്ലാത്ത ഒരു കാലത്തിനനസുരിച്ച്‌കൊണ്ടോ, ഇസ്‌ലാമിന്‍റെ മുഴുവന്‍ വശവും നടപ്പില്‍ വരുന്നതിനുമുമ്പ്- ഇസ്‌ലാമിന്‍റെ ആരംഭത്തില്‍ -നിലവിലുണ്ടായിരുന്ന താല്ക്കാലിക പരിതഃസ്ഥിതികള്‍ പരിഗണിച്ചുകൊണ്ടോ നിയമിതമായിരുന്ന ചുരുക്കം ചില നിയമങ്ങള്‍ മാത്രമാണ് നസ്ഖിന് വിധേയമായിട്ടുള്ളത്. അവയ്ക്ക് പകരം സ്ഥാപിതമായ ശാശ്വത നിയമങ്ങളാകട്ടെ, പ്രായോഗികതയിലോ, അനുഷ്ഠാന സൗകര്യത്തിലോ, അല്ലെങ്കില്‍ അവമൂലം ലഭിക്കാനിരിക്കുന്ന പുണ്യഫലങ്ങളിലോ-ഇവയെല്ലാറ്റിലുമോ- കൂടുതല്‍ ഗുണകരവും മെച്ചപ്പെട്ടവയുമാണു താനും. 

ക്വുര്‍ആന്‍ വചനങ്ങളിലെന്നപോലെ, നബി (സ.അ) യുടെ സുന്നത്തിലും നസ്ഖ് ഉണ്ടായിരിക്കും. ഇതിനെപ്പറ്റി ഇവിടെ പ്രസ്താവിക്കേണ്ടതായിട്ടില്ല. 'ഉസ്വൂലി'ന്‍റെ (കര്‍മശാസ്ത്ര നിദാനത്തിന്‍റെ) ഗ്രന്ഥങ്ങളില്‍ അതിനെപ്പറ്റി സവിസ്തരം പ്രതിപാദി ക്കപ്പെട്ടിട്ടുള്ളതാണ്. ഒരു ക്വുര്‍ആന്‍ വ്യാഖ്യാതാവ് അറിഞ്ഞിരിക്കേണ്ടുന്ന അത്യാവശ്യ വസ്തുതകള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് നാമിവിടെ ചെയ്യുന്നത്. ولله الموفق

Our Location

Mujahid Centre
5th Floor, CD Tower
Calicut-4
Telephone: (0495) 2722801
Email: contact@malayalamqurantafsir.com