പഠനവും പാരായണവും

ക്വുര്‍ആന്‍ പഠിക്കുക, പഠിപ്പിക്കുക, ഗ്രഹിക്കുക, കേള്‍ക്കുക, മനഃപാഠമാക്കുക, പാരായണം ചെയ്യുക എന്നിവയെല്ലാം വലിയ പുണ്യകര്‍മങ്ങളാകുന്നു. ഇതില്‍ മുസ്‌ലിംകള്‍ക്കാര്‍ക്കും സംശയം ഉണ്ടായിരിക്കുകയില്ല. അനുഷ്ഠാനത്തില്‍ മിക്കവരും വീഴ്ച വരുത്തുന്നുണ്ടെങ്കിലും ശരി. ക്വുര്‍ആന്‍ വചനങ്ങളും, നബി വചനങ്ങളും ഇതിന്റെ പ്രാധാന്യത്തെ വളരെ ഊന്നിപ്പറഞ്ഞിട്ടുള്ളതാണ്. ചിലത് ചൂണ്ടിക്കാട്ടുക മാത്രമേ നമുക്ക് ഇവിടെ ചെയ്യേണ്ടതുള്ളൂ.

അല്ലാഹു പറയുന്നു: 'നിശ്ചയമായും അല്ലാഹുവിന്റെ കിതാബ് (വേദഗ്രന്ഥം) പാരായണം ചെയ്യുകയും, നമസ്‌കാരം നിലനിര്‍ത്തുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചിലവഴിക്കുകയും ചെയ്യുന്ന ആളുകള്‍, തീരെ നഷ്ടപ്പെട്ടുപോകാത്ത ഒരു വ്യാപാരത്തെ ആഗ്രഹിക്കുകയാണ് ചെയ്യുന്നത്...' (സു: ഫാത്വിര്‍:29) നമസ്‌കാരം, ദാനധര്‍മം എന്നിവപോലെ സല്‍ക്കര്‍മങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു പ്രധാന കര്‍മമാണ് ക്വുര്‍ആന്‍ പാരായണവും എന്നാണല്ലോ ഈ വചനം കാണിക്കുന്നത്. വീണ്ടും പറയുന്നു: 'അല്ലാഹു ഏറ്റവും നല്ല വൃത്താന്തം അവതരിപ്പിച്ചിരിക്കുന്നു. അതായത്: പരസ്പര സാദൃശ്യമുള്ള ആവര്‍ത്തിത വചനങ്ങളായ ഒരു ഗ്രന്ഥം! തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ തൊലികള്‍ അതു നിമിത്തം വിറകൊള്ളുന്നതാണ്. പിന്നീട് അവരുടെ തൊലികളും, ഹൃദയങ്ങളും അല്ലാഹുവിന്റെ സ്മരണയിലേക്ക് മയമായി വരുകയും ചെയ്യുന്നു.' (സൂ: സുമര്‍:23). 'നിശ്ചയമായും സത്യവിശ്വാസികള്‍ എന്നാല്‍, അല്ലാഹുവിനെക്കുറിച്ചു പ്രസ്താവിക്കപ്പെടുമ്പോള്‍ ഹൃദയങ്ങള്‍ പേടിച്ചു നടുങ്ങുകയും, അവന്റെ ആയത്തുകള്‍ ഓതിക്കേള്‍പ്പിക്കപ്പെടുമ്പോള്‍ അവ തങ്ങള്‍ക്ക് സത്യവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നവര്‍ മാത്രമാകുന്നു. അവര്‍ തങ്ങളുടെ രക്ഷിതാവില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുന്നതാകുന്നു' (അന്‍ഫാല്‍: 2). പ്രഭാതവേളയില്‍ ക്വുര്‍ആന്‍ പാരായണം ചെയ്തു നമസ്‌കരിക്കണം. പ്രഭാതവേളയിലെ ക്വുര്‍ആന്‍ പാരായണം പ്രത്യേകം പ്രധാന്യം അര്‍ഹിക്കുന്നതാണ്. രാത്രി ക്വുര്‍ആന്‍ ഓതി 'തഹജ്ജുദ്' (ഉറക്കില്‍ നിന്ന് എഴുന്നേറ്റു ചെയ്യുന്ന സുന്നത്ത് നമസ്‌കാരം) നടത്തണം എന്നൊക്കെ സൂറത്തു ബനൂ ഇസ്‌റാഈല്‍ 7879ല്‍ അല്ലാഹു പറയുന്നത് കാണാം 

ഇങ്ങിനെ-നമസ്‌ക്കാരത്തിലായാലും അല്ലാതെയും-ക്വുര്‍ആന്‍ പാരായണം ചെയ്‌വാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ക്വുര്‍ആന്‍ വചനങ്ങള്‍ പലതുണ്ട്. നമസ്‌കാരത്തില്‍ ക്വുര്‍ആന്‍ ധാരാളം ഓതണമെങ്കില്‍, അത് മനഃപാഠമായിരിക്കണമെന്ന് പറയേണ്ടതില്ലല്ലോ. പാരായണം ചെയ്യുന്നത് ക്വുര്‍ആന്റെ അര്‍ത്ഥവും സാരവും ഗ്രഹിച്ചുകൊണ്ടും ചിന്തിച്ചുകൊണ്ടും ആയിരിക്കണം. താന്‍ വായകൊണ്ട് പറയുന്നതെന്താണെന്നു അറിയാതെയും, ഓര്‍മിക്കാതെയും ഉരുവിടുന്നതുകൊണ്ട് വിശേഷിച്ചു ഫലമൊന്നും ഉണ്ടാകുവാനില്ല. സാമാന്യമായെങ്കിലും ക്വുര്‍ആന്റെ അര്‍ത്ഥം ഓരോ മുസ്‌ലിമും അറിഞ്ഞിരിക്കേണ്ടതാവശ്യമാണ് . അര്‍ത്ഥം അറിയുകയില്ലെങ്കില്‍ പോലും, ദൈവവാക്യമാണെന്ന ബഹുമാനത്തോടെ അതു പാരായണം ചെയ്യുന്നതും ഒരു നല്ല കാര്യം തന്നെ. പക്ഷേ, അര്‍ത്ഥം ഒട്ടും ഗ്രഹിക്കാതെയും, വായിക്കുന്ന വാക്യങ്ങളില്‍ തീരെ മനസ്സിരുത്താതെയും പാരായണം ചെയ്യുന്നത് മൂലം ക്വുര്‍ആന്റെ അവതരണ ലക്ഷ്യം നിറവേറുന്നില്ല എന്നു വ്യക്തമാണല്ലോ. സൂറത്തു സ്വാദിലെ 29-ാം വചനം കൊണ്ട് തന്നെ ഈ വസ്തുത ശരിക്കും മനസ്സിലാക്കാം. 'ജനങ്ങള്‍ (ക്വുര്‍ആന്റെ) ആയത്തുകള്‍ ഉറ്റാലോചിക്കുവാനും, ബുദ്ധിമാന്മാര്‍ ഓര്‍മവെക്കുവാനും വേണ്ടി'യാണ് അല്ലാഹു ആ അനുഗൃഹീത വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത് എന്ന് അല്ലാഹു അതില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. 'ക്വുര്‍ആനെ ചിന്തിച്ചു പഠിക്കുവാന്‍ നാം സൗകര്യപ്പെടുത്തിയിട്ടുണ്ട്. ആരെങ്കിലും ഉറ്റാലോചിച്ചു നോക്കുവാന്‍ തയ്യാറുണ്ടോ?' എന്ന് സൂറത്തുല്‍ ക്വമറില്‍ അല്ലാഹു പലവട്ടം ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചോദിച്ചിട്ടുള്ളതും ഇവിടെ സ്മരണീയമാകുന്നു.

ക്വുര്‍ആനില്‍ ശ്രദ്ധ പതിക്കാതിരിക്കുകയും, അതേ സമയം പലതരം കഥകള്‍, നോവലുകള്‍ മുതലായവയില്‍ വ്യാപൃതരാവുകയും ചെയ്യുന്ന ആളുകളെപ്പറ്റി അല്ലാഹു പറയുന്നത് കാണുക: 'മനുഷ്യരിലുണ്ട് ചിലര്‍: യാതൊരു അറിവുമില്ലാതെ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നു (ജനങ്ങളെ) വഴിപിഴപ്പിക്കുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദ വാര്‍ത്തകളെ അവര്‍ വാങ്ങുന്നു. അക്കൂട്ടര്‍ക്ക് നിന്ദ്യമായ ശിക്ഷയുണ്ട്.  അങ്ങിനെയുള്ളവന്ന് നമ്മുടെ ആയത്തുകള്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍, അവന്‍ അഹംഭാവം പ്രകടിപ്പിച്ചുകൊണ്ട്-അതു കേട്ടിട്ടില്ലാത്ത ഭാവത്തില്‍ -അവന്റെ രണ്ടു കാതിലും ഒരു ഭാരമുള്ളതുപോലെ- തിരിഞ്ഞു കളയും. (നബിയേ), അവന് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക!'(ലുക്വ്മാന്‍: 6,7). മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: 'നീ ക്വുര്‍ആന്‍ വായിച്ചാല്‍, നിനക്കും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കുമിടയില്‍, ശക്തിമത്തായ ഒരു മറയെ നാം ഏര്‍പ്പെടുത്തുന്നതാണ്. അതു ഗ്രഹിക്കുന്നതിന്ന് (തടസ്സമായി) അവരുടെ ഹൃദയങ്ങളില്‍ ഒരു തരം ഭാരവും നാം ഏര്‍പ്പെടുത്തുന്നതാണ്........' (ബനൂ ഇസ്‌റാഈല്‍:45,46) . അര്‍ത്ഥോദ്ദേശ്യങ്ങള്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കാതെ ഉരുവിടുന്നത് കൊണ്ട് മാത്രം തൃപ്തിയടയുന്നവരും, അര്‍ത്ഥം ഗ്രഹിച്ചു കഴിഞ്ഞാല്‍മതി-പാരായണം ചെയ്തുകൊള്ളണമെന്നില്ല- എന്നു ധരിക്കുന്നവരും മേലുദ്ധരിച്ച ക്വുര്‍ആന്‍ വചനങ്ങളും, താഴെ ഉദ്ധരിക്കുന്ന നബി വചനങ്ങളും ശ്രദ്ധിച്ചിരിക്കേണ്ടതാകുന്നു. പലതരം പുസ്തകങ്ങളും, കലാസാഹിത്യങ്ങളും വായിച്ചുകൊണ്ടിരിക്കുന്ന പതിവുെണ്ടങ്കിലും ക്വുര്‍ആന്‍ പാരായണത്തില്‍ വിമുഖത കാണിച്ചുകൊണ്ടിരിക്കുന്ന വിദ്വാന്മാര്‍, സൂറ: ലുക്വ്മാനിലെ മേലുദ്ധരിച്ച വചനവും പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അല്ലാഹു നമുക്ക് തൗഫീക്വ് നല്‍കട്ടെ! ആമീന്‍.


Our Location

Mujahid Centre
5th Floor, CD Tower
Calicut-4
Telephone: (0495) 2722801
Email: contact@malayalamqurantafsir.com