വായനാ വ്യത്യാസങ്ങള്‍

ക്വുര്‍ആന്‍ വായനക്കാര്‍ അറിഞ്ഞിരിക്കേണ്ടുന്ന മറ്റൊരു കാര്യമാണ് ചില പദങ്ങളിലുള്ള വായനാ വ്യത്യാസങ്ങള്‍. മുന്‍കാലത്ത് ക്വുര്‍ആന്‍ പഠനവും, വായനയും അഭ്യസിച്ചിരുന്നത് ഇന്നത്തെപ്പോലെ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയായിരുന്നില്ല. നബി  (സ.അ)  യില്‍ നിന്നു സ്വഹാബികളും, അവരില്‍ നിന്നു അവരുടെ പിന്‍ഗാമികളുമായി നേരില്‍ കേട്ടു പരിചയിക്കുന്ന പതിവായിരുന്നു മുമ്പുണ്ടായിരുന്നത്. ഇങ്ങിനെ പരിചയിച്ചവരില്‍ ചിലര്‍ ക്വുര്‍ആനില്‍ കൂടുതല്‍ നൈപുണ്യം നേടിയവരായിരുന്നതുകൊണ്ട് അവരുടെ വായനാരീതിയും, ഉച്ചാരണക്രമങ്ങളും പിന്‍ഗാമികള്‍ കൂടുതലായി അനുകരിച്ചുവന്നു. അങ്ങിനെയുള്ള മഹാന്മാരുടെ വായനാ സമ്പ്രദായങ്ങളില്‍ പരസ്പരം ചില വ്യത്യാസങ്ങള്‍ കാണപ്പെട്ടേക്കും. എന്നാല്‍, അവയൊന്നുംതന്നെ, ക്വുര്‍ആന്‍റെ തത്വങ്ങളിലോ, ആശയങ്ങളിലൊ, പ്രതിപാദ്യ വിഷയങ്ങളിലൊ മാറ്റം വരുത്തുന്നവയല്ലതാനും. അഥവാ വ്യാകരണപരമോ, സാഹിത്യപരമോ, ഉച്ചാരണ സംബന്ധമോ ഉള്ള അല്പസ്വല്‍പ വ്യത്യാസങ്ങള്‍ മാത്രമായിരിക്കും. ഇതിന്‍റെ ഏതാണ്ടൊരു സ്വഭാവം മനസ്സിലാക്കുവാന്‍ ചുരുക്കം ചില ഉദാഹരണങ്ങള്‍ കാണിക്കാം: 

സൂറത്തുല്‍ ഫാതിഹഃയില്‍ 3-ാം ആയത്തില്‍ 'മലികി' എന്നും, 'മാലികി' എന്നും വായനയുണ്ട്. (പ്രതിഫല ദിവസത്തിന്‍റെ) 'രാജാവ്' എന്ന് ഒന്നാമത്തെതിനും, (പ്രതിഫലദിവസത്തിന്‍റെ) 'ഉടമസ്ഥന്‍' എന്ന് രണ്ടാമത്തേതിനും അര്‍ത്ഥം വരുന്നു. രണ്ടും തമ്മില്‍ ആശയവിരുദ്ധമില്ലല്ലോ. 

2). സു: സബഅ് 15 ല്‍ 'മസ്‌കനിഹിം' എന്നും 'മസാകിനിഹിം' എന്നും വായിക്കപ്പെട്ടിരിക്കുന്നു. ക്രമപ്രകാരം 'അവരുടെ വാസസ്ഥലം' എന്നും, 'അവരുടെ വാസസ്ഥലങ്ങള്‍' എന്നുമാണര്‍ത്ഥം. ഒന്ന് ഏകവചനവും, മറ്റേത് ബഹുവചനവുമാണ് എന്ന വ്യത്യാസം മാത്രം. അതേ സൂറത്ത് 13 ല്‍ 'കല്‍-ജവാബി' എന്നും 'കല്‍-ജവാബീ' എന്നും വായനയുണ്ട്. ഇതു രണ്ടും എഴുത്തിലും വായനയിലും അല്പ വ്യത്യാസം കാണാമെങ്കിലും അര്‍ത്ഥവും പദവും ഒന്നുതന്നെയാണ്. വീണ്ടും അതേ സൂറത്തില്‍ തന്നെ 19 ല്‍ 'ബഅ്ദ്' ( بعد ) എന്നും, ബാഇദ് ( باعد ) എന്നും വായന കാണാം. അക്ഷര വ്യത്യാസമുണ്ടെങ്കിലും അര്‍ത്ഥ വ്യത്യാസമില്ല.

 3) أإن എന്ന ഇരട്ട അവ്യയം 'അഇന്ന, അയിന്ന, ആയിന്ന' എന്നും മറ്റും വായിക്ക പ്പെട്ടിട്ടുണ്ട്. ഉച്ചാരണത്തില്‍ മാത്രമാണ് ഈ വ്യത്യാസം. ഇങ്ങിനെയുള്ള പ്രധാന വായനാ വ്യത്യാസങ്ങളെപ്പറ്റി നാം അവസരോചിതം ചൂണ്ടിക്കാട്ടുന്നതാണ്. إن شاء لله

അബൂബക്ര്‍, ഉമര്‍, ഇബ്‌നുമസ്ഊദ്, ഉബയ്യ്, സൈദ്, സാലിം, മുആദ്, ഇബ്‌നു അബ്ബാസ്, ഉഥ്മാന്‍, അലി (റ) തുടങ്ങിയ അനേകം പേര്‍ ക്വുര്‍ആനില്‍ പ്രത്യേക നൈപുണ്യം നേടിയ സ്വഹാബീവര്യന്മാരില്‍ ഉള്‍പ്പെട്ടവരാകുന്നു. ഇവരില്‍നിന്ന് കേട്ടും പരിചയിച്ചും വന്ന ശിഷ്യപരമ്പരയില്‍ പെട്ടവരും ഹിജ്‌റഃ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച ക്വുര്‍ആന്‍ വായനക്കാരില്‍ അഗ്രഗണ്യരും ആയിരുന്ന ഏഴു മഹാന്മാരുടെ നാമങ്ങള്‍ക്ക് പില്‍കാലത്തു പ്രത്യേകം പ്രസിദ്ധി ലഭിച്ചു. അബൂഅംറ്, ഇബ്‌നുകഥീര്‍, നാഫിഅ്, ഇബ്‌നു ആമിര്‍, ആസ്വിം, ഹംസഃ, അലി (റ) ഇവരാണ് ആ മഹാന്മാര്‍. ഇവര്‍ 'ഏഴു ഓത്തുകാര്‍' എന്നപേരില്‍ അറിയപ്പെടുന്നു. 

القراء السبعىة : - هم : ابو عمرو بن العلاء البصرى ( ت ۱۵٤ )  وابن كثير المكى ( ت ۱۳۰ )  وتفع بن عبد الرحكمن المدنى ( ت ۱٦۹ )  وابن عامر الشامى  ( ت ۱۱۸ ) وعاصم بن ابى النجود الكوفى ( ت ۱۲۸ )  وحمزة بن حيب الكوفى  ( ت ۱۵٦ ) وعللى بن حمزة الكسائى ( ت ۱۸۹ )

ഇവരുടെ വായനാ രീതികളാണ് പൊതുവില്‍ അംഗീകരിക്കപ്പെട്ടുവരുന്നത്. ഈ ഏഴുപേര്‍ക്കിടയില്‍ ചുരുക്കം ചില സ്ഥലങ്ങളില്‍ കാണപ്പെടുന്ന വായനാവ്യത്യാസങ്ങളെയാണ് നാം ഉദാഹരണസഹിതം മുകളില്‍ സൂചിപ്പിച്ചത്. ഒരേ ഭാഷക്കാര്‍പോലും പല ദേശക്കാരും പല കാലക്കാരും ആകുമ്പോള്‍ ചില വാക്കുകളുടെ പ്രയോഗത്തിലും, ഉച്ചാരണത്തിലും പരസ്പരം വ്യത്യാസം കാണുക സ്വാഭാവികമാണ്. കേരളക്കരയുടെ തെക്കും, വടക്കും മദ്ധ്യത്തിലും താമസിക്കുന്നവര്‍ തമ്മിലുള്ള ശബ്ദ ശൈലി വ്യത്യാസങ്ങള്‍ നമുക്ക് സുപരിചിതമാണല്ലോ. കയ്യെഴുത്തില്‍ പോലും ഈ വ്യത്യാസം കണ്ടേക്കും. അരനൂറ്റാണ്ടിന്നു മുമ്പും പിമ്പുമുള്ളവര്‍ തമ്മിലും സംസാരത്തിലും ലിപിയിലും വ്യത്യാസമുണ്ടായിരിക്കും. ഇങ്ങനെയുള്ള പല സംഗതികളാണ് ക്വുര്‍ആനിലെ മേല്‍ പ്രസ്താവിച്ച വായനാവ്യത്യാസങ്ങള്‍ക്ക് കാരണങ്ങള്‍. എന്നാലും, ആശയവൈരുദ്ധ്യമോ, വിഷയവ്യതിയാനമോ ഉണ്ടാകത്തക്ക യാതൊന്നും അവയില്‍ ഇല്ലതാനും. 

Our Location

Mujahid Centre
5th Floor, CD Tower
Calicut-4
Telephone: (0495) 2722801
Email: contact@malayalamqurantafsir.com