വിശുദ്ധ ഖുർആൻ വിവരണം

(ഓണ്‍ലൈൻ പതിപ്പ്)

മാനവര്‍ക്കുള്ള മാര്‍ഗദര്‍ശനത്തിനായി പടച്ചവന്‍ അവതരിപ്പിച്ച അവസാനത്തെ വേദഗ്രന്ഥമാണ് ഖുര്‍ആന്‍. മുന്‍പ് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളെ അംഗീകരിക്കുകയും അവയിലുണ്ടായിരുന്ന തത്വങ്ങളെ സത്യപ്പെടുത്തുകയും ചെയ്യുന്ന മാര്‍ഗദര്‍ശഗ്രന്ഥം. ധര്‍മാധര്‍മ്മങ്ങളെ കൃത്യമായി വ്യവഛേദിക്കുകയും മൂല്യവത്തായ മനുഷ്യജീവിതം സാധിക്കേണ്ടത് എങ്ങനെയെന്ന് വ്യക്തമായി പഠിപ്പിക്കുകയും ചെയ്തു സത്യാസത്യ വിവേചനത്തിനുള്ള പ്രമാണം. മനുഷ്യരുടെ കരവിരുതുകളില്‍ നിന്ന് പൂര്‍ണ്ണമായും സംരക്ഷിക്കപ്പെട്ടുവെന്ന് സര്‍വ്വശക്തന്‍ തന്നെ ഉറപ്പിച്ചുപറഞ്ഞിട്ടുള്ള അവന്‍റെ വെളിപാട്.

ഒരേസമയം തന്നെ വേദഗ്രന്ഥവും അന്തിമപ്രവാചകന്‍റെ അമാനുഷികദൃഷ്ടാന്തവുമാണ് ഖുര്‍ആന്‍. ഏറ്റവും ഉന്നതവും ഉത്തമവുമായ പാതയിലൂടെ മനുഷ്യരെ വഴി നടത്തുന്നതോടൊപ്പം തന്നെ അതിസുന്ദരവും അനുകരണാതീതവുമായ അറബി സാഹിത്യശൈലിയിലുള്ള അതിലെ പ്രതിവാദനങ്ങള്‍ അതിലെ ഓരോ വചനവും സര്‍വ്വശക്തന്‍റെതാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തുന്നു. ദൈവികമെന്ന് പ്രഖ്യാപിക്കുന്ന ഒരേയൊരു ഗ്രന്ഥം; അവതരിപ്പിക്കപ്പെട്ട വിശുദ്ധിയില്‍ നിലനില്‍ക്കുന്ന ഏക വേദഗ്രന്ഥം; അബദ്ധങ്ങളോ വൈരുധ്യങ്ങളോ ഇല്ലാത്ത ഗ്രന്ഥം; ആധുനിക വിജ്ഞാനീയങ്ങള്‍ ദൈവികതക്ക് സാക്ഷ്യം നില്‍ക്കുന്ന ഗ്രന്ഥം; അത്യുന്നതമായ മാര്‍ഗദര്‍ശനം വഴി മനുഷ്യരിലെ മാനവികതയെ ദീപ്തമാക്കുന്ന അതുല്യഗ്രന്ഥം; ഇഹലോകത്തും മരണാനന്തര ജീവിതത്തിലും ശാന്തിയും സമാധാനവും നേടിയെടുക്കുന്നതിന് വ്യക്തമായ മാര്‍ഗരേഖ നല്‍കുന്ന ഗ്രന്ഥം. ഇങ്ങനെ ഖുര്‍ആനിന്‍റെ സവിശേഷതകള്‍ നിരവധിയാണ്.

അറബിയിലാണ് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത്. അവസാന നാളുവരെയുള്ള മനുഷ്യരോട് സംസാരിക്കാന്‍ സര്‍വ്വശക്തന്‍ തെരഞ്ഞെടുത്ത ഭാഷയാണ് അറബി. ഖുര്‍ആനിന്‍റെ പൂര്‍വ്വമായ ആസ്വാദനത്തിന് അറബി ഭാഷയിലൂടെതന്നെ ഖുര്‍ആന്‍ മനസ്സിലാക്കണം. അപ്പോള്‍ മാത്രമേ ദൈവികവചനങ്ങളുടെ സൗന്ദര്യം ആസ്വദിക്കുവാനും സൂക്ഷ്മമായ അര്‍ത്ഥം മനസ്സിലാക്കുവാനും കഴിയൂ. അറബി ഭാഷ അറിയാത്തവര്‍ക്ക് ഖുര്‍ആനിന്‍റെ ആശയം മന സ്സിലാക്കുന്നതിനുവേണ്ടി രചിക്കപ്പെട്ടതാണ് ഖുര്‍ആന്‍ പരിഭാഷകള്‍. പ്രമുഖ സഹാബിയായിരുന്ന സല്‍മാനുല്‍ ഫാരിസി (റ) സൂറത്തുല്‍ ഫാത്വിഹയുടെ പേര്‍ഷ്യന്‍ പരിഭാഷ നിര്‍വ്വഹിച്ചതായി വ്യക്തമാക്കുന്ന രേഖകള്‍ പ്രവാചകശിഷ്യന്‍മാരുടെ കാലത്തുതന്നെ മറ്റ് ഭാഷകളിലേക്ക് ഖുര്‍ആന്‍ ഭാഷാന്തരം നിര്‍വ്വഹിക്കുന്ന സമ്പ്രദായം ആരംഭിച്ചതായി വ്യക്തമാക്കുന്നുണ്ട്. ക്രിസ്താബ്ദം പത്താം നൂറ്റാണ്ടില്‍ സമാനിയന്‍ രാജാവായിരുന്ന മന്‍സൂര്‍ ഒന്നാമന്‍റെ നിര്‍ദ്ദേശപ്രകാരം ഒരു സംഘം പണ്ഡിതര്‍ നിര്‍വ്വഹിച്ച തഫ്‌സീറുത്വബ്‌രിയുടെ പേര്‍ഷ്യന്‍ വിവര്‍ത്തനമാണ് അംഗീകരിക്കപ്പെട്ട ആദ്യത്തെ സമ്പൂര്‍ണ പരിഭാഷയായി അറിയപ്പെടുന്നത്. കണ്ണൂര്‍ അറയ്ക്കല്‍ രാജവംശത്തിലെ മായിന്‍കുട്ടി എളയ എന്ന്‍ അറിയപ്പെട്ട മുഹയ്ദ്ദീനുബ്ന്‍ അബ്ദുല്‍ ഖാദിര്‍, ഹിജ്‌റ 1294 (ക്രി. 1857)ല്‍ പൂര്‍ത്തിയാക്കിയ തഫ്‌സീര്‍ ജപാലൈനിയെ ആസ്പദമാക്കിയുള്ള 'തര്‍ജമത്തു തഫ്‌സീരില്‍ ഖുര്‍ആന്‍' ആണ് മലയാളത്തിലുള്ള ആദ്യത്തെ ഖുര്‍ആന്‍ ഭാഷാന്തരം. എഴുതി പൂര്‍ത്തിയാക്കി പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം അറബി മലയാളത്തില്‍ ആറ് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച പ്രസ്തുത പരിഭാഷക്കുശേഷം നിരവധി ഖുര്‍ആന്‍ പരിഭാഷകള്‍ മലയാളത്തിലും അറബി മലയാളത്തിലുമായി പുറത്തിറങ്ങിയിട്ടുണ്ട്.

മലയാള ഭാഷയില്‍ പുറത്തിറങ്ങിയ ഏറ്റവും ആധികാരികമായ ഖുര്‍ആന്‍ വ്യാഖ്യാനമേതാണെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരം മാത്രമേയുള്ളൂ. 'മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണം.' കെ.എം മൗലവിയുടെ നേതൃത്വത്തില്‍ 1960 സെപ്റ്റംബര്‍ ഏഴിന് തുടക്കം കുറിക്കുകയും നീണ്ട 17 വര്‍ഷങ്ങളെടുത്ത് അമാനി മൗലവിയാല്‍ 1977 സെപ്റ്റംബര്‍ ഏഴിന് പൂര്‍ത്തിയാക്കുകയും ചെയ്ത ബൃഹത്തായ ഖുര്‍ആന്‍ വിവരണമാണത്. പി.കെ മൂസ മൗലവി, എ.അലവി മൗലവി, മുഹമ്മദ് അമാനി മൗലവി എന്നിവര്‍ ഒരുമിച്ചാണ് വിവരണത്തിന്‍റെ രചന ആരംഭിച്ചതെങ്കിലും അതുപൂര്‍ത്തിയാക്കുവാന്‍ അമാനി മൗലവിയെയാണ് അല്ലാഹു അനുഗ്രഹിച്ചത്. നാല് വാല്യങ്ങളായും എട്ട് വാല്യങ്ങളായും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ഈ വിവരണം പ്രസിദ്ധീകരിക്കുകയും പതിനായിരക്കണക്കിന് കോപ്പികള്‍ വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്.

അമാനി മൗലവിയുടെ വിശുന്‍ ഖുര്‍ആന്‍ വിവരണത്തിന്‍റെ ഓണ്‍ലൈന്‍ പതിപ്പാണിത്. ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് ഖുര്‍ആന്‍ പഠിക്കുവാനും മനസ്സിലാക്കുവാനും അതനുസരിച്ചുള്ള വിശുദ്ധ ജീവിതം നയിക്കുവാനും സഹായകമായി തീരണമെന്ന ലക്ഷ്യത്തോടെയാണ് ഈ ഓണ്‍ലൈന്‍ പതിപ്പ് പുറത്തിറക്കുന്നത്. ഏറ്റവും ആധുനികമായ ഇന്‍റെര്‍നെറ്റ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമായ സംവിധാനങ്ങളെയെല്ലാം ഉപയോഗപ്പെടുത്തി ഖുര്‍ആന്‍ പഠനം എളുപ്പമാക്കുന്നതിന് പരമാവധി പരിശ്രമിച്ചിട്ടുണ്ട്, ഈ ഓണ്‍ലൈന്‍ പതിപ്പില്‍. ഇതിനുവേണ്ടി പണിയെടുത്തവരും പണം തന്നു സഹായിച്ചവരുമെല്ലാം അല്ലാഹുവിന്‍റെ തൃപ്തി മാത്രമാണ് ആഗ്രഹിച്ചിരിക്കുന്നത്. നാഥാ... നീ അവര്‍ക്കെല്ലാം മതിയായ പ്രതിഫലം നല്‍കുകയും നാളെ ഞങ്ങളെയെല്ലാം സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യേണമേ (ആമീന്‍)

കുറ്റമറ്റതാകാന്‍ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. എങ്കിലും തെറ്റുകളും അബദ്ധങ്ങളും ഉണ്ടാകാം. അവ ചൂണ്ടിക്കാണിച്ചുതന്നാല്‍ ഉടനെ തന്നെ തിരുത്താന്‍ കഴിയും. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വഴി ഈ സംരഭത്തെ കൂടുതല്‍ പ്രയോജനപ്രദമാക്കുവാന്‍ ഇത് ഉപയോഗിക്കുന്നവര്‍ക്കെല്ലാം കഴിയും. അത് നിര്‍വ്വഹിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹുവേ, നീ ഇത് പ്രതിഫലാര്‍ഹമായ പ്രവര്‍ത്തനമായി സ്വീകരിക്കേണമേ (ആമീന്‍).

ജനറല്‍ സെക്രട്ടറി,
കേരള നദ്‌വത്തുല്‍ മുജാഹിദീന്‍

Photos on quran

View All

Our Location

not Found